|    Jul 16 Mon, 2018 10:10 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

രാസായുധപ്രയോഗം: പിന്നില്‍ സിറിയന്‍ സര്‍ക്കാരെന്ന് യുഎന്‍

Published : 8th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: സിറിയയിലെ ഖാന്‍ ശെയ്ഖുന്‍ പട്ടണത്തില്‍ 83 പേര്‍ കൊല്ലപ്പെടാനിടയായ സരിന്‍ രാസായുധ ആക്രമണത്തിനു പിറകില്‍ സിറിയന്‍ സര്‍ക്കാരെന്ന് യുഎന്‍ യുദ്ധക്കുറ്റ അന്വേഷണസംഘം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍ 4നായിരുന്നു രാസായുധ ആക്രമണം. 300ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന രാസവസ്തു ഉപയോഗിച്ചുള്ള ആക്രമണം നടത്തിയത് സിറിയന്‍ വ്യോമസേനയാണെന്നതിനുള്ള തെളിവുകള്‍ ശേഖരിച്ചതായി യുഎന്‍ നിയോഗിച്ച അന്താരാഷ്ട്ര അന്വേഷണസംഘം അറിയിച്ചു. പ്രതിപക്ഷ വിമതരുടെ രാസായുധ സംഭരണശാലയില്‍ ബോംബ് പതിച്ചതിനെ തുടര്‍ന്നാണ് ഖാന്‍ ശെയ്ഖുനില്‍ 83 പേര്‍ കൊല്ലപ്പെട്ടതെന്ന സിറിയയുടെയും സഖ്യകക്ഷി റഷ്യയുടെയും അവകാശവാദങ്ങള്‍ തള്ളുന്നതായും അന്വേഷണസംഘം അറിയിച്ചു. സിറിയയും റഷ്യയും അവകാശപ്പെടുന്നതുപോലെ പ്രദേശത്ത് പ്രതിപക്ഷത്തിന്റെ രാസസംഭരണശാലയുടെ സാന്നിധ്യമില്ലെന്നും സംഘം വ്യക്തമാക്കി. ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ 20ലധികം തവണ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചതായും യുഎന്‍ സംഘത്തിന്റെ അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 43 ദൃക്‌സാക്ഷികളുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഉപഗ്രഹദൃശ്യങ്ങളും ആക്രമണം നടന്ന ദിവസത്തെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചതായും യുഎന്‍ മനുഷ്യാവകാശ സമിതിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അന്വേഷണസംഘം അറിയിച്ചു. സിറിയന്‍ സഖ്യസേന മാത്രം ഉപയോഗിക്കുന്ന സുഖോയ് 22 ജെറ്റ് വിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഏപ്രില്‍ 4നു പുലര്‍ച്ചെ 6.45നു നാലു തവണ ഈ വിമാനം ഉപയോഗിച്ച് വ്യോമാക്രമണം നടത്തി. അതില്‍ മൂന്ന് ആക്രമണങ്ങളില്‍ സാധാരണ സ്‌ഫോടകവസ്തുക്കളും നാലാമത്തേതില്‍ രാസായുധവും ഉപയോഗിച്ചതായും അന്വേഷണസംഘം അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തിലെ കാലാവസ്ഥ രാസാക്രമണത്തിന് അനുകൂലമായിരുന്നു. മണിക്കൂറില്‍ മൂന്നു കി.മീ വേഗത്തില്‍ കാറ്റു വീശിയതും മഴയില്ലാതിരുന്നതും മേഘങ്ങളുടെ അസാന്നിധ്യവും സരിന്‍ പ്രയോഗത്തെ സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധകുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നതാണ് ഖാന്‍ ശെയ്ഖുനിലെ രാസായുധ ആക്രമണം. രാസായുധം നടത്തിയിട്ടില്ലെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss