|    Jul 17 Tue, 2018 11:30 am
FLASH NEWS

രൂപേഷിനെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് അണിയിക്കുന്നതില്‍ തടസമില്ല: കോടതി

Published : 26th September 2017 | Posted By: fsq

 

കൊല്ലം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ കൈവിലങ്ങ് അണിയിക്കുന്നതില്‍ തടസമില്ലെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൈവിലങ്ങുകള്‍ അണിയിക്കരുതെന്ന് രൂപേഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. രൂപേഷ് സ്വന്തമായാണ് കോടതിയില്‍ വാദിച്ചത്. കൊല്ലം ഭരണിക്കാവില്‍ നിന്ന് വ്യാജമായി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച കേസില്‍ രൂപേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കൊല്ലം കോടതിയില്‍ വിചാരണ നടക്കുമ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. മനുഷ്യാവകാശങ്ങള്‍ പരിഗണിച്ച് വേണമെങ്കില്‍ കൈവിലങ്ങുകള്‍ ഒഴിവാക്കാമെന്ന സുപ്രീം കോടതി നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് വിലങ് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 40 ലേറെ കേസുകളില്‍ പ്രതിയായ രൂപേഷ് അവസരം ലഭിച്ചാല്‍ രക്ഷപ്പെടുമെന്നും കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നത് വനമേഖലകളിലൂടെയാണെന്നുമുള്ള എതിര്‍ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് വിലങ്ങ് അണിയിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss