|    May 23 Tue, 2017 2:56 am
FLASH NEWS

രാഹുലിനും കുടുംബത്തിനും തലചായ്ക്കാന്‍ സ്‌നേഹവീടായി

Published : 11th May 2016 | Posted By: SMR

താമരശ്ശേരി: പ്ലാസ്റ്റിക് ഷീറ്റും ചാക്കും കൊണ്ട് മറച്ച് ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡിലെ രാഹുലിന്റെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് മോചനമായി. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും കൈകോര്‍ത്തു വാങ്ങിയ വീടിന്റെ താക്കോല്‍ രാഹുലിന്റെ കുടുംബത്തിന് കൈമാറി. കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് നടുവില്‍ വീട്ടില്‍ രവിയുടെയും രാജകുമാരിയുടെയും മകനായ രാഹുലി(17)നാണ് സ്‌നേഹ-കാരുണ്യക്കൂട്ടായ്മയില്‍ വീടൊരുങ്ങിയത്.
തൊറാസിക് സ്‌കോളിയാസിസ് എന്ന രോഗവും കൈകാലുകളുടെ ശക്തിക്ഷയവും സംഭവിച്ച് ചികില്‍സയ്ക്ക് വകയില്ലാതെ കഴിയുന്ന രാഹുലിന്റെ കഥയറിഞ്ഞ് വീട്ടിലെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് രാഹുലിനെയും കുടുംബത്തെയും സഹായിക്കാന്‍ മുന്‍കൈയെടുത്തത്. താമരശ്ശേരിയിലെ ഒരുപറ്റം യുവാക്കളാണ് രാഹുലിന്റെ ജീവിതകഥ സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പുറംലോകത്തെ അറിയിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍ നാട്ടുകാരെ സംഘടിപ്പിച്ച് രാഹുലിന് ചികിത്സയും വീടും ശരിയാക്കി നല്‍കുന്നതിനും ശ്രമമാരംഭിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ രാഹുല്‍ കുടുംബസഹായ കമ്മിറ്റിയാണ് ചികിത്സ നടത്തുന്നതിനും വീട് വാങ്ങി നല്‍കുന്നതിനും നേതൃത്വം നല്‍കിയത്.
കൂടത്തായി സെന്റ്‌മേരീസ് ഹൈസ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ഥിയായ രാഹുലിന്റെ ചികില്‍സയുടെ ഒന്നാം ഘട്ട ശസ്ത്രക്രിയയും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അഞ്ചു സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലക്കു വാങ്ങിയത്. വീട് വാങ്ങിയ വകയില്‍ നാലേകാല്‍ ലക്ഷം രൂപ കമ്മിറ്റിക്ക് ബാധ്യതയുണ്ട്. നാലു മാസത്തിനിടെ നല്‍കേണ്ട ഈ തുക ഉദാരമനസ്‌ക്കരെ സമീപിച്ച് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം സ്‌നേഹവീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പിപറകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ വെഴുപ്പൂര്‍, സോഫിയ ബെന്നി ജോബിഷ്, അയനമോള്‍ ബെന്നി, ഷിജി ചാഞ്ഞപിലാക്കല്‍, ജിഷ ഷിജി, ചന്ദ്രന്‍, എം നസീഫ് കൊടുവള്ളി, റഫീക്ക് കൂടത്തായി, ഇഖ്ബാല്‍ പൂക്കോട്, ജോസ് കാളംപറമ്പില്‍, ഏലിയാസ്, വി അബൂബക്കര്‍ മൗലവി, മൊയ്തീന്‍ ഹാജി, സല്‍മാന്‍ അരീക്കല്‍, ജാബിര്‍ കരീറ്റിപറമ്പ്, അബ്ദുല്‍ ഗഫൂര്‍ കരിമ്പാലക്കുന്ന്, കരീം നൂറാംതോട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day