|    Nov 20 Tue, 2018 3:13 am
FLASH NEWS
Home   >  Editpage  >  Editorial  >  

രോഗപ്രതിരോധം : കൂടുതല്‍ ജാഗ്രത വേണം

Published : 5th June 2017 | Posted By: fsq

 

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികളുടെ ഭീഷണിയില്‍ അമര്‍ന്നിരിക്കുകയാണ് കേരളം. ഒട്ടുമിക്ക ജില്ലകളിലും ഡെങ്കിപ്പനി പടര്‍ന്നുകഴിഞ്ഞു. എച്ച്1 എന്‍1, എലിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും പടരുകയാണ്. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളുടെ റിപോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു. പ്രശംസനീയമായ ആരോഗ്യ മാതൃക പിന്തുടരുന്ന സംസ്ഥാനമാണ് കേരളം. രോഗപ്രതിരോധ സംവിധാനങ്ങളും കുറവല്ല. സര്‍ക്കാര്‍ മേഖലയില്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ നീണ്ട ചികില്‍സാ ശൃംഖല നമുക്കുണ്ട്്. എന്നിട്ടും പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ നമ്മുടെ ശ്രമങ്ങള്‍ വേണ്ടത്ര ഫലം കാണാത്തത് എന്തുകൊണ്ടാണ്? ചൈനീസ് റിപബ്ലിക്കിന്റെ രൂപീകരണത്തിനു ശേഷം 15 വര്‍ഷം പിന്നിട്ടപ്പോള്‍ ചൈനാ സന്ദര്‍ശനവേളയില്‍ പത്രപ്രവര്‍ത്തകനായ എഡ്ഗാര്‍ സ്‌നോ, ഭരണത്തലവനായ മാവോ സെ തുങിനോട് ചോദിച്ചു: ‘താങ്കളുടെ അഭിപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് ചൈന ഇതഃപര്യന്തം കൈവരിച്ച പ്രധാന നേട്ടമെന്താണ്?’ നിമിഷാര്‍ധത്തിന്റെ മൗനത്തിനു ശേഷം മാവോ പ്രതിവചിച്ചത്, ‘ഈച്ചകളെ നിര്‍മാര്‍ജനം ചെയ്തു’ എന്നാണ്. കേള്‍ക്കുമ്പോള്‍ ഒരു ഫലിതോക്തിയായി തോന്നുമെങ്കിലും ചിരിച്ചുതള്ളേണ്ട ഒരു വിഷയമല്ല ഇത്. ‘മാലിന്യം അസ്ഥാനത്തുള്ള സമ്പത്താണെ’ന്നായിരുന്നു മാവോയുടെ കാഴ്ചപ്പാട്. മാലിന്യ സംസ്‌കരണത്തിലൂടെ അതിനെ സമ്പത്താക്കി മാറ്റിയാണ് ചൈന അന്നു സമ്പൂര്‍ണ ശുചിത്വം സാധിച്ചത്. കൊതുകാണ് നമ്മുടെ നാട്ടിലെ വില്ലന്‍. കൊതുകു നശീകരണത്തില്‍ നാം വന്‍ പരാജയവുമാണ്.ആരോഗ്യ പരിപാലനത്തെക്കുറിച്ചും ശുചിത്വബോധത്തെക്കുറിച്ചും അഹങ്കരിക്കുന്ന നാം, പക്ഷേ അക്കാര്യത്തില്‍ എത്രയോ പിന്നിലാണെന്ന് ചുറ്റുപാടുകളിലേക്കു കണ്ണോടിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. നാടും നഗരവും പാതയോരങ്ങളും മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജലാശയങ്ങളുടെ സ്ഥിതിയും ഭിന്നമല്ല. പ്രകൃതി നശീകരണവും ടൂറിസവും വ്യവസായ മാലിന്യവും എല്ലാം ചേര്‍ന്നു നമ്മുടെ പുഴകളെ മാത്രമല്ല, ഉള്‍നാടന്‍ ജലാശയങ്ങളെ വരെ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. മുറ തെറ്റാതെ പരിസ്ഥിതി ദിനാചരണവുമായി ഓരോ ജൂണ്‍ 5 കടന്നുപോവുമ്പോഴും നാം തന്നെയാണ് നമ്മുടെ പരിസ്ഥിതിക്കു നാശമേല്‍പിക്കുന്നതെന്ന ചിന്ത പോലും നമ്മെ അലോസരപ്പെടുത്തുന്നില്ല. രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതില്‍ പ്രധാന പ്രതി നമ്മള്‍ തന്നെയാണ്. മഴക്കാലപൂര്‍വ ശുചീകരണം ഫലപ്രദമായി നടത്തുന്നതില്‍ നാം പരാജയപ്പെടുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ഓടകള്‍ വൃത്തിയാക്കാനോ മലിനജല നിര്‍ഗമന സംവിധാനങ്ങള്‍ ശാസ്ത്രീയമാക്കാനോ നാം ശ്രദ്ധിക്കുന്നില്ല. ഇതൊക്കെത്തന്നെയാണ് പകര്‍ച്ചവ്യാധികളുടെ ഉറവിടവും. രോഗപ്രതിരോധം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെങ്കിലും മുഖ്യ ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും സഹായം തേടിയും കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്ക് സാംക്രമിക രോഗങ്ങളുടെ ഭീഷണി ചെറുക്കാനാവൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss