|    Jan 18 Wed, 2017 7:36 pm
FLASH NEWS

രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാന്‍ പുതുവഴികള്‍ തേടി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം

Published : 23rd November 2015 | Posted By: SMR

കോഴിക്കോട്: അസുഖം ഭേദമായ ശേഷവും വര്‍ഷങ്ങളായി രോഗികള്‍ക്കൊപ്പം കഴിയാന്‍ വിധിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പുതുവഴികള്‍ തേടുകയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ നടന്നുവരുന്ന ‘ഡിസ്ചാര്‍ജ് അദാലത്തുകളിലൂടെ സ്വന്തം കുടുംബങ്ങളിലേക്ക് എത്തിക്കാനായത് 35 പേരെ.
ആശുപത്രി വിടാന്‍ പാകത്തില്‍ അസുഖം ഭേദമായ 120ലേറെ പേരാണ് പല കാരണങ്ങളാല്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോവാനാവാതെ കഴിയുന്നത്. ഇതില്‍ അമ്പതിലേറെ പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പകുതിയിലേറെ പേര്‍ സ്ത്രീകളും. പലരുടെയും നാടോ വീടോ ഏതെന്നറിയില്ല. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ഉത്തരേന്ത്യന്‍ സ്വദേശികള്‍ പലര്‍ക്കും എന്താണു പറയാനുള്ളതെന്നു പോലും മനസ്സിലാക്കാന്‍ വഴിയില്ല. ഉറ്റവരെയും ഉടയവരെയും ഒരിക്കല്‍ കൂടി കാണാനാവുന്ന ദിവസം സ്വപ്‌നംകണ്ട് ഇരുപതു വര്‍ഷത്തിലേറെയായി കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍. കുടുംബങ്ങള്‍ തിരികെ കൊണ്ടുപോവാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ഇവിടെതന്നെ കഴിഞ്ഞുകൂടേണ്ടി വരുന്ന മലയാളികളുമുണ്ട്.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും ആത്മാര്‍ഥ സഹകരണത്തോടെയാണ് ഡിസ്ചാര്‍ജ് അദാലത്തുകളെന്ന പുതിയ ആശയം പ്രാവര്‍ത്തികമാക്കിയത്. ഓരോ വാര്‍ഡിലെയും രോഗം ഭേദമായവരെ ഒരുമിച്ചുകൂട്ടി അവര്‍ക്കൊപ്പം സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഒന്നിച്ചിരുന്നു ഓരോരുത്തരെയും കുടുംബത്തോടൊപ്പം പുനരധിവസിപ്പിക്കാനുള്ള വഴികളാലോചിക്കുന്നതാണ് പരിപാടി. ബന്ധുക്കളെ വിളിച്ചുവരുത്തിയും ചെന്നുകണ്ടും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയും ഏറെ പേരെ തിരിച്ചയക്കാനായി. ചിലരെ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കൂടുതല്‍ ഏജന്‍സികളുടെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തു—ന്നതി—നുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായി സൂപ്രണ്ട് ഡോ. എന്‍ രാജേന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന അദാലത്തില്‍ സിജെഎം ബിജുമേനോന്‍, സബ്ജഡ്ജ് ആര്‍ എല്‍ ബൈജു, സിറ്റി പോലിസ് കമ്മീഷണര്‍ പി എ വല്‍സന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി ജോസഫ് റിബെല്ലോ തുടങ്ങിയവര്‍ പങ്കെടുത്തു. ബന്ധുക്കളെ കണ്ടെത്തുന്നതിന് പോലിസിന്റെ സഹായം ലഭ്യമാക്കുകയും വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ സാധ്യമാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടിയാലോചനയില്‍ തീരുമാനമായിട്ടുണ്ട്.
474 രോഗികളെ താമസിപ്പിക്കാവുന്ന കേന്ദ്രത്തില്‍ നിലവില്‍ അറുനൂറോളം പേരാണുള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവരില്‍ രോഗം ഭേദമായ 120ലേറെ പേരെ പുനരധിവസിപ്പാക്കാനായാല്‍ തന്നെ ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ പരിചരണവും സൗകര്യങ്ങളുമൊരുക്കാന്‍ സാധിക്കും. സന്നദ്ധരായി വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക