|    Nov 15 Thu, 2018 5:52 pm
FLASH NEWS

രാഹുലിന്റേത് ജീവിതത്തോടു പൊരുതി നേടിയ വിജയം

Published : 3rd April 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: കേരളം ആറാം തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി മാറി പിലിക്കോടുകാരന്‍ രാഹുല്‍. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് കാല്‍പന്തുകളിയിലെ താരോദയമായ രാഹുല്‍. ഫുട്‌ബോളിനെ നെഞ്ചേറ്റിയ കോതോളിയിലെ എ ഭാസ്‌കരനാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത്. പിലിക്കോട് ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വിഷന്‍ ഇന്ത്യാ പ്രൊജക്ടില്‍ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പരിശീലനം. കായികാധ്യാപകനായിരുന്ന പരേതനായ ഉദിനൂരിലെ ടി വി കൃഷ്ണന്റെ ഉപദേശവും പ്രോല്‍സാഹനും ഹൈസ്‌കൂള്‍ പഠനം ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറിയിലാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അണ്ടര്‍-13 വിഭാഗത്തില്‍ ജില്ലാടീമിലെത്തിയ രാഹൂല്‍ പിന്നീട് സംസ്ഥാന ടീമിലെത്തി. ഹയര്‍സെക്കന്‍ഡറി പഠനം മലപ്പുറം എംഎസ്പി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലായിരുന്നു. കോട്ടയം ബെസേലിയസ് കോളജില്‍ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണിപ്പോള്‍ രാഹുല്‍. സുബ്രതോ കപ്പിന് വേണ്ടി ബ്രസീലുമായി മല്‍സരിച്ചു. ഡല്‍ഹിയില്‍ നടന്ന മല്‍സരത്തില്‍ സഡന്‍ഡത്തിലൂടെ ഇന്ത്യ റണ്ണേഴ്‌സ് ആവുകയായിരുന്നു. അണ്ടര്‍-19 വിഭാഗത്തില്‍ സ്വീഡലില്‍ നടന്ന മല്‍സരത്തില്‍ ഡല്ലിഡയനോമീസിന് വേണ്ടി രാഹുല്‍ ജേഴ്‌സിയണിഞ്ഞു. സന്തോഷ് ട്രോഫി ഇത്തവണ കേരളത്തിന് സ്വന്തമാക്കാമെന്ന പ്രതീക്ഷ തുടക്കത്തില്‍ തന്നെ രാഹുലിനുണ്ടായിരുന്നു. അതിന് പാകത്തില്‍ ഒത്തിണങ്ങിയ ടീമാണ് കളിക്കളത്തിലിറിങ്ങിയത്. ക്യാപ്റ്റന്‍ രാഹുല്‍ വി രാജിലും വൈസ് ക്യാപ്റ്റന്‍ എസ് സീസണ്‍, പരിശീലകന്‍ സതീവന്‍ ബാലന്‍, ബിജേഷ് ബെന്‍ എന്നിവരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചായിരുന്നു
രാഹുലിന്റെ മുന്നേറ്റം. ലക്കിസ്റ്റാര്‍ പാറ മൈതാനിയില്‍ സംഘടിപ്പിച്ച ക്യാംപില്‍ ഉദിനൂര്‍ കെ വി ഗോപാലനില്‍ നിന്നും ലഭിച്ച പരിശീലനം, ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപകന്‍ പി പി അശോകന്‍, വിഷന്‍ ഇന്ത്യാ പരിശീലകരായ പവിത്രന്‍, ശ്രീകാന്ത്, ഐഎഫ്എ പരിശീലകന്‍ ചിത്രരാജ്, എംഎസ്പി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിനോയ് സി ജേയിംസ്, കോട്ടയം ബെസേലിയസ് കോളജിലെ ബിനു ജോര്‍ജ,് ഇന്ത്യന്‍ ടീം പരിശീലകന്‍ സതീവന്‍ ബലാല്‍ എന്നിവരില്‍ നിന്നും ലഭിച്ച പരിശീലനവും ഉപദേശ നിര്‍ദ്ദേശങ്ങളുമാണ് രാഹുലിലെ കളിക്കാരനെ വളര്‍ത്തിയെടുത്ത്. പിലിക്കോട് കോതോളിയിലെ കെ പി രമേശന്‍-തങ്കമണി ദമ്പതികളുടെ മകനാണ് രാഹുല്‍. സ്വന്തമായൊരു വീടെന്ന കുടുംബത്തിന്റെ സ്വപ്‌നം പൂര്‍ത്തിയായിട്ടില്ല. ചീമേനി മുണ്ടയില്‍ മിച്ചഭൂമിയായി കിട്ടിയ സ്ഥലത്താണ്് മൂന്നു വര്‍ഷമായി താമസം. തുടങ്ങിവച്ച വീട് പണി സാമ്പത്തിക പ്രയാസം കാരണം പാതിവഴിയിലാണ്. കാല്‍പന്ത് കളിയില്‍ മികവ് പുലര്‍ത്തിയ രാഹുലിന് കെഎസ്ഇബിയില്‍ ജോലി കൊടുക്കാനുള്ള ആലോചന നടക്കുന്നു. പാതിവഴിയിലായ വീട് പണി പൂര്‍ത്തിയാക്കുകയെന്നതാണ് രാഹുലിന്റെ സ്വപ്‌നം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss