|    Aug 23 Wed, 2017 12:08 am
FLASH NEWS

രാസമാലില്യം കലര്‍ന്ന വെള്ളം കുടിച്ച് എട്ട് ആടുകള്‍ ചത്തു ; എട്ട് ലക്ഷം രൂപയുടെ നഷ്ടം

Published : 8th August 2017 | Posted By: fsq

 

പാലക്കാട: കഞ്ചിക്കോട്  വ്യവസായ മേഖലയിലെ  റബര്‍ പാലില്‍ നിന്നും  ഇലാസ്റ്റിക്  ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി  പുഴയിലേക്ക്  തുറന്നുവിട്ട  രാസമാലിന്യം  കലര്‍ന്ന  വെള്ളം  കുടിച്ച്  എട്ട്  ആടുകള്‍ ചത്തു. നാല്  ആടുകളുടെ  നില ഗുരുതരമാണ്. നാല് വലിയ ആടുകളും രണ്ട് ഇടത്തരം ആടുകളും ,രണ്ട് കുട്ടികളുമാണ്  ചത്തത്. ചത്ത ആടുകള്‍ക്ക് ഒരു ലക്ഷത്തോളം  വിലമതിക്കും.പുതുശേരി പഞ്ചായത്ത്  15ാം വാര്‍ഡിലെ  കൊയ്യാമരക്കാട്  ആശാരിത്തറയിലെ പരമശിവന്റെ  ആടുകളാണ് ഇന്നലെ  രാവിലെ പുഴയോരത്തു ചത്ത നിലയില്‍ കാണപ്പെട്ടത്. സംഭവസ്ഥലത്തു വച്ച്  തന്നെ  ആടുകള്‍  ചത്തിരുന്നു. അവശനിലയിലായ  ആടുകളെ മൃഗഡോക്ടര്‍  പരിശോധിച്ചു മരുന്ന് നല്‍കിട്ടുണ്ടെങ്കിലും ഇവയുടെ  നില അപകടാവസ്ഥയില്‍ തന്നെയാണ്. ന്യൂ  ഇന്‍ഡസ്ട്രിയല്‍  എരിയിലെ റെഫല എന്ന കമ്പനിയില്‍ നിന്നു പുറംതള്ളിയ രാസമാലിന്യം കലര്‍ന്ന  പുഴ വെള്ളം കുടിച്ചതിനാലാണ് മരിച്ചതെന്ന് വാര്‍ഡ്  മെംബര്‍  ബാലമുരളി  പറഞ്ഞു. മൃഗ ഡോക്ടറുടെ  പരിശോധനയിലും ഇത്    വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച്ച  പ്രദേശത്ത്് കനത്ത മഴ പെയ്തു കൊറിയര്‍ പുഴയില്‍ വെള്ളമൊഴുക്ക്  വര്‍ധിച്ചപ്പോള്‍  കമ്പനിയിലെ രാസമാലിന്യങ്ങള്‍  പുഴയിലേക്ക്  ഒഴുക്കിയതാണെന്നു  സംശയമുണ്ട്.സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍  ഇടപെട്ട് കമ്പനിയുടെ  പ്രവര്‍ത്തനം  ഒരാഴ്ചത്തേക്ക്  നിര്‍ത്തിവയ്ക്കാനും കമ്പനിക്കെതിരേ  കേസെടുക്കാനും  നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ  കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന  വ്യവസായശാലകളില്‍ നിന്നും മാലിന്യങ്ങള്‍ രാത്രിസമയത്ത് കോരയറിലേക്ക്  ഒഴുക്കുന്നു. ഈ വെള്ളം കല്‍പാത്തി പുഴയിലും പിന്നീട് ഭാരതപ്പുഴയിലും ചെന്ന് ചേരുകയാണ്. എട്ട് ആടുകള്‍ ചത്തതോടെ പരമശിവനും , ഭാര്യ മഹേശ്വരിയുടെയും ജീവിതം വഴി മുട്ടിയിരിക്കുകയാണ്. ആടുകളെ വളര്‍ത്തി വിറ്റാണ്  ഈ കുടുംബം കഴിഞ്ഞിരുന്നത്. വിഷ മാലിന്യം ഒഴുക്കി വിടുന്ന കമ്പനികളെ രാത്രി കാലങ്ങളില്‍  നിരീക്ഷിക്കാന്‍  വ്യവസായ വകുപ്പിന് യാതൊരു സംവിധാനവുമില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദുരന്തങ്ങള്‍  ഉണ്ടാവുമ്പോള്‍  മാത്രമാണ്  ഇവിടേക്ക് എത്തി നോക്കാറുള്ളതെന്ന്  നാട്ടുകാര്‍  ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക