|    Apr 23 Mon, 2018 3:12 am
FLASH NEWS
Home   >  Editpage  >  Lead Article  >  

രാഷ്ട്രീയ യാത്രകള്‍ കാണാതെപോയത്

Published : 14th February 2016 | Posted By: SMR

slug--rashtreeya-keralamകഴിഞ്ഞ ഒരുമാസക്കാലം രാഷ്ട്രീയ യാത്രകളുടെ തിരക്കിലായിരുന്നു കേരളം. വി എം സുധീരനില്‍ തുടങ്ങി പിണറായി വിജയനും കുമ്മനവും കുഞ്ഞാലിക്കുട്ടിയും കാനം രാജേന്ദ്രനും മുതല്‍ എന്‍സിപിയുടെ ഉഴവൂര്‍ വിജയനും ഐഎന്‍എല്ലിന്റെ എ പി അബ്ദുല്‍ വഹാബും വരെ കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര നയിച്ചവരില്‍പ്പെടുന്നു. ജനസുരക്ഷ, നവകേരളം, അന്നം, വെള്ളം, മണ്ണ്, സമത്വം, സാഹോദര്യം, സമാധാനം തുടങ്ങി തികച്ചും പുരോഗമനപരവും ജനകീയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതുമായ മുദ്രാവാക്യങ്ങളാണ് ജാഥയുടെ ഭാഗമായി കേരളത്തില്‍ അങ്ങോളമിങ്ങോളം മുഴങ്ങിക്കേട്ടത്. ഒന്നിനു പിറകെ ഒന്നായി എത്തിയ ജാഥകള്‍ക്ക് ഏറ്റവും മികച്ച സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി ഗ്രാമഗ്രാമാന്തരങ്ങളും നാട്ടിടവഴികളും നഗരവീഥികളുമൊക്കെ കഴിഞ്ഞ ഒരുമാസക്കാലം സജീവമായിരുന്നു. പ്രധാന നേതാക്കളുടെ ജാഥകള്‍ സമാപിച്ചതോടെ ആരവങ്ങള്‍ ഏറക്കുറേ കെട്ടടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവ ഇന്നും നാളെയുമൊക്കെയായി കൊട്ടിക്കലാശിക്കും. ഇനിയൊരു ചെറിയ ഇടവേളയാണ്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായുള്ള താല്‍ക്കാലിക നിശ്ശബ്ദതയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോവുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള യാത്രകള്‍ കേരള രാഷ്ട്രീയത്തിലെ സ്ഥിരം ഏര്‍പ്പാടായിട്ട് കാലം കുറേയായി. ഭരണത്തിലിരിക്കുന്നവര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോവുമ്പോള്‍, വികസനമുരടിപ്പും സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളുമൊക്കെയാണ് ഭരണത്തിനു പുറത്തുനില്‍ക്കുന്നവരുടെ ഇഷ്ടവിഷയം. ഇത്തവണയും പതിവു തെറ്റിയില്ല. സുധീരന്റെ ജനരക്ഷായാത്രയും കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സ്തുതിപാടിയപ്പോള്‍, സോളാറും സരിതയും ബിജുവും ബാറുമൊക്കെയായിരുന്നു പിണറായിയും കാനവും ഉയര്‍ത്തിക്കാട്ടിയത്. ചുരുക്കിപ്പറഞ്ഞാല്‍ വരുന്ന അഞ്ചുവര്‍ഷം സംസ്ഥാനം ഭരിക്കാനുള്ള യോഗ്യത തങ്ങള്‍ക്കാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള പരക്കംപാച്ചിലായി മാറുകയായിരുന്നു ഈ തെക്കുവടക്ക് യാത്രകള്‍.
സുന്ദരസുരഭില കേരളത്തെ സൃഷ്ടിക്കാനെന്നു പറഞ്ഞാണ് നേതാക്കള്‍ പലരും ഇറങ്ങിത്തിരിച്ചതെങ്കിലും യാത്രകള്‍ ഒരറ്റത്തുനിന്നു മറ്റേയറ്റത്ത് എത്തുന്നതിനിടെ ചര്‍ച്ചാവിഷയങ്ങള്‍ കീഴ്‌മേല്‍ മറിയുന്ന രാഷ്ട്രീയ സാഹചര്യത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. ജനരക്ഷായാത്രയുമായാണ് കെപിസിസി അധ്യക്ഷന്‍ കാസര്‍കോട്ട് നിന്ന് പുറപ്പെട്ടതെങ്കിലും, സരിതയുടെ സാരിത്തുമ്പിലും ബാറുടമകളുടെ പെട്ടിക്കുള്ളിലും പെട്ട് ചക്രശ്വാസം വലിക്കുന്ന സര്‍ക്കാരിനെ ഏതുവിധേനയും രക്ഷിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്ന മുഖ്യദൗത്യം. ഒരുഘട്ടത്തില്‍ ജാഥ തലസ്ഥാനത്ത് എത്തിച്ചേരുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ അന്ത്യശ്വാസം വലിക്കുമെന്ന് തോന്നിച്ചെങ്കിലും, ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷിയുടെ ശക്തിയൊന്നുകൊണ്ടുമാത്രമാണ് സുധീരന്‍ വലിയ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. രാജിക്കത്തുമായി നിന്ന മന്ത്രി കെ ബാബുവായിരുന്നു സുധീരന്റെ യാത്രയുടെ ശകുനം. ഊഴമനുസരിച്ച് ബിജു രമേശും സരിതയും നടത്തിയ വെളിപ്പെടുത്തലുകളില്‍ ആടിയുലഞ്ഞ് മുന്നോട്ടുപോവാനായിരുന്നു പിന്നീടുള്ള ദിനങ്ങളിലെ സുധീരന്റെ വിധി. കീഴ്‌ക്കോടതി വിധികള്‍ക്ക് മേല്‍ക്കോടതികളില്‍നിന്ന് സ്റ്റേ വാങ്ങാനുള്ള വകുപ്പ് ഇല്ലായിരുന്നുവെങ്കില്‍ ജനങ്ങളെ രക്ഷിക്കാനിറങ്ങിയ സുധീരന്റെ യാത്ര ആരും രക്ഷിക്കാനില്ലാതെ ദുരന്തപര്യവസായിയായി മാറുമായിരുന്നു. സംസ്ഥാനത്തെ ബാറുകള്‍ക്ക് താഴ് വീഴുന്ന തരത്തില്‍ മദ്യനയം രൂപപ്പെടുത്തുന്നതിന് സുധീരന് പാര്‍ട്ടിയില്‍ എത്രത്തോളം പോരാടേണ്ടിവന്നോ, അതിനേക്കാള്‍ പോരാട്ടവീര്യത്തോടെ, സര്‍ക്കാരിനെതിരേ ഉയര്‍ന്ന ബാര്‍-സോളാര്‍ ആരോപണങ്ങളെ പ്രതിരോധിക്കേണ്ടിവന്ന രാഷ്ട്രീയവിരോധാഭാസമാണ് യാത്രയിലുടനീളം കേരളം കണ്ടത്.
മറുഭാഗത്ത് മതനിരപേക്ഷ, അഴിമതിമുക്ത കേരളത്തിനായി മാര്‍ച്ച് തുടങ്ങിയ പിണറായി വിജയന്‍ ശംഖുമുഖം കടപ്പുറത്ത് എത്തുമ്പോഴേക്കും പാര്‍ട്ടിയിലെ പ്രമുഖ നേതാവ് തന്നെ അഴിക്കുള്ളിലാവുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ് സിപിഎം നേരിട്ടുകൊണ്ടിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലേക്ക് പോവേണ്ടിവന്ന സാഹചര്യം, കാലം കാത്തുവച്ച മറുപടിപോലെയാണ് സിപിഎമ്മിനെ തേടിവന്നിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഇടപെടലും ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജില്ലാ പഞ്ചായത്ത്, നഗരസഭാധ്യക്ഷ സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടിവന്നതും നവകേരള വിപ്ലവം സാധ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടിയെ രാഷ്ട്രീയ എതിരാളികള്‍ കൊലയാളിപാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്ന ദുര്‍ഗതിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.
കേരള പഠനകോണ്‍ഗ്രസ്സിലും നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടനവേളയിലും പിണറായി വിജയന്‍ വാചാലമായി ഉയര്‍ത്തിക്കാട്ടിയ വികസന കാഴ്ചപ്പാടുകള്‍, ആവേശം ഒട്ടും ചോരാതെ ശംഖുമുഖം വരെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പരാജയപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വാളെടുത്തവന്‍ വാളാലെ എന്നപോലെ യുഎപിഎ തലയ്ക്കു മീതെ എത്തിനില്‍ക്കുമ്പോഴും കരിനിയമങ്ങള്‍ക്കെതിരേ ആര്‍ജവത്തോടെ നിലപാടെടുക്കാനോ മുന്‍കാലത്ത് സംഭവിച്ച വീഴ്ചകള്‍ ഏറ്റുപറയാനോ കഴിയുന്നില്ലെന്നതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി.
അസഹിഷ്ണുതയുടെ വിത്തുകള്‍ കേരളത്തിലും മുളപ്പിക്കുകയെന്ന സംഘപരിവാര ദൗത്യവുമായാണ് കുമ്മനവും കൂട്ടരും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍, അതിനെ പ്രതിരോധിക്കേണ്ട മതേതര ചേരി എത്രത്തോളം ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നതാണ് കടന്നുപോയ യാത്രകളും ഇക്കാലയളവില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളും തെളിയിക്കുന്നത്. ആസന്നമായ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ രാഷ്ട്രീയ കസര്‍ത്തുകള്‍ക്കപ്പുറം സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ഒരു യാത്രയ്ക്കും കഴിഞ്ഞില്ലെന്നതാണു വസ്തുത. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ കാര്‍ഷികമേഖല നേരിടുന്ന തിരിച്ചടിയെ കുറിച്ചോ ഭൂസമരങ്ങളെ കുറിച്ചോ പട്ടയപ്രശ്‌നത്തെ കുറിച്ചോ സജീവമായ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു ജാഥാനായകനും കഴിഞ്ഞില്ലെന്നത് ജനങ്ങളും ജനകീയ പ്രശ്‌നങ്ങളും ഇവരില്‍ നിന്ന് എത്രത്തോളം അകലെയായിരിക്കുന്നുവെന്നതിന്റെ തെളിവാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss