|    Jun 26 Mon, 2017 12:40 am
FLASH NEWS

രാസവസ്തുക്കള്‍ ചേര്‍ത്ത തേയില വില്‍പന വ്യാപകം

Published : 4th November 2016 | Posted By: SMR

കണ്ണൂര്‍: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ ചായപ്പൊടിയുടെ വില്‍പന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകം. സംസ്ഥാനത്ത് ഇതിനകം പലയിടത്തും വ്യാജതേയിലയുടെ വന്‍ശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു. എന്നാല്‍, വീണ്ടുമൊരു ഇടവേളയ്ക്കു ശേഷമാണ് ഇവയുടെ വില്‍പന തകൃതിയായത്. ഇരു ജില്ലകളിലും പ്രതിമാസം ഒരു കിലോയുടെ നാലായിരം പായ്ക്കറ്റോളം വ്യാജചായപ്പൊടി വില്‍പന നടക്കുന്നുണ്ടെന്നാണ് വിവരം. ചായക്കടകളില്‍ ഉപയോഗിച്ച് പുറന്തള്ളുന്ന തേയില ശേഖരിച്ച് നിറംചേര്‍ത്താണ് വീണ്ടും വിപണിയില്‍ എത്തിക്കുന്നത്. ഇവ കൂടുതലായി വിറ്റഴിക്കുന്നതാവട്ടെ ചായക്കടകളിലും. കുറച്ച് പൊടിയിട്ടാല്‍ തന്നെ നല്ലനിറം ലഭിക്കും. ഇതിനു പുറമെ സ്ഥിരമായി വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ കമ്മീഷനും. ഇതിനാല്‍ പല ചായക്കടകളിലും വന്‍ തോതിലാണ് ഇവയുടെ വില്‍പന. പോളിത്തീന്‍ പേപ്പറിനുള്ളില്‍ പൊതിഞ്ഞ് പ്രത്യേകിച്ച് പേരോ ഉല്‍പാദന കേന്ദ്രമോ രേഖപ്പെടുത്താതെ വിറ്റഴിക്കുന്ന ചായപ്പൊടിയാണിത്. ഗുണനിലവാരമില്ലാത്ത തേയിലപ്പൊടിയില്‍ ടെറാസിന്‍, കാര്‍മോസിന്‍, ബ്രില്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരാമല്‍, സണ്‍സെറ്റ് യെലോ കാര്‍മോസിന്‍ തുടങ്ങിയ നിറങ്ങള്‍ ചേര്‍ത്താണു വില്‍പ്പന. തേയില ഫാക്ടറികളില്‍നിന്ന് തരംതിരിച്ചു കളയുന്ന തേയില കുറഞ്ഞ വില നല്‍കി വാങ്ങും. ഇതില്‍ ചായക്കടകളില്‍ ഉപയോഗിച്ചുകളയുന്ന തേയില ചണ്ടി ചേര്‍ത്ത് ഉണങ്ങിയെടുക്കും. തുടര്‍ന്ന് രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ലേറ്റ് ബ്രൗണ്‍ എന്ന കൃത്രിമനിറത്തിന്റെ ലായനിയില്‍ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന തേയിലയില്‍നിന്ന് സാധാരണയിലും പലയളവ് കപ്പ് ചായ ഉണ്ടാക്കാം. കടുപ്പമുള്ള ചായപ്പൊടി ആണിത്. തേയിലയില്‍ ഒരു തരത്തിലുള്ള രാസവസ്തുക്കളും ചേര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. 2006ലെ ഭക്ഷ്യസുരക്ഷാ റെഗുലേഷന്‍സ് ആക്ട് പ്രകാരം ഇത്തരം നിരോധിത രുചിക്കൂട്ടുകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ പറയുന്നു. കാഴ്ചയില്‍ തട്ടിപ്പ് മനസ്സിലാവില്ലെങ്കിലും രുചിയിലും നിറത്തിലൂടെയും ഇത് കണ്ടുപിടിക്കാം. തിളപ്പിച്ച വെള്ളത്തില്‍ മാത്രം നിറം കലരുന്ന ഒന്നാണ് തേയിലപ്പൊടി. എന്നാല്‍, തണുത്ത പച്ചവെള്ളത്തില്‍ പോലും നിറം കലര്‍ന്നാലോ, ആ തേയിലപ്പൊടി മായം ചേര്‍ന്നതെന്ന് ഉറപ്പിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക