|    Dec 16 Sat, 2017 8:18 pm
FLASH NEWS

രൂപയില്ല; പൗണ്ട് നല്‍കി വിദേശികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര

Published : 16th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ലണ്ടനില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍  സ്വന്തം രാജ്യത്തെ പണം നല്‍കി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര നടത്തി. ഇന്നലെ രാവിലെ 10. 45നു കുമളി ഡിപ്പോയിലെത്തിയതാണ് സഞ്ചാരികള്‍. പണം മാറ്റിയെടുക്കാനാവാതെ ബുദ്ധിമുട്ടിയ വിദേശികള്‍ക്ക് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യാത്രാ സൗകര്യമൊരുക്കുകയായിരുന്നു. വിദേശ നാണയമായ പൗണ്ട് സ്വീകരിച്ചാണ് കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ നിസ്സാം പി അബ്ബാസ് സഹായിച്ചത്. എടിഎം കൗണ്ടറിനു മുന്നില്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് ലണ്ടന്‍ സ്വദേശിയായ സ്റ്റുവര്‍ട്ടും സുഹൃത്തും കുമളി സ്റ്റാന്റിലെ  കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ എത്തിയത്. കോട്ടയത്തേക്ക് പോകേണ്ടതാണെന്നും ടിക്കറ്റ് ചാര്‍ജ് എത്രയാണെന്ന് ചോദിക്കുകയും ചെയ്തു. ഇന്ത്യന്‍ കറന്‍സിയായി ഇവരുടെ പക്കലുള്ളത് 140 രൂപ മാത്രം. ക്രെഡിറ്റ് കാര്‍ഡുകളും പൗണ്ടും കൈവശമുണ്ട്. എന്നാല്‍ ടിക്കറ്റ് ചാര്‍ജായി നല്‍കേണ്ടത് 174 രൂപയാണ്. നാല്‍പ്പത് രൂപയ്ക്ക് സമാനമായ പൗണ്ടിന്റെ നാണയത്തുട്ടുകള്‍ കാണിച്ച് നിസ്സഹായത സഞ്ചാരികള്‍ വിവരിച്ചു. തുടര്‍ന്നാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ റഷീദ് പി എം, കണ്ടക്ടര്‍ നിസ്സാം എന്നിവര്‍ ഇവര്‍ക്ക്  യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കിയത്. പൗണ്ട് വേണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞെങ്കിലും വിദേശികള്‍  നിര്‍ബന്ധിച്ച് പൗണ്ട് ഏല്‍പ്പിക്കുകയായിരുന്നു.അടിയന്തര ഘട്ടത്തില്‍ സഹായമേകിയ കെഎസ്ആര്‍ടിസി ജീവനക്കാരെ നന്ദി അറിയിച്ചാണ് സഞ്ചാരികള്‍ കോട്ടയത്തേക്കുള്ള ബസ് പിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss