|    Oct 17 Wed, 2018 10:55 am
FLASH NEWS

രാഷ്ട്രീയ ലാക്കോടെ ഇടവെട്ടിയിലെ വാര്‍ഡ് മെംബര്‍മാരുടെ ഇടപെടല്‍ : വിധവയായ മേരിക്കുട്ടിക്ക് വീടെന്ന സ്വപ്‌നം ഇനിയുമകലെ

Published : 23rd September 2017 | Posted By: fsq

 

തൊടുപുഴ: വാര്‍ഡ് കൗണ്‍സിലര്‍മാരുടെ വടംവലിയില്‍ അര്‍ഹമായ വീട് നഷ്ടപ്പെടുന്ന സ്ഥിതിയില്‍ നട്ടംതിരിയുകയാണ് ഇടവെട്ടി പഞ്ചായത്തിലെ അംഗപരിമിതയായ മേരിക്കുട്ടി. വാഗ്ദാനങ്ങള്‍ പലതും പാഴായതോടെ കയറിക്കിടക്കാന്‍ സുരക്ഷിത ഭവനമില്ലാതെ വഴിയാധാരമായിരിക്കുകയാണിവര്‍. മേരിക്കുട്ടിക്കു വീട് നിര്‍മിച്ചു നല്‍കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി വാര്‍ഡ് മെമ്പറും ഇടവെട്ടി ഗ്രാമപ്പഞ്ചാത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് പറയുന്നു. എന്നാല്‍ വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടിയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണവുമായി തൊട്ടടുത്ത വാര്‍ഡിലെ മെമ്പറും രാഷ്ട്രീയ പ്രതിയോഗികളും രംഗത്തെത്തിയിട്ടുണ്ട്. ഷീജ നൗഷാദിനെ പോസ്റ്റര്‍ ഒട്ടിച്ചും സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണങ്ങള്‍ നടത്തിയുമാണ് എതിര്‍വിഭാഗം മുതലെടുക്കുന്നത്. ഇതൊക്കെയായാലും മേരിക്കുട്ടിക്ക് ഒറ്റമുറി വീട് മാത്രമാണ് ഇപ്പോഴും ശരണം. ഇവരുടെ നിസഹായതയ്ക്ക് കാരണം  രാഷ്ട്രീയക്കാര്‍ ഇടപെട്ട് നടത്തിയ നീക്കങ്ങളും വാഗ്ദാനങ്ങളുമാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച, മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച ഓടിട്ട വീട്ടിലാണ് വര്‍ഷങ്ങളായി വിധവയായ ഇടവെട്ടി മാര്‍ത്തോമ അരീപ്പറമ്പില്‍ മേരിക്കുട്ടി സ്‌ക്കറിയ താമസിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് കാലവര്‍ഷത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. പിന്നീട് ആസ്ബസ്‌റ്റോസ് മേഞ്ഞ ഷെഡ്ഡിലായിരുന്നു താമസം. ദുസ്ഥിതി കണ്ട് ഇടവെട്ടി ഫാര്‍മേഴ്‌സ് ക്ലബ്ബ് രണ്ടുമുറിയുള്ള വീട് പണിതു നല്‍കാന്‍ തീരുമാനിച്ചു. ഇതിനിടെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടിയുടെ വീട്ടിലെത്തി പതിനൊന്നാം വാര്‍ഡ് വികസന സമിതി മുഖേന പുതിയ വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി മേരിക്കുട്ടി പറയുന്നു. ഇതേത്തുടര്‍ന്ന് മേരിക്കുട്ടി ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ വാഗ്ദാനം നിരസിച്ചു. പിറ്റേന്ന് വീടിന്റ മേല്‍ക്കൂര പൊളിച്ചുനീക്കി. ഒരുമാസത്തിനു ശേഷം പഴയവീടിന്റെ ഇടിഞ്ഞുവീഴാറായ ഭിത്തിയില്‍ മേല്‍ക്കൂര പണിതു നല്‍കാമെന്ന് വാര്‍ഡ്ു മെമ്പര്‍ അറിയിച്ചതായി മേരിക്കുട്ടി പറയുന്നു. എന്നാല്‍ തനിക്ക് താല്‍ക്കാലികമായ സംവിധാനം വേണ്ടെന്നും വാസയോഗ്യമായ വീട് തരാമെന്ന വാഗ്ദാനം നിറവേറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ലൈഫ്’പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ താല്‍ക്കാലികമായി വീട് നിര്‍മിച്ചു നല്‍കുന്നത് പദ്ധതിയില്‍  നിന്ന് പുറത്താകാന്‍ ഇടയാക്കുമെന്നതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ഇനിയും ഒറ്റമുറിയില്‍ കഴിയേണ്ട സ്ഥിതിയാണെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മേരിക്കുട്ടി കഴിഞ്ഞ ദിവസം പോലിസില്‍ പരാതിയും നല്‍കി. ഭവനനിര്‍മാണ ആനുകൂല്യത്തിന്  തികച്ചും അര്‍ഹതയുള്ള വ്യക്തിയാണ് മേരിക്കുട്ടിയെന്നും പഞ്ചായത്ത് കമ്മിറ്റിയില്‍ ഇക്കാര്യം താന്‍ പലവട്ടം ഉന്നയിച്ചിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീട് ഇടിഞ്ഞുപോയപ്പോള്‍ വില്ലേജ് ഓഫിസില്‍ രേഖകള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടിയിരുന്നു. ഫണ്ട്  അനുവദിക്കുന്നത് അനുസരിച്ച് ലൈഫ് പദ്ധതിയില്‍ നിന്നു വീട് കിട്ടുക തന്നെ ചെയ്യും. അതിനിടെ ചിലര്‍ രാഷ്ട്രീയ ലാക്കോടെ  ദുഷ്പ്രചരണങ്ങള്‍ നടത്തി മേരിക്കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, മേരിക്കുട്ടിക്ക് നല്‍കിയ എല്ലാ സഹായങ്ങളുടെയും തെളിവുകള്‍ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കാണിച്ചു. മേരിക്കുട്ടിയെ ചിലര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഏറ്റവും അര്‍ഹതയുള്ള അവര്‍ക്ക് വീട് ലഭ്യമാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും വാര്‍ഡ്‌മെമ്പര്‍ കൂടിയായ ഷീജ നൗഷാദ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss