|    Jan 21 Sat, 2017 8:55 pm
FLASH NEWS

രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക് സാക്ഷിയായി ക്ലിഫ്ഹൗസ്

Published : 11th November 2015 | Posted By: SMR

തിരുവനന്തപുരം: മാണിയുടെ രാജിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കും സാക്ഷിയായതിന്റെ പിരിമുറുക്കത്തിലായിരുന്നു ഇന്നലെ ക്ലിഫ്ഹൗസും പരിസരവും. മുഖ്യമന്ത്രിയുടെയും കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും ഔദ്യോഗിക വസതികള്‍ സ്ഥിതി ചെയ്യുന്ന ക്ലിഫ്ഹൗസ് വളപ്പിലായിരുന്നു ഇന്നലെ മുഴുവന്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. രാവിലെ മുതല്‍ രാത്രി കെ എം മാണി രാജി പ്രഖ്യാപിക്കുന്നത് വരെ ജനശ്രദ്ധ മുഴുവനും ഈ മൂന്ന് മന്ത്രി മന്ദിരങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു.
രാഷ്ട്രീയ പ്രതിസന്ധിയുടെ ഓരോ നിമിഷവും ജനങ്ങളിലെത്തിക്കാന്‍ അതിരാവിലെ തന്നെ ദേശീയ തലത്തിലേതടക്കമുള്ള മാധ്യമപ്പട ക്ലിഫ്ഹൗസിലും പരിസരത്തും താവളമുറപ്പിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതു പോലെ യുഡിഎഫ് യോഗം രാവിലെ നടന്നില്ലെങ്കിലും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ക്ലിഫ്ഹൗസിലെത്തി. രാവിലെ ഒമ്പതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, പി പി തങ്കച്ചന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഓരോ ഘടകകക്ഷി നേതാക്കളെയും ക്ലിഫ്ഹൗസില്‍ വിളിച്ചുവരുത്തി പ്രത്യേകം ചര്‍ച്ച നടത്തി. ഓരോ നേതാവും ചര്‍ച്ച കഴിഞ്ഞ് പുറത്തുവരുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മൈക്കും കാമറയുമായി പുറകേ എത്തിയെങ്കിലും പലരും പ്രതികരിക്കാന്‍ തയ്യാറാവാത്തത് പിരിമുറുക്കം വര്‍ധിപ്പിച്ചു. ഒടുവില്‍ രാവിലെ 11.30ഓടെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ചര്‍ച്ചകള്‍ക്കു ശേഷം പുറത്തുവന്നു. പ്രതികരണത്തിനായി വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് എല്ലാം കാത്തിരുന്ന് കാണാം എന്നതായിരുന്നു സുധീരന്റെ സസ്‌പെന്‍സ് നിറഞ്ഞ മറുപടി.
ഇതിനിടെ ക്ലിഫ്ഹൗസിനു സമീപമുള്ള മന്ത്രി പി ജെ ജോസഫിന്റെ വസതിയായ ‘പെരിയാറില്‍’ ജോസഫ് വിഭാഗം യോഗം ചേര്‍ന്നു. 12 മണിയോടെ ക്ലിഫ്ഹൗസ് വളപ്പിലെ മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തില്‍ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നതോടെ ശ്രദ്ധാകേന്ദ്രം അവിടെയായി. ഉച്ചയ്ക്ക് ഒരു മണിയോടെ മാണിയുടെ രാജിയാവശ്യപ്പെട്ട് യുവമോര്‍ച്ച ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച നടത്തിയെങ്കിലും പ്രകടനം ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലിസ് തടഞ്ഞു. നാലു മണിക്കൂറോളം നീണ്ട സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാവുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സ്റ്റിയറിങ് കമ്മിറ്റിയില്‍ മാണി രാജിസന്നദ്ധത അറിയിച്ചതായുള്ള വിവരങ്ങളും പിന്നീട് പുറത്തുവന്നു. പിന്നീടുള്ള ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസിലെ കടുത്ത ഭിന്നതയും കെ എം മാണിക്കൊപ്പം ജോസഫും രാജിവെക്കുമോ എന്നതുമായി. അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി നാലു മണിയോടെ പി ജെ ജോസഫിന്റെ വസതിയില്‍ ജോസഫ് വിഭാഗം നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു. പിന്നീടുള്ള കാത്തിരിപ്പ് മുഴുവന്‍ പി ജെ ജോസഫ് എന്തു തീരുമാനമെടുക്കും എന്നതായി. തുടര്‍ന്ന് 6.50ന് ചര്‍ച്ച പൂര്‍ത്തിയാക്കി ജോസഫ് രാജിവെക്കില്ലെന്ന ഗ്രൂപ്പിന്റെ നിലപാട് അറിയിക്കാന്‍ ആന്റണി രാജു മാണിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
7.15ഓടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തിയെങ്കിലും പോലിസ് വഴിയില്‍ തടഞ്ഞു. മാണി രാജിവെക്കാതെ പിരിഞ്ഞുപോവില്ലെന്ന് അറിയിച്ച് മുദ്രാവാക്യവുമായി ഇവര്‍ നിലയുറപ്പിച്ചു. 7.25ന് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനും മാണിക്കൊപ്പം രാജിവെക്കുമെന്ന് അറിയിച്ചു. മാണിയുടെ രാജിക്കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടതോടെ യുഡിഎഫ് നേതാക്കളും മാധ്യമപ്രവര്‍ത്തകരുമെല്ലാം അക്ഷമരായി കാത്തിരുന്നു.
തുടര്‍ന്ന് 8.03ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ കെ എം മാണി രാജി തീരുമാനം പ്രഖ്യാപിച്ചതോടെയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായത്. തൊട്ടുപിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനും രാജിപ്രഖ്യാപിച്ചു. 8.15ന് ജോസഫ് എം പുതുശ്ശേരി, റോഷി അഗസ്റ്റിന്‍ രാജിക്കത്തുമായി ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. 8.30ന് രാജിക്കത്ത് സ്വീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതോടെയാണ് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഉദ്വേഗത്തിനും ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും അവസാനമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക