|    Oct 20 Fri, 2017 3:43 am
Home   >  Editpage  >  Middlepiece  >  

രുദ്രാക്ഷ് എന്ന നടനും ഒരു ഉദയാ സിനിമയും

Published : 19th September 2016 | Posted By: G.A.G

paulo”എടോ, ഇവനെ നമുക്കൊരു നടനാക്കിയാലെന്താ?” പേരക്കുട്ടിയുടെ ശിരസ്സില്‍ തലോടി നടന്‍കൂടിയായ മുത്തച്ഛന്‍ ചോദിക്കുന്നു. ചില കുസൃതികളിലൂടെ ഞാന്‍ അവനെ പരീക്ഷിക്കുന്നു. യാതൊരു കൂസലുമില്ലാതെ കൈയിലുള്ള കടലപ്പൊതി അവന്‍ ജാഗരൂകം കൊറിക്കുന്നു. എന്നെ ഞെട്ടിക്കുന്നു. കോഴിക്കോട് ടൗണ്‍ഹാളില്‍, ടാഗോര്‍ ഹാളില്‍ അഞ്ചുവര്‍ഷം മുമ്പ്, അല്ലെങ്കില്‍ ആറോ അതിനടുത്ത വര്‍ഷങ്ങളില്‍ പലദിനം ഈയൊരു രംഗം അരങ്ങേറിയിട്ടുണ്ട്.
മുത്തച്ഛന്‍ അന്തരിച്ച ടി സുധാകരന്‍. പേരക്കുട്ടി സുധാകരന്റെ മകനും ചലച്ചിത്ര നടനുമായ സുധീഷിന്റെ പുത്രന്‍ രുദ്രാക്ഷ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ അഞ്ചാംതരം വിദ്യാര്‍ഥി. ഇതുമാത്രമല്ല ഖേദപൂര്‍വം എനിക്കോര്‍ക്കാനുള്ളത്. സുധാകരേട്ടന്‍ 30 കൊല്ലത്തെ നീണ്ട ബന്ധത്തിനിടയില്‍ ഒരിക്കലും അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. മകന്‍ സുധീഷിനെ എഴുത്തിലെവിടെയെങ്കിലും പരാമര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ഒരിക്കല്‍ മാത്രം സുധീഷിനെക്കുറിച്ച് സ്വകാര്യ അഹങ്കാരത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ വീട്’ നോവലിന് ഞാന്‍ നല്‍കിയ റേഡിയോ രൂപത്തില്‍ vettum-thiruthum-newസുധാകരന്‍ ശബ്ദം നല്‍കിയിരുന്നു. ഒരു യുവനടന്റെ ഹുങ്കും പൊരുത്തപ്പെടാത്ത ചില ശബ്ദസംസ്‌കാരങ്ങളും കണ്ട് സുധാകരേട്ടന്‍ തെല്ലൊന്നിടഞ്ഞു. ഞാനും മറ്റൊരു നടന്‍ വാസു പ്രദീപും ആശ്വസിപ്പിക്കവേ സുധാകരേട്ടന്‍ അതേ സ്വകാര്യ അഹങ്കാരം തെല്ലും വിടാതെ പറഞ്ഞു: ”സുധീഷ് ഇതിലും ഭംഗിയായിട്ട് ശബ്ദം നല്‍കി ആ ഭാഗം ഗംഭീരമാക്കും.” ആകാശവാണി എഗ്രിമെന്റനുസരിച്ച് ഒരു നടനെ പെട്ടെന്ന് മാറ്റാനൊന്നും സാധിക്കാത്തതിനാല്‍ ഞങ്ങള്‍ മറ്റേ അഹങ്കാരിയെ അഡ്ജസ്റ്റ് ചെയ്തു.
”ഹനീഫേ, ഇവന്‍ സിനിമയില്‍ വരും. നീ ഇവനെപ്പറ്റി നല്ലൊരു കുറിപ്പെഴുതണം.” രുദ്രാക്ഷ് എന്നായിരുന്നോ അവന്റെ പേര്? എനിക്കോര്‍മയില്ല.
സുധാകരേട്ടന്‍ യാദൃച്ഛികമായി, യാത്രചോദിക്കാന്‍ നില്‍ക്കാതെ വിടപറഞ്ഞു. രുദ്രാക്ഷിന്റെ വേദന എനിക്കൂഹിക്കാന്‍ കഴിയും. മുത്തച്ഛനില്ലാതെ ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല. ആ വിരല്‍ത്തുമ്പ്, മുത്തച്ഛന്റേത് പിടിച്ചേ നടക്കാറുള്ളൂ അവന്‍ എന്നും.
കാലം എല്ലാ ദുഃഖങ്ങള്‍ക്കും അവധി നല്‍കും. സുധീഷിന്റെ മകന്‍ രുദ്രാക്ഷ് സിനിമാനടനായി. മലയാള ചലച്ചിത്രവേദിയുടെ തറവാട്ടില്‍നിന്നു വരുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന മികച്ച ഒരു എന്റര്‍ടെയ്‌നറില്‍. രുദ്രാക്ഷ് ‘അയ്യപ്പ കൊയ്‌ലോ’ ആവുന്നു. മലയാളത്തില്‍ ഒരു നല്ല നടന്റെ ജനനം ഞാനീ കൊച്ചുകുട്ടിയില്‍ കാണുന്നു. സെലിബ്രിറ്റികള്‍ സ്വന്തം മക്കളെ കെട്ടിയെഴുന്നള്ളിച്ച് ചാനലുകളില്‍ ‘അയ്യപ്പതിന്തകതോം’ കളിക്കുമ്പോള്‍ സുധീഷ് അതിനൊന്നും മെനക്കെടുന്നില്ല. സുധാകരേട്ടന്‍ അതൊക്കെ മകനെ പഠിപ്പിച്ചിട്ടുണ്ട്.  ഒരു സംവിധായകനോട് ചാന്‍സ് ചോദിച്ചതിന് സുധീഷിനെ ശകാരിച്ചത് എനിക്കറിയാം.
രുദ്രാക്ഷ്, വിമാനം കയറാന്‍ മോഹിച്ചു നടക്കുന്ന കൊച്ചുകുട്ടിയായി ശരിക്കും അയ്യപ്പ കൊയ്‌ലോയില്‍ പെരുമാറി. ‘ബിഹേവിങ്’ എന്നതാണല്ലോ അഭിനയത്തിന്റെ പൊരുള്‍. ലോകധര്‍മി എന്നും നാട്യധര്‍മി എന്നും അഭിനയത്തെ തരംതിരിക്കുമ്പോള്‍, ഇതു രണ്ടിനും ഭരതനിര്‍വചനങ്ങള്‍ക്കനുസരിച്ച് കണ്ണും പെരുവിരലും നാസികാഗ്രവും കീഴ്ച്ചുണ്ടും മുതുകെല്ലും ഉപയോഗിക്കുക. ഒരു സൂചിത്തുമ്പ് പൂവിതളിലൂടെ കടക്കാനുപയോഗിക്കുന്ന നിമിഷമെന്നാല്‍ ത്രുടി. ഈ ത്രുടിക്കുള്ളില്‍ ഭാവം വികസിപ്പിച്ചുള്ള ‘ബിഹേവിങ്’ ജന്‍മസിദ്ധിയുള്ളവര്‍ക്കേ സാധ്യമാവൂ. ഈ കൊച്ചുകുട്ടിയില്‍ ഞാനാ അസുലഭസിദ്ധി കാണുന്നു. അവന്‍ പ്രകടിപ്പിക്കുന്ന നിസ്സാരതകള്‍, ‘ഞാന്‍ നടനേ അല്ല’ എന്ന ഗ്രോട്ടോവ്‌സ്‌കിയന്‍ മതമനുസരിച്ചുള്ള ‘ഹോളി ആക്ടിങ്’ (വിശുദ്ധരിലേ ഈ ഒരു അഭിനയരീതി ഗ്രോട്ടോവ്‌സ്‌കി ആരോപിക്കുന്നുള്ളൂ).
ഇത്രയൊക്കെ ഒരു കൊച്ചുകുട്ടിയുടെ പ്രഥമ സിനിമാപ്രകടനത്തെ ഇഴകീറാനുണ്ടോ? ഉണ്ട്. രുദ്രാക്ഷില്‍ ഒരു മികച്ച നടനെ മലയാള സിനിമ, ഇന്ത്യന്‍ സിനിമ കാണുന്നു. ഇറാനിയന്‍ സംവിധായകന്‍ മജീദിയുടെയും മഖ്ബലിന്റെയും മറ്റും നിര്‍ദേശങ്ങള്‍ക്കു കീഴില്‍ വരാന്‍ ഭാഗ്യമുണ്ടായാല്‍ ഈ കുട്ടി വിശ്വസിനിമാവേദിയില്‍ തന്നെ മികച്ച അംഗീകാരങ്ങള്‍ കരസ്ഥമാക്കിയേക്കാം. യാദൃച്ഛികമെന്നു പറയട്ടെ, രുദ്രാക്ഷിന്റെ പിതാവ് സുധീഷ്, അടൂര്‍ ഗോപാലകൃഷ്ണ കളരി തൊട്ട് തനി കമേഴ്‌സ്യല്‍ സംവിധായകരുടെ കളരിയില്‍ വരെ ‘കളി’ച്ചയാളാണ്. ഗൗരവപൂര്‍വം സിനിമയെ അടുത്തറിയുകയും ചെയ്തിട്ടുണ്ട്.
രുദ്രാക്ഷും സിനിമാത്തറവാട്ടിലെ പൂവന്‍കോഴി ആരവത്തിനു പിറകെയാണ് കാമറയ്ക്കു മുന്നില്‍ കാലുകുത്തുന്നത്. ഫാസിലിനും സിദ്ദീഖിനുമൊക്കെ കളരിയായിരുന്ന ഉദയയുടെ  ചൊരിമണലില്‍ കാലുകുത്തി തുടങ്ങുന്നവര്‍ കൈയിലിരിപ്പ് നന്നെങ്കില്‍ ചക്രവാളസീമകളോളം ഉയരങ്ങളിലെത്തും.
”മനസ്സില്‍ ഒരാഗ്രഹം തോന്നിയാല്‍ അത് സത്യസന്ധമാണെങ്കില്‍ സാധിച്ചുനല്‍കാന്‍ വിശ്വം മുഴുവന്‍ തുണയ്ക്കും.” ആല്‍കെമിസ്റ്റിലെ പൗലോ കൊയ്‌ലോ വാചകം രുദ്രാക്ഷിന്റെ വിഷയത്തില്‍ പൊന്നാവട്ടെ എന്നാശംസിച്ച് സുധാകരേട്ടനോട് വിനീതമായി ഉണര്‍ത്തട്ടെ:
”സ്വസ്ഥം ഉറങ്ങിക്കൊള്‍ക. രുദ്രാക്ഷ് വിജയങ്ങള്‍ തുടങ്ങിയിരിക്കുന്നു. ആ വിരല്‍ത്തുമ്പില്‍ തൂങ്ങിത്തന്നെയാണിന്നും അവന്‍…”

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക