|    Nov 21 Wed, 2018 9:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരം: രാഷ്ട്രപതി

Published : 7th August 2018 | Posted By: kasim kzm

എന്‍ എ ശിഹാബ്
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കേരളമാതൃകയുടെ’ അടുത്ത ഘട്ടം യുവാക്കള്‍ക്കു സ്വന്തം നാട്ടില്‍ തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം. കേരളത്തിന്റെ പാരമ്പര്യത്തിലുള്ള പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതുസമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനാവണമെന്നും രാഷ്ട്രപതി പറഞ്ഞു.
പരസ്പരബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വികസനത്തെ പിന്നോട്ടടിപ്പിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ‘ജനാധിപത്യത്തിന്റെ ഉല്‍സവ’ത്തില്‍ ഇതേക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു വ്യക്തിക്ക് ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അതു പ്രധാനമല്ല. എന്നാല്‍ കേരളത്തിന്റെ ഡിഎന്‍എയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ സംസ്‌കാരവും സംവാദവും പരസ്പരം അംഗീകരിക്കലുമാണ് പ്രധാനം. കേരള നിയമസഭയുടെ ചര്‍ച്ചകളും മാനുഷികമൂല്യമുള്ള നിയമനിര്‍മാണങ്ങളും സംസ്ഥാനത്തിന്റെ പാരമ്പര്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ്. നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകള്‍ ചര്‍ച്ചകളും സംവാദങ്ങളും പ്രോല്‍സാഹിപ്പിച്ചിരുന്നു. ആദി ശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കു വേദിയായതും ഈ സാഹചര്യമാണ്. ഹിന്ദു, ജൂത, ക്രിസ്ത്യന്‍, ഇസ്‌ലാം മതവിശ്വാസികള്‍ തമ്മില്‍ സംവാദത്തിനും ഇത് അവസരമൊരുക്കി. ഭൂപരിഷ്‌കരണം മുതല്‍ പഞ്ചായത്തീരാജ് വരെയും സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരളജനത ഒട്ടേറെ നേട്ടം കൈവരിച്ചവരാണ്.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും കേരളീയര്‍ പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും സംരംഭങ്ങളും ബിസിനസും വികസിച്ചുവരുന്നതില്‍ ഉണ്ടായിട്ടുള്ള വിടവ് ഇല്ലാതാക്കേണ്ടത് ഇവിടത്തുകാര്‍ തന്നെയാണെന്നും രാഷ്ട്രപതി പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss