|    Jan 18 Wed, 2017 1:50 pm
FLASH NEWS

രാഷ്ട്രീയ പകപോക്കല്‍: കെ ബാബു

Published : 4th September 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ തന്റെയും ബന്ധുക്കളുടെയും വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മന്ത്രി കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും തന്നോടുള്ള  പകയാണ് റെയ്ഡിനു കാരണം. തനിക്കെതിരേ വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്.
മന്ത്രിയായിരുന്നപ്പോഴും അതിനു ശേഷവും താന്‍ അനധികൃതമായി യാതൊരു സ്വത്തും സമ്പാദിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നതല്ലാതെ ഒരു സ്വത്തും തനിക്കില്ല. അങ്ങനെ തെളിഞ്ഞാല്‍ സര്‍ക്കാരിലേക്കു വിട്ടുകൊടുക്കാന്‍ തയ്യാറാണ്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ഒന്നര ലക്ഷം രൂപ ദൈനംദിന ആവശ്യങ്ങള്‍ക്കായി കരുതിയിരുന്നതാണ്.
തേനിയില്‍ തനിക്ക് 120 ഏക്കര്‍ തോട്ടമുണ്ടെന്ന വിജിലന്‍സ് കണ്ടെത്തലും ബാബു നിഷേധിച്ചു. തന്റെ മകളെ വിവാഹം കഴിക്കുന്നതിനു മുമ്പ് 2008ല്‍ മരുമകന്റെ വീട്ടുകാര്‍ വാങ്ങിയ ഭൂമിയാണ് തേനിയിലേത്. 2011ല്‍ വില്‍ക്കുകയും ചെയ്തിരുന്നു. ആ ഭൂമിയാണ് തന്റേതെന്നു എഫ്‌ഐആറില്‍ പറയുന്നത്. മരുമകന്റെ പിതാവിന്റെ പേരും ബാബുവെന്നാണ്. അതായിരിക്കാം തെറ്റിദ്ധാരണയ്ക്ക് കാരണം.  2012 സപ്തംബര്‍ 9നായിരുന്നു മകളുടെ വിവാഹം. അപ്പോള്‍ തേനിയിലെ സ്ഥലവുമായി തനിക്ക് എന്തു ബന്ധമുണ്ടാവുമെന്ന് ബാബു ചോദിച്ചു. ബിനാമി ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധവും മുന്‍മന്ത്രി നിഷേധിച്ചു.
ബിനാമിയെന്നു പറയുന്നവരെ താന്‍ അറിയുക പോലുമില്ല. മോഹനന്‍ എന്നയാളുടെ ബേക്കറി ഉദ്ഘാടനം ചെയ്തിരുന്നു എന്നതു മാത്രമാണ് അദ്ദേഹവുമായുള്ള പരിചയം. എറണാകുളത്തെ ബിസിനസുകാരുമായി നല്ല ബന്ധമുണ്ട്. എന്നാല്‍, അവരുമായി ബിസിനസ് ബന്ധമില്ല.  സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നയാളാണ് താന്‍.
മരുമകന്റെ പിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയെന്നത് അടിസ്ഥാനരഹിതമാണ്. സ്വകാര്യ ധനകാര്യസ്ഥാപനം വഴിയാണ് അവര്‍ കാര്‍ വാങ്ങിയത്. പിന്നീട് വില്‍ക്കുകയും ചെയ്തിരുന്നു. അവര്‍ പാരമ്പര്യമായി ബിസിനസുകാരാണ്. കാര്‍ വാങ്ങിയതും വിറ്റതും താന്‍ മന്ത്രിയായതിന്റെ പേരിലല്ല. യാതൊരു അന്വേഷണവും നടത്താതെയാണ് വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക