|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രീയ തീരുമാനം ചരല്‍ക്കുന്ന് ക്യാംപില്‍: കെ എം മാണി

Published : 1st August 2016 | Posted By: SMR

കോട്ടയം: രാഷ്ട്രീയ കാര്യങ്ങളില്‍ ചരല്‍ക്കുന്ന് ക്യാംപില്‍ തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് കോട്ടയത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചരല്‍ക്കുന്ന് ക്യാംപിനുള്ള വിഷയനിര്‍ണയത്തിനായാണ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്.  പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍ക്കുന്ന് ക്യാംപില്‍ ചര്‍ച്ചചെയ്യുമെന്ന് പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാണിക്കെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സുമായി അഭിപ്രായ ഭിന്നതയിലായ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികള്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടും. ജോസ് കെ മാണി എംപിയുടെ കോട്ടയത്തെ വസതിയില്‍  ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ഏകദേശ ധാരണയായത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന് എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളോട് വിലപേശല്‍ നടത്താനുള്ള നീക്കമാണ് മാണി നടത്തുന്നത്.
ഈ മാസം ആറ്, ഏഴ് തിയ്യതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാംപില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിനു മുന്നോടിയായാണ് ചര്‍ച്ചകള്‍. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നടത്തിയ നീക്കങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പി ജെ കുര്യന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി ചരല്‍ക്കുന്നില്‍ നടക്കുന്ന ക്യാംപില്‍ കോണ്‍ഗ്രസ്സിനെതിരേ കുറ്റപത്രം തയ്യാറാക്കാനും യോഗത്തില്‍ ധാരണയായെന്നാണു സൂചന.
ശനിയാഴ്ച കെ എം മാണിയുടെ പാലായിലെ വസതിയില്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും നിലപാടു മയപ്പെടുത്തിയിരുന്നില്ല. കോണ്‍ഗ്രസ്സുമായി പ്രശ്‌നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പോയശേഷമാണ് മാണി മാധ്യമങ്ങളോടു പറഞ്ഞത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടുപോവാനാവില്ലെന്ന മാണിയുടെ നിലപാടിന് പാര്‍ട്ടിയുടെയും എംഎല്‍എമാരുടെയും പിന്തുണ നേതൃത്വം ഉറപ്പാക്കി.
രമേശ് ചെന്നിത്തലയെ അംഗീകരിച്ചുള്ള ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന സന്ദേശമാണ് മാണി ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിരിക്കുന്നത്. ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രി പദവും മാണിക്ക് ഗവര്‍ണര്‍ സ്ഥാനവും നല്‍കാമെന്ന വാഗ്ദാനം എന്‍ഡിഎ മുന്നണിയില്‍ നിന്നു ലഭിച്ചതുമാണ് തിരക്കുപിടിച്ച നീക്കങ്ങള്‍ക്കു പിന്നിലെന്നും സൂചനയുണ്ട്. അതേസമയം എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയുമായി അടുക്കുന്നുവെന്ന വാര്‍ത്തകളോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന കാര്യം പി ജെ ജോസഫ്  മാണിയെ അറിയിച്ചുകഴിഞ്ഞു. മുന്നണി വിടാതെ പ്രത്യേക ബ്ലോക്കായി ഇരുന്ന് കോണ്‍ഗ്രസ്സുമായി വിലപേശലിന് സാധ്യത തുറന്നിടണമെന്ന അഭിപ്രായമാണ് പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക്. അങ്ങനെ വന്നാല്‍ കെ എം മാണി മുന്നണി വിട്ടാലും പി ജെ ജോസഫും അദ്ദേഹത്തോട് കൂറുള്ളവരും യുഡിഎഫില്‍ തന്നെ തുടരുമെന്നാണു വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss