|    Jul 23 Sun, 2017 2:25 am
FLASH NEWS

രുചിയുടെ വിസ്മയമൊരുക്കി പൈനാപ്പിള്‍-ആപ്പിള്‍ ഫെസ്റ്റ്

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: മലയാളി നാവുകളില്‍ മാധുര്യവിസ്മയം തുളുമ്പി പൈനാപ്പിള്‍-ആപ്പിള്‍ ഫെസ്റ്റിന് തലസ്ഥാനത്ത് തുടക്കം. പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ വിവിധ കാ ര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ കനകക്കുന്നിലാണ് ഫെസ്റ്റ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ വിഭാഗങ്ങളിലുള്ള പൈനാപ്പിളുകളാണ് മേളയില്‍ അണിനിരന്നിരിക്കുന്നത്.
നാവില്‍ രുചിയുണര്‍ത്തുന്ന പൈനാപ്പിള്‍ വിഭവങ്ങളുമായി ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. പൈനാപ്പിള്‍ അച്ചാര്‍ മുതല്‍ പൈനാപ്പിള്‍ പ്രഥമന്‍ വരെയുള്ള കറികളും കൂട്ടുകളും ഒരുക്കി പൈനാപ്പിള്‍ സദ്യമേളയും ഇവിടെ ആവശ്യക്കാരെ കാത്തിരിക്കുന്നു. പൈനാപ്പിള്‍ ജാം, സ്‌ക്വാഷ്, സര്‍ബത്ത് തുടങ്ങി പൈനാപ്പിള്‍ അട വരെ വിവിധങ്ങളായ വിഭവങ്ങള്‍ ഇതോടൊപ്പമുണ്ട്.
കാഴ്ചയുടെ കൗതുകമൊരുക്കി പൈനാപ്പിളില്‍ തീര്‍ത്ത കൂറ്റന്‍ ടവറും പ്രദര്‍ശന നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്തമായ വാഴക്കുളം പൈനാപ്പിള്‍ കൊണ്ടാണ് ഇതുനിര്‍മിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 15ഓളം വ്യത്യസ്തയിനം ആപ്പിളുകളും തൈകളും മേളയിലെത്തും. പൈനാപ്പിളിന്റെയും പഴങ്ങളുടേയും ഔഷധമേന്മയും ആരോഗ്യപരിപാലനത്തില്‍ അവയ്ക്കുള്ള പ്രാധാന്യവും വിശദീകരിച്ച് നടത്തുന്ന സെമിനാറുകള്‍, ക്ലാസ്സുകള്‍ എന്നിവയില്‍ വിദഗ്ധര്‍ പങ്കെടുക്കും.
പ്രകൃതിജീവനകലയില്‍ പ്രശസ്തനായ ഡോ.ഗംഗാധരന്റെ നേതൃത്വത്തില്‍ ഉപദേശ നിര്‍ദേശങ്ങളും മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. ഇതോടൊപ്പം അന്താരാഷ്ട്ര അക്വാഷോയും ഇവിടെ അരങ്ങേറുന്നുണ്ട്. മേളയുടെ ഭാഗമായി 27ന് വൈകീട്ട് പൈനാപ്പിള്‍ തീറ്റമല്‍സരം സംഘടിപ്പിക്കുന്നുണ്ട്.
നൂറു കിലോ പൈനാപ്പിളാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്. ഇന്നും നാളെയും രജിസ്റ്റര്‍ ചെയ്യാം. നമ്പര്‍ 9388885422. സപ്തംബര്‍ നാലുവരെ നടക്കുന്ന മേളയുടെ പ്രദര്‍ശനസമയം രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക