|    Nov 20 Mon, 2017 1:15 pm

രൂപീകരണം മുതല്‍ ഇടതാധിപത്യം

Published : 11th August 2017 | Posted By: fsq

 

മട്ടന്നൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെല്ലാം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാവും മട്ടന്നൂര്‍ ജനത. രാഷ്ട്രീയ പോരിന്റെ ആത്യന്തിക ഫലമായിരുന്നു അത്. പഞ്ചായത്തില്‍ നിന്നു നഗരസഭയിലേക്കുള്ള രൂപീകരണത്തിനെതിരേ ഇടതുവലതു മുന്നണികള്‍ രംഗത്തെത്തിയതോടെയാണ് ഇത്തരമൊരു പ്രതിഭാസമുണ്ടായത്. ഇതുകാരണം നിലവില്‍വന്നതു മുതല്‍ മട്ടന്നൂര്‍ നഗരസഭയില്‍ മറ്റു നഗരസഭകളോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാറില്ല. രൂപീകരണം മുതല്‍ ഇടതുപക്ഷത്തിനൊപ്പമാണു മട്ടന്നൂരിന്റെ മനസ്സ്. ഇവിടുത്തെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാവുന്നത്് സംസ്ഥാനത്തെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളുടേതിനു ശേഷമാണ്. ജില്ലയില്‍ എല്‍ഡിഎഫിന് ആധിപത്യമുള്ള നഗരസഭകളില്‍ ഒന്നാണ് മട്ടന്നൂര്‍. 1990ല്‍ കേരളത്തിലെ ഏതാനും പഞ്ചായത്തുകളെ നഗരസഭയായി ഉയര്‍ത്തിയപ്പോള്‍ മട്ടന്നൂരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 1991ല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിനെ പഞ്ചായത്താക്കി തരംതാഴ്ത്തി. ഇതിനെതിരേ എല്‍ഡിഎഫ് പ്രക്ഷോഭം നടത്തുകയും സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. 1997ല്‍ ഇ കെ നായനാര്‍ മന്ത്രിസഭ മട്ടന്നൂരിന്റെ നഗരസഭാ പദവി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കി. തുടര്‍ന്ന് 1997ല്‍ ആഗസ്തില്‍ പ്രഥമ തിരഞ്ഞെടുപ്പ് നടന്നു. അന്നുണ്ടായിരുന്ന 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 22ഉം യുഡിഎഫ് ആറു സീറ്റും നേടി. സിപിഎം നേതാവ് കെ ടി ചന്ദ്രനായിരുന്നു പ്രഥമ ചെയര്‍മാന്‍. 2002ല്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 7 സീറ്റുകള്‍ നേടി. 2007ല്‍ 31 വാര്‍ഡുകളായപ്പോള്‍ എല്‍ഡിഎഫിന് 25 ഉം യുഡിഎഫ് 6 ഉം ലഭിച്ചു. തുടര്‍ന്നു അഞ്ചുവര്‍ഷം സിപിഎമ്മിലെ സീനാ ഇസ്മായിലായിരുന്നു നഗരസഭാ അധ്യക്ഷ. 2012ലെ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകളുടെ എണ്ണം 34 ആയി വര്‍ധിച്ചു. എല്‍ഡിഎഫ് 20, യുഡിഎഫ് 13, സിഎംപി (ഇടത്) 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. മന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരനാണ് നിലവിലെ ചെയര്‍മാന്‍. ഇന്നലെ വരെയാണ് ഭരണസമിതിയുടെ കാലാവധി. ഇത്തവണ ഒരു വാര്‍ഡ് വര്‍ധിച്ച് 35ആയി. 18 സീറ്റ് വനിതാ സംവരണവും ഒന്ന് പട്ടികജാതി  സംവരണവും. നഗരസഭാ അധ്യക്ഷസ്ഥാനവും ഇക്കുറി വനിതാ സംവരണമാണ്. ഈ വിജയം സംസ്ഥാന സര്‍ക്കാരിന്റെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നഗരസഭാ ഭരണ നേട്ടത്തിന്റെയും ആകെ തുകയാണെന്ന് സിപിഎം നേതാക്കള്‍ പ്രസ്താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക