|    Nov 15 Thu, 2018 6:17 am
FLASH NEWS
Home   >  Editpage  >  Editorial  >  

രാഷ്ട്രീയ പകപോക്കലിന് കൂട്ടുനില്‍ക്കുന്ന പോലിസ്‌

Published : 15th July 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – എം എച്ച് ഷിഹാസ്, ഈരാറ്റുപേട്ട
കഴിഞ്ഞ ജൂലൈ ഒന്നിനു മഹാരാജാസ് കോളജില്‍ ഉണ്ടായ ഒരു അനിഷ്ട സംഭവത്തെ തുടര്‍ന്ന് പോലിസ് സംസ്ഥാനവ്യാപകമായി നടത്തുന്ന അന്യായ റെയ്ഡും കരുതല്‍ കസ്റ്റഡികളും ന്യായീകരിക്കത്തക്കതല്ല. പോപുലര്‍ ഫ്രണ്ടിന്റെ പ്രാദേശിക-ജില്ലാ നേതാക്കളുടെ വീടുകളും ഓഫിസുകളും ഒടുവില്‍ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ വരെ പരിശോധന നടത്തി തങ്ങളെ ഏല്‍പിച്ച ദൗത്യം നിര്‍വഹിച്ചുവരുകയാണ് പോലിസ്.
കുറ്റവാളികളെ തേടി സംസ്ഥാന നേതാവിന്റെ വീട്ടിലെത്തുന്ന പോലിസിനും അവരെ പറഞ്ഞയക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പോലിസ് ആരോപിക്കുന്ന പ്രതികള്‍ അവിടെ ഉണ്ടാവില്ലെന്ന് നന്നായി അറിയാം. എങ്കിലും കിട്ടിയ അവസരം മുതലാക്കി രാഷ്ട്രീയ പകപോക്കലിനു കൂട്ടുനില്‍ക്കുകയാണ് പോലിസ്. മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്ക് പോപുലര്‍ ഫ്രണ്ടിനെ ‘ഫിനിഷ്’ ചെയ്യാനായിരുന്നു പരിപാടിയെങ്കില്‍, ഇന്നു പോലിസിനെ ഉപയോഗിച്ച് സംഘടനയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും ക്വാട്ട നല്‍കി സെര്‍ച്ച് വാറന്റുമായി കയറിയിറങ്ങുകയാണ് പോലിസ്. അന്വേഷണങ്ങളും പരിശോധനകളും കുറ്റക്കാരെ കണ്ടെത്തലും ഏതൊരു കേസിലുമെന്നതുപോലെ സ്വാഭാവിക നടപടിയായി മാറണം. മറിച്ച്, സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സിപിഎം അജണ്ട നടപ്പാക്കാനുള്ള ഉപകരണമായി കേരളത്തിലെ പോലിസ് സേന മാറുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
അന്യായമായ കൊലപാതകങ്ങളും അക്രമങ്ങളും ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റവാളികള്‍ ആരായിരുന്നാലും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗത്തു നിന്നാവുമ്പോള്‍ ഉണ്ടാവുന്ന ഈ കാടിളക്കലാണ് വിമര്‍ശിക്കപ്പെടുന്നത്.
വാര്‍ത്തകളില്‍ അതിശയോക്തിക്കു വേണ്ടി നിറം പിടിപ്പിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും അവരുടെ സ്ഥിരം പണി ഭംഗിയായി നടത്തുന്നുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ജനം ടിവി, സിപിഎമ്മിന്റെ കൈരളി, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയവണ്‍, ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ്, അംബാനിയുടെ ന്യൂസ് 18 തുടങ്ങിയവയെല്ലാം മല്‍സരബുദ്ധ്യാ രംഗത്തുണ്ട്.
പോപുലര്‍ ഫ്രണ്ടില്‍ ആരോപിക്കപ്പെട്ട കൊലകള്‍ പര്‍വതീകരിച്ച് സഹതാപതരംഗം സൃഷ്ടിക്കാനും തീവ്രവാദം ആരോപിക്കാനും മുന്നിട്ടിറങ്ങുന്ന ഈ മീഡിയകള്‍ ആര്‍എസ്എസും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ കൊലകള്‍ ഇത്രകണ്ട് ആഘോഷമാക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിം പണ്ഡിതന്മാരെ തിരഞ്ഞുപിടിച്ച് ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിക്കാനുള്ള തത്രപ്പാടിലാണ് സിപിഎം. സാമൂഹിക മാധ്യമങ്ങളിലും മറ്റും കൈയടി വാങ്ങാന്‍ ഇക്കൂട്ടര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു നിന്നുകൊടുക്കുകയും ചെയ്യുന്നു.
പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്. പോലിസിനെയും ക്രൈംബ്രാഞ്ചിനെയും കൂട്ടുപിടിച്ച് നേരത്തേ തയ്യാറാക്കിയ 101 ചോദ്യങ്ങളാണ് ഓരോ പ്രവര്‍ത്തകനില്‍ നിന്നും ശേഖരിക്കുന്നത്. ബീഫ് ബിരിയാണി സ്ഥിരമായി കഴിക്കാറുണ്ടോ, മയ്യിത്ത് കുളിപ്പിക്കല്‍ അറിയാമോ, ഇഷ്ടമുള്ള നേതാവ് ആര്, എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് തുടങ്ങിയ രസകരമായ ചോദ്യങ്ങള്‍ ചോദിച്ച് കഷ്ടപ്പെടുത്തി കാര്യക്ഷമത തെളിയിക്കാന്‍ അവര്‍ ഇറങ്ങിയിട്ടുമുണ്ട്.
ഏതായാലും ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിം സമുദായത്തെ സ്വയം സംഘടിക്കാനും അവകാശബോധം ഉള്ളവരാക്കി മാറ്റുന്നതിനും നേതൃത്വം കൊടുക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വളര്‍ച്ചയെ ഭയക്കുന്നവരാണ് ഈ കാട്ടിക്കൂട്ടലുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നു വ്യക്തം.

ി

.                        ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss