|    Jan 23 Mon, 2017 9:59 am
FLASH NEWS

രാഷ്ട്രീയ പ്രവേശനത്തിന് അരങ്ങ് കുറിച്ച പുതിയകോട്ടയില്‍ അന്ത്യദര്‍ശനവും

Published : 27th September 2016 | Posted By: SMR

എ പി വിനോദ്

കാഞ്ഞങ്ങാട്: കെ മാധവന്‍ എന്ന രാഷ്ട്രീയകാരനെ മലയാളത്തിന് സംഭാവന ചെയ്ത കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ടൗണ്‍ഹാള്‍ പരിസരം അന്ത്യദര്‍ശനത്തിന് വേദിയായി.
കേരള രാഷ്ട്രീയത്തിന് വഴിതിരിവാകുന്ന പല തീരുമാനങ്ങളും കൈക്കൊണ്ടതിന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിക്കും പുതിയ കോട്ടക്കും മുഖ്യപങ്കാണുള്ളത്. പന്ത്രണ്ടാം വയസ്സില്‍ അമ്മാവനായ എ സി കണ്ണന്‍ നായരുടെ കൈപിടിച്ച് രാഷ്ട്രീയ പാഠശാലയിലേക്ക് ചുവടുവയ്പ് നടത്തിയതും ഇന്നത്തെ ടൗണ്‍ഹാള്‍ സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്തായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ സ്വാധീനമുള്ള ഈ മൈതാനത്തിലാണ് സുവര്‍ണ ജൂബിലി സ്മാരകമായി ജവര്‍ഹല്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
വടക്കേ മലബാറിലെ സ്വാതന്ത്ര്യ സമര ചര്‍ച്ചകള്‍ക്ക് വേദിയായി മാന്തോപ്പ് മൈതാനി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചത് കെ മാധവന്‍ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ്. പന്തിഭോജനവും ഹരിജനോദ്ധാരണവും ഹിന്ദി പ്രചാരണവും ജീവിത വ്രതമാക്കിയ മാധവേട്ടന് എന്നും ആവേശം പകര്‍ന്നത് കാഞ്ഞങ്ങാടിന്റെ ഈ മണ്ണാണ്.
സ്വാതന്ത്ര്യ സമര സേനാനി, ഗുരുവായൂര്‍ സത്യാഗ്രഹ പോരാളി, കയ്യൂര്‍ സമര നേതാവ് തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സമര ചരിത്രമുള്ള കെ മാധവന്‍ എന്നും ജനപക്ഷത്തായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാല്‍ ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ അവസാന കണ്ണിയും സംസ്ഥാനത്തെ തന്നെ മുതിര്‍ന്ന സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളുമായിരുന്ന കെ മാധവന്‍ ഗുരുവായൂര്‍ സ്മാരക സ്തൂപം കാണാന്‍ നില്‍ക്കാതെയാണ് യാത്രയായത്. കെ മാധവന്‍ പ്രസിഡന്റായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെമ്മട്ടംവയലില്‍ ഗുരുവായൂര്‍ സ്മാരക സ്തൂപത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിരുന്നു. പ്രവര്‍ത്തനം ഭാഗീകമായിരുന്നു.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഗുരുവായൂര്‍ സ്മാരക ട്രസ്റ്റിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് സെന്റ് സ്ഥലം അനുവദിച്ചിരുന്നു. സ്മാരക സ്തൂപത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം അന്ന് നിര്‍വ്വഹിച്ചത് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശായിരുന്നു. ആ സ്തൂപത്തിന്റെ പൂര്‍ണ രൂപം കാണാനാകാതെ കെ മാധവന്‍ ഓര്‍മ്മയായി.രാഷ്ട്രീയത്തിന് ഉപരിയായി വലിയ സൗഹൃദ കൂട്ടായ്മ മാധവേട്ടന് ഉണ്ടായിരുന്നു. വീട്ടിലെത്തുന്ന എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന മാധവേട്ടന്റെ പിറന്നാള്‍ ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സൗഹൃദം പങ്കുവെക്കാന്‍ എത്താറുണ്ട്. കഴിഞ്ഞ മാസം നടന്ന 102-ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസ നേര്‍ന്നവര്‍ക്ക് മാധവേട്ടന്റെ വേര്‍പാട് വിശ്വസിക്കാനായില്ല. ഒരു നൂറ്റാണ്ടോളം മലയാളികളോടൊപ്പം നിന്ന മാധവേട്ടന്‍ കാലയവനികക്കുള്ളിലേക്ക് മറിഞ്ഞതോടെ ഒരു ചരിത്രത്തിന്റെ ഇതിഹാസമാണ് രേഖപ്പെടുത്തുന്നത്.
വൈകീട്ട് 4.30ഓടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നെല്ലിക്കാട്ടെ വസതിയില്‍ സംസ്‌കാരം നടന്നു. മക്കളായ അജയകുമാര്‍ കോടോത്ത്, അഡ്വ. സേതുമാധവന്‍ എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീ കൊളുത്തി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക