|    Jan 23 Mon, 2017 8:06 am
FLASH NEWS

രാസമാലിന്യം പുറംകടലില്‍ തള്ളുന്നതിനായി ബാര്‍ജറില്‍ കയറ്റിക്കൊണ്ടുപോവാനുള്ള ശ്രമം തടഞ്ഞു

Published : 20th October 2016 | Posted By: SMR

ഏലൂര്‍: ആലുവയിലുള്ള പൊതുമേഖലാസ്ഥാപനത്തില്‍നിന്നും രാസമാലിന്യം പുറംകടലില്‍ തള്ളുന്നതിനായി ബാര്‍ജറില്‍ കയറ്റിക്കൊണ്ടുപോവാനുള്ള ശ്രമം ഏലൂരിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ തടഞ്ഞു. മാലിന്യം കയറ്റിയ ബാര്‍ജര്‍ മൂന്നുദിവസമായി എടയാറിലെ ജെട്ടിയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ആലുവയില്‍നിന്നും ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യം എടയാറിലെ ജെട്ടിയില്‍ അടുപ്പിച്ചിരുന്ന ബാര്‍ജറില്‍ കയറ്റിയത്. ഈ സമയം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷിബു മാനുവലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരാണ് തടഞ്ഞത്. കഴിഞ്ഞ 25 വര്‍ഷമായി പൊതുമേഖലാ സ്ഥാപനത്തിലെ മാലിന്യം പുറംകടലില്‍ 15 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി തള്ളുകയാണ് പതിവെന്ന് കരാറുകാരന്‍ പറയുന്നു. ഈ മാലിന്യം കടലില്‍ തള്ളുന്നതിനുവേണ്ട എല്ലാ രേഖകളും തങ്ങളുടെപക്കല്‍ ഉണ്ടെന്നും കരാറുകാര്‍ പറഞ്ഞു. അതേസമയം ഇത്തരം മാലിന്യങ്ങള്‍ പുറംകടലില്‍ കൊണ്ടുപോയി തള്ളുന്നതിന് അനുമതി ഇല്ലെന്നും ഇതിനെതിരേ കോടതിയുടെ നിര്‍ദേശമുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും കൊണ്ടുവരുന്ന മലിനജലം കടലിലെ മല്‍സ്യസമ്പത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഗ്രീന്‍ ആക്ഷന്‍ഫോഴ്‌സ് സെക്രട്ടറി ഷിബു മാനുവലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബാര്‍ജര്‍ തടഞ്ഞിട്ടിരിക്കുന്നത്. ബാര്‍ജറില്‍ ഒരുലക്ഷം ലിറ്റര്‍ മലിനജലം ഉണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിസിബി അധികൃതര്‍ ബാര്‍ജറിനകത്ത് മലിനജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക