രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കുമ്പോള്‍
Published : 9th November 2016 | Posted By: SMR
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന് മറുവഴിയില്ല. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പോലും ശരിക്കും പഠിച്ചിട്ടില്ലാത്ത രാഹുലിനും വേറെയൊരു നേതാവേയില്ല എന്ന അവസ്ഥയ്ക്കുമിടയില്പെട്ട് ഉഴലുന്ന കോണ്‍ഗ്രസ്സിന് കിട്ടിയ പിടിവള്ളിയാണ് പാര്‍ട്ടി ആവശ്യപ്പെടുന്ന ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന പ്രസ്താവന വഴി രാഹുല്‍ നല്കിയ സമ്മതം. ഹാവൂ, സമാധാനമായി എന്നു പറഞ്ഞ് ആശ്വസിക്കുകയാവാം രാജ്യത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും.
എന്നാല്‍, പാര്‍ട്ടിക്കു മുമ്പാകെയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എത്രത്തോളം കെല്‍പ്പുണ്ട് രാഹുല്‍ ഗാന്ധിക്ക് എന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വാസ്തവത്തില്‍, പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ള നേതാക്കന്മാരാരും ഇന്നു കോണ്‍ഗ്രസ്സിലില്ല. നെഹ്റു കുടുംബാംഗമെന്ന പ്രതിച്ഛായ മാത്രമാണ് രാഹുലില്‍ അവശേഷിക്കുന്ന ഘടകം. ഈ ഘടകം മാത്രം വച്ച് ദേശീയരാഷ്ട്രീയത്തിന്റെ സ്വഭാവരൂപങ്ങള്‍ മുച്ചൂടും മാറിക്കഴിയുകയും തീവ്ര ഹിന്ദുത്വം ഏറക്കുറേ രംഗം കൈയടക്കിവാഴുകയും ചെയ്യുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ രാഹുലിനെപ്പോലെ പരിമിതവിഭവനായ ഒരാള്‍ക്ക് എങ്ങനെയാണ് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുക? രാഹുല്‍ വെല്ലുവിളികള്‍ ഏറ്റെടുത്തു എന്നു വരാം. കോണ്‍ഗ്രസ്സിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ കഴിയുമോ എന്നതിരിക്കട്ടെ, എതിരാളികളുടെ വെല്ലുവിളികളെ നേരിടാനാവുമോ എന്നതുപോലും പ്രശ്നമായിരിക്കും.
രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ പോവുന്ന കോണ്‍ഗ്രസ് ഇന്നൊരു കടലാസുപുലി മാത്രമാണ്. ദേശീയതലത്തില്‍ പാര്‍ട്ടി ഏറക്കുറേ തകര്‍ച്ചയുടെ വക്കത്താണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമേ പാര്‍ട്ടിക്ക് അല്പമെങ്കിലും സ്വാധീനമുള്ളൂ. അതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഹിന്ദി മേഖലകളായ ബിഹാര്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം കൈയടക്കി. ഛത്തീസ്ഗഡില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഉത്തരാഖണ്ഡില്‍ വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒമ്പത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ്സിനെ കൈയൊഴിഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഇല്ലതന്നെ. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആശാസ്യമായ അവസ്ഥയിലല്ല പാര്‍ട്ടി. തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളോട് പിടിച്ചുനില്ക്കാന് ശേഷിയില്ല. കേരളത്തില്‍ ഗ്രൂപ്പ് കളിച്ചു നശിക്കുകയാണ് കോണ്‍ഗ്രസുകാര്‍. കര്‍ണാടകയില്‍ പാര്‍ട്ടി പിടിച്ചുനില്‍ക്കുന്നതാവട്ടെ, മുന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് സിദ്ധരാമയ്യയുടെ പ്രായോഗിക സമീപനങ്ങളുടെ ബലത്തില്‍ മാത്രമാണ്. ഈ അവസ്ഥയില്‍ രാഹുലിനെപ്പോലൊരു രാഷ്ട്രീയത്തിലെ ‘ഇള്ളക്കുട്ടിക്ക്’ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു പാര്‍ട്ടിയെ എങ്ങനെ നയിക്കാനാവും?
പക്ഷേ, കോണ്‍ഗ്രസ്സുകാരെ പഴിക്കാനാവില്ല. അവര്‍ മറ്റെന്തു ചെയ്യും? അതുകൊണ്ടു തന്നെ അവര്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ക്കു കാത്തിരിക്കുന്നുണ്ടാവും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.