|    Apr 21 Sat, 2018 10:02 am
FLASH NEWS
Home   >  Life   >  

രേഖയിലില്ലാത്തവര്‍

Published : 17th March 2017 | Posted By: shins

reka-1-ori

ഷിനില മാത്തോട്ടത്തില്‍
ഞങ്ങള്‍ക്കിവിടെ വെള്ളമില്ല, വെളിച്ചമില്ല, റേഷന്‍ കാര്‍ഡില്ല, തിരിച്ചറിയല്‍ കാര്‍ഡുമില്ല- പറയുന്നത് ശശികലയാണ്. കോഴിക്കോട് പൊറ്റമ്മല്‍- തൊണ്ടയാട് ബൈപാസിനടുത്തുള്ള കേലാട്ടുകുന്നു കോളനിയിലെ മുഴുവന്‍ ആളുകളുടെയും വേദനയുണ്ട് ശശികലയുടെ വാക്കുകളില്‍. ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ അടിസ്ഥാനരേഖകളോ ഇല്ലാതെ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കുന്നില്‍ കഴിയുന്നത് 23 കുടുംബങ്ങളാണ്. കുട്ടികള്‍ മുതല്‍ വാര്‍ധക്യത്തിലെത്തി കിടപ്പിലായവര്‍ വരെ ഇക്കൂട്ടരിലുണ്ട്. ഇവരുടെ താമസസ്ഥലത്തെ വീട് എന്നൊന്നും പറയാനാവില്ല, ഫഌക്‌സ് കൊണ്ടും മരപ്പലക കൊണ്ടും മറച്ച ചെറിയ ചെറിയ കുടിലുകള്‍. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ പൊതുമരാമത്തിന്റെ മൂന്നര ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിലാണ് കോളനി സ്ഥിതിചെയ്യുന്നത്. കോളനിക്കു ചുറ്റും ഇപ്പോള്‍ കാടുമൂടിയിരിക്കുകയാണ്.
നേരത്തേ 42 കുടുംബങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇഎംഎസ് ഭവനപദ്ധതി വഴിയും സര്‍ക്കാര്‍ ധനസഹായമുപയോഗിച്ചും  കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കിയും ഇവിടെ നിന്ന് കുറച്ചു കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് രക്ഷപ്പെട്ടു. ഇനി അവശേഷിക്കുന്നത് 23 കുടുംബങ്ങള്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയാണ് ഇത്രയും കുടുംബങ്ങള്‍ ഇവിടം വിട്ടുപോയത്. അടിസ്ഥാനരേഖകളുടെ അഭാവവും ദാരിദ്ര്യവും ബാക്കിയുള്ളവര്‍ക്കു വിനയായി. ശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കോളനിയിലെ ഓരോരുത്തരും ആവലാതിപ്പെടുന്നു.
മറ്റൊരിടത്ത് സ്ഥലമൊപ്പിച്ചു മാറിത്താമസിക്കാനുള്ള ശ്രമത്തില്‍ ഇടനിലക്കാരാല്‍ പറ്റിക്കപ്പെടുന്നവരുമുണ്ട് ഈ കോളനിയില്‍. സ്ഥലം കാണിക്കാന്‍ കൊണ്ടുപോവുമ്പോള്‍ വെള്ളമുണ്ട്, ടാങ്കുണ്ട് എന്നൊക്കെ പറയും. നല്ല സൗകര്യമുണ്ടെന്നു തെറ്റിദ്ധരിപ്പിക്കും- ശശികല പറയുന്നു. വീടുവയ്ക്കാനൊരുങ്ങുമ്പോഴാണ് യഥാര്‍ഥ സ്ഥിതി പുറത്തുവരുക. കുടിവെള്ളംപോലും കിട്ടാനുണ്ടാവില്ല. അങ്ങനെ വീടുനിര്‍മാണം പാതിവഴിയിലായി കോളനിയില്‍ തന്നെ താമസിക്കുന്നവരുണ്ട്. കോളനിയില്‍ ഫഌക്‌സുകൊണ്ടു പൊതിഞ്ഞുകെട്ടി വീഴാറായ ഒറ്റമുറി വീട്ടിലാണ് ശശികലയും മകനും താമസിക്കുന്നത്. ശശികലയുടെ മാത്രമല്ല, കോളനിയിലെ 23 വീട്ടുകാരും താമസിക്കുന്നത് ഇങ്ങനെത്തന്നെ.
പഞ്ചായത്തില്‍ നിന്നു സ്ഥലം വാങ്ങി വീടുവച്ചവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥലം കാണിക്കാന്‍ കൊണ്ടുപോവുമ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങളൊക്കെ വെറും പൊള്ളയായിരുന്നെന്ന് വൈകിയാണ് മനസ്സിലാവുക. എങ്കിലും സ്വന്തം മണ്ണാണല്ലോ എന്ന ആശ്വാസത്തില്‍ കഷ്ടപ്പെട്ട് അവിടെത്തന്നെ ജീവിതം തള്ളിനീക്കും.

reka-2
ഇവര്‍ ഇവിടെ എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്. കൊട്ട നെയ്യുന്നവരായിരുന്നു ഇവരുടെ മുന്‍തലമുറയില്‍ പെട്ടവര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട്ടു നിന്ന് കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ കവറ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പിന്നീട് റോഡരികില്‍ കുടില്‍കെട്ടി പാര്‍ത്തു. ഇപ്പോള്‍ തൊണ്ടയാട് ബൈപാസ് നില്‍ക്കുന്ന സ്ഥലത്തായിരുന്നു ഇവരുടെ കച്ചവടവും ജീവിതവും. അന്ന് എട്ടു കുടുംബങ്ങളാണ്       ഉണ്ടായിരുന്നത്. പിന്നീട് മാവൂര്‍ റോഡ് വീതി കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചതോടെ എല്ലാവരേയും സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചു. അന്നത്തെ എംഎല്‍എ ആയിരുന്ന സുജനപാലാണ് കേലാട്ടുകുന്നിലെ ഒഴിഞ്ഞുകിടക്കുന്ന പുറമ്പോക്കിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവരെ മാറ്റിത്താമസിപ്പിച്ചത്. സുരക്ഷിതമായ സ്ഥലത്തേക്ക് പിന്നീട് മാറ്റുമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. 21 വര്‍ഷത്തിനിടെ ആ എട്ടു കുടുംബങ്ങള്‍ മക്കളും അവരുടെ മക്കളുമായി 42 കുടുംബങ്ങളായി. പിന്നീട് അതില്‍ നിന്ന് കുറേ കുടുംബങ്ങള്‍ കൊഴിഞ്ഞുപോയാണ് ഇത്രയും കുടുംബങ്ങള്‍ ബാക്കിയായത്.
കേലാട്ടുകുന്നില്‍ കൊട്ടനെയ്യുന്നവരായി ഇപ്പോള്‍ രണ്ടു വീട്ടുകാര്‍ മാത്രമാണുള്ളത്. അപ്പുക്കുട്ടനും ഭാര്യ കാളിയും ഇവരുടെ മകനും കുടുംബവും. ഉണ്ടാക്കുന്ന കൊട്ടകള്‍ കോഴിക്കോട് കൊണ്ടുപോയി വിറ്റ് ഇവര്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നു. ബാക്കിയുള്ളവര്‍ വീട്ടുവേലയ്ക്കും കുടുംബശ്രീയുടെ പണിക്കും പോവും. പുരുഷന്മാര്‍ മിക്കവരും കൂലിപ്പണിക്കാരാണ്. ഹൃദയത്തില്‍ ബ്ലോക്ക് വന്നതിനാല്‍ മൂന്നു തവണ ശസ്ത്രക്രിയക്കു വിധേയനായ മണികൃഷ്ണനും കൂലിപ്പണിക്കു പോവുന്നുണ്ട്. ജോലിക്കുപോവാതെ വീട്ടിലിരുന്നാല്‍ വീടു പട്ടിണിയാവില്ലേ, എന്നാണ് ന്യായം. ഇപ്പോള്‍ മരുന്നിന്റെ ബലത്തില്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു. മണികൃഷ്ണന്‍ ഒരദ്ഭുതമൊന്നുമല്ല, ഇങ്ങനെ രോഗം മറന്ന് ജോലിക്കു പോവുന്നവരാണ് കേലാട്ടുകുന്ന് കോളനിയിലെ പലരും.
ഇവിടെ ആവശ്യത്തിനു വെള്ളമില്ല, എന്നാല്‍ മഴക്കാലത്താവട്ടെ നനയാതെ ഉറങ്ങാനുമാവില്ല-പരാതി വീട്ടുജോലിക്കു പോവുന്ന അജിത, ജാനകി, ദേവി, പത്മിനി എന്നിവരുടേതാണ്. വിശന്നു പൊരിയുന്ന കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഈ അമ്മമാര്‍ അവരുടെ പിതാക്കന്മാര്‍ക്കൊപ്പം നന്നായി അധ്വാനിക്കുന്നു. എന്നിട്ടും ബാക്കിയാവുന്നത്  പട്ടിണിയും പരിവട്ടവും. തൊഴില്‍ ചെയ്യാനാവാതെ മാനസിക ബുദ്ധിമുട്ട് നേരിടുന്നവരും കോളനിയിലുണ്ട്. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം

കേലാട്ടുകുന്ന് കോളനിയില്‍ ഞങ്ങള്‍ക്കു സ്വന്തമായ വിലാസമില്ല. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പഴയ വിലാസം പറഞ്ഞു കൊടുക്കും. പഠിക്കാന്‍ മിടുക്കരാണെങ്കിലും അവര്‍ക്കു വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കാന്‍ ഞങ്ങളെക്കൊണ്ടാവുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് അവര്‍ പഠിക്കുന്നത്- കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള സങ്കടങ്ങളാണ് കൂലിപ്പണിക്കാരനായ ബേബിയുടെ മനസ്സുനിറയെ. കേലാട്ടുകുന്നിലേക്കു മറ്റിടങ്ങളില്‍ നിന്നു വിവാഹം ചെയ്തും കുടിയേറിപ്പാര്‍ത്തും എത്തിയവരുടെ മുന്‍കാല രേഖകള്‍ വച്ചാണത്രേ ഇപ്പോഴവര്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത്. ചേവായൂര്‍, പറയഞ്ചേരി, ബിഇഎം, മെഡിക്കല്‍ കോളജ് കാംപസ് എന്നീ സ്‌കൂളുകളിലാണ് പലരും പഠിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മുറവിളി

വെള്ളവും വൈദ്യുതി കണക്ഷനും വാങ്ങിത്തരാന്‍ ഞങ്ങള്‍ കാലുപിടിക്കാത്തവരായി ഇനി ആരുമില്ല. വിവരങ്ങള്‍ അന്വേഷിച്ചുവരുന്ന ഓരോരുത്തരോടും അപേക്ഷിക്കുന്നത് ഇതൊക്കെത്തന്നെയാണ്- മണികൃഷ്ണന്റെ വാക്കുകളില്‍ പരിഭവവും പിണക്കവും. അദ്ദേഹം പറയുന്നത് ശരിയാണ്. 200 മീറ്റര്‍ അകലെയാണ് ഒരു കിണറുള്ളത്. അതും കുന്നിന്‍ചെരുവില്‍. അവിടെനിന്ന് വെള്ളം തലച്ചുമടായി വേണം ഇവിടെ എത്തിക്കാന്‍. വേനല്‍ക്കാലത്ത് ഈ കിണറും വറ്റും. അതോടെ കുടിവെള്ളം മുട്ടും. ഏതെങ്കിലും കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പൊതുടാപ്പെങ്കിലും ഇവിടെ വച്ചു കൊടുക്കാന്‍ അധികൃതര്‍ക്കാവില്ലേയെന്നാണ് സ്ത്രീകള്‍ ചോദിക്കുന്നത്. കാരണം വെള്ളം ശേഖരിക്കുന്നത്  സ്ത്രീകളുടെയും കുട്ടികളുടെയും ചുമതലയാണല്ലോ. ശൗചാലയങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്‌നം. മഴക്കാലമാവുമ്പോള്‍ കഷ്ടപ്പാടും ദുരിതവും ഇരട്ടിയാവും. അവിടെയും സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം.

reka-4

20 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നു. ഇതുവരെ വീട്ടുനമ്പര്‍ പോലും കിട്ടിയിട്ടില്ല. പലതവണ പത്രങ്ങളിലും ചാനലുകളിലും ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും വാര്‍ത്തയായി വന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. പത്രവാര്‍ത്ത വന്നാല്‍ കുറച്ചുനാള്‍ ഒച്ചപ്പാടുണ്ടാവും. ഏതെങ്കിലും പാര്‍ട്ടിക്കാര് വന്നുപോവും. കുറച്ചു കഴിഞ്ഞാല്‍ അവരതു മറക്കും. സ്ഥലം എംഎല്‍എ അടുത്തുതന്നെയാണു താമസം. പക്ഷേ, അതുകൊണ്ടൊന്നും വലിയ വിശേഷമില്ല- മണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
നിയമപരമായ സമരങ്ങളും ധര്‍ണയും പിക്കറ്റിങും തുടങ്ങി തങ്ങള്‍ നടത്താത്ത ഒരു സമരമുറകളുമില്ലെന്ന് പറയുമ്പോഴും ഇവരുടെ കണ്ണുകളില്‍ പ്രതീക്ഷ ബാക്കിയുണ്ട്. അവസാനമായി റേഷന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് വിളിച്ചപ്പോള്‍ അവിടെയും ആവലാതിയുമായി പോയി. കലക്ടറും കോര്‍പറേഷനും പറയുന്നത് മറ്റെവിടെയെങ്കിലും സ്ഥലം ലഭിച്ചതിനു ശേഷം മാത്രം ഇവിടെ നിന്നു മാറിക്കൊടുത്താല്‍ മതിയെന്നാണ്.
പുറമ്പോക്കില്‍ കിടക്കുന്ന ഈ സ്ഥലം പിഡബ്ല്യുഡിക്ക് മറ്റാവശ്യങ്ങള്‍ക്കു വേണ്ടെങ്കില്‍ ഇതുതന്നെ പതിച്ചുനല്‍കാനാവുമോയെന്നു നോക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. ഏതു സ്ഥലമായാലും വെള്ളവും വെളിച്ചവുമുള്ള ഒരിടത്ത് സ്വന്തമായി കുറച്ചു ഭൂമി വേണമെന്നേ ഇപ്പോള്‍ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ.

നിയമപ്രശ്‌നങ്ങളുടെ
വിഷമവൃത്തം

പുറമ്പോക്കില്‍ താമസിക്കുന്നതിനാലും സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാലും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ അധികൃതര്‍ തയ്യാറല്ല. ദാരിദ്ര്യം തെളിയിക്കാന്‍ റേഷന്‍കാര്‍ഡു പോലുമില്ലാത്ത അവസ്ഥ. സര്‍ക്കാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിക്കുന്നില്ല. ഓരോ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളെ സമീപിക്കുമ്പോള്‍ അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ പറയും. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെയാണ് അത് ചോദിക്കുന്നത്.
സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു നല്‍കുന്നുണ്ട്. ഇതുപ്രകാരം സ്ഥലത്തിനു അപേക്ഷ നല്‍കിയ ശശികലയ്ക്കുണ്ടായ അനുഭവം ഇങ്ങനെ: സ്വന്തമായി സ്ഥലമില്ലെന്നതിന് രേഖകള്‍ ഹാജരാക്കാന്‍ ആദ്യം പട്ടികജാതി വികസനവകുപ്പ് ആവശ്യപ്പെട്ടു. അമ്മയ്ക്കും ഭര്‍ത്താവിനും അച്ഛനും സ്ഥലമില്ലെന്നതിന്റെ രേഖകള്‍ ഹാജരാക്കണമെന്നായി പിന്നീട്. ചേവായൂര്‍, കുന്ദമംഗലം, നെല്ലിക്കോട് വില്ലേജ് ഓഫിസുകള്‍ മുഴുവന്‍ നടന്ന് ഈ രേഖകളെല്ലാം ഒപ്പിച്ചു. അപ്പോള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്, വര്‍ഷങ്ങള്‍ക്കു മുമ്പ് ശശികലയുടെ അമ്മ വിറ്റ വീടിന് ഇപ്പോള്‍ നികുതിയടയ്ക്കുന്ന ആളുടെ പക്കല്‍ നിന്നു നികുതി രശീതി വാങ്ങാനാണ്. ആ രശീതി നല്‍കാന്‍ ഇപ്പോള്‍ അവിടെ താമസിക്കുന്നയാള്‍ തയ്യാറാവുമോയെന്ന് ശശികല ചോദിക്കുന്നു. 25 കൊല്ലം മുമ്പ് വിറ്റ സ്ഥലമാണിത്. അങ്ങനെ ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം നിയമപ്രശ്‌നങ്ങളുടെ ഒരു വിഷമവൃത്തമാണ് കേലാട്ടുകുന്ന് കോളനി.
എല്ലായിടത്തുമെന്നതുപോലെ ഇവിടെയും വാര്‍ധക്യമെത്തിയവരുണ്ട്. അടിസ്ഥാനരേഖകളാണ് ഇവിടെയും വില്ലന്‍. മാനസികാസ്വാസ്ഥ്യവും ശാരീരികാസ്വാസ്ഥ്യവും നേരിടുന്ന ഹൈമാവതി അമ്മ ഒറ്റയ്ക്ക് ഒരു ഒറ്റമുറി വീട്ടിലാണ് താമസം. സര്‍ക്കാര്‍ പ്രായമെത്തിയവര്‍ക്ക് നല്‍കിപ്പോരുന്ന ഒരു ആശ്വാസപദ്ധതിയിലും ഇവരുടെ പേരില്ല. കോളനിക്കാരുടെയും സമീപമുള്ള ഒരു ഉദാരമനസ്‌കന്റെയും കാരുണ്യം കൊണ്ടുമാത്രം ജീവിച്ചുപോവുന്നു.

കോളനിക്കു സമീപം ഒരു വലിയ ഗര്‍ത്തമുണ്ട്. മാലിന്യത്തിന്റെ കൂമ്പാരമാണിവിടെ. ഒറ്റനോട്ടത്തില്‍ മാലിന്യമെല്ലാം കോളനിവാസികള്‍ കൊണ്ടിട്ടതാണെന്നേ തോന്നൂ. എന്നാല്‍, സമീപവാസികളെല്ലാം മാലിന്യങ്ങള്‍ തട്ടുന്നത് ഇവിടെയാണ്. അഴുക്കുചാലിന്റെ പൈപ്പ് വച്ചിരിക്കുന്നതും ഇവിടേക്കു തന്നെ.
കല്യാണപ്പരിപാടികള്‍ കഴിഞ്ഞുള്ള മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നു തട്ടുന്നവര്‍ കുറവല്ല. പുറമ്പോക്കല്ലേ, അതുകൊണ്ട് എതിര്‍ക്കാന്‍ കോളനിവാസികള്‍ക്ക് അവകാശമില്ല. കോളനിയിലേക്കുള്ള വഴിയും ഇപ്പോള്‍ അടച്ചിരിക്കുകയാണ്. അടുത്തുള്ള സ്വകാര്യവ്യക്തിയാണ് ഇതിനു പിന്നില്‍. സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സ്വകാര്യവ്യക്തി ഇതൊന്നും ചെയ്തില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ എന്നാണ് അവരുടെ മട്ട്.

reka-5
നിഷേധിക്കപ്പെടുന്ന പൗരത്വം

രാജ്യത്തെ ഏതൊരു പൗരന്റെയും പരമാധികാരമായ വോട്ടവകാശവും കേലാട്ടുകുന്ന് നിവാസികള്‍ക്കില്ല. തിരിച്ചറിയല്‍ കാര്‍ഡോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാനും വകുപ്പില്ലല്ലോ. ഇക്കാര്യം വാര്‍ത്തയായപ്പോള്‍ കോളനിക്കാര്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ടു. വോട്ട് നിഷേധിക്കുന്നത് അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടത്തിനെതിരേ കേസെടുക്കുകയും ചെയ്തു. അതും പക്ഷേ, ഉത്തരവിലൊതുങ്ങി.
പത്രത്തില്‍ വരുന്നതിലൂടെ പ്രശ്‌നപരിഹാരമുണ്ടാവുന്ന വാര്‍ത്തകള്‍ ഇവര്‍ ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ കാര്യം മാത്രമെന്തേ ഇങ്ങനെ എന്നാണ് ഇവരുടെ ആവലാതി. ഇപ്പോള്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്ന പത്രക്കാരോടു പോലും ദേഷ്യമാണിവര്‍ക്ക്. അല്ലെങ്കില്‍ അനുഭവങ്ങള്‍ അവരെ അങ്ങനെ മാറ്റിത്തീര്‍ത്തിരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss