|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Kerala   >  

രാഷ്ട്രീയ തിമിരം ബാധിച്ച പിണറായി എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്:കുമ്മനം

Published : 30th December 2017 | Posted By: mi.ptk

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ പാലക്കാട് കണ്ണകിയമ്മന്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍.

രാഷ്ട്രീയ തിമിരം ബാധിച്ച പിണറായി വിജയന്‍ എതിരാളികളെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ശ്രമം നടത്തുകയാണെന്നും അതിന്റെ ഭാഗമായുള്ള ശ്രമം എന്നല്ലാതെ മറ്റൊരു കാരണവും ഇതിനു പിന്നില്‍ കാണാനാകില്ലെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് കുറ്റമായി കണ്ട ഏക സര്‍ക്കാരാണ് കേരളത്തിലെ സിപിഎമ്മിന്റേതെന്നും കുമ്മനം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ഭാഗവത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പതാകയുയര്‍ത്തിയതിന് പാലക്കാട് കണ്ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധികൃതര്‍തക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. അതു കൊണ്ടാണ് ദേശീയ പതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്.
ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് കുറ്റമായി കണ്ട ഏക സര്‍ക്കാരാണ് കേരളത്തിലെ സിപിഎമ്മിന്റേത്. രാഷ്ട്രീയ തിമിരം ബാധിച്ച പിണറായി വിജയന്‍ എതിരാളികളെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ശ്രമം നടത്തുകയാണ്. അതിന്റെ ഭാഗമായുള്ള ശ്രമം എന്നല്ലാതെ മറ്റൊരു കാരണവും ഇതിനു പിന്നില്‍ കാണാനാകില്ല.

രാഷ്ട്രീയ നേതാക്കന്‍മാര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് ചട്ട ലംഘനമാണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ഇതിന് മുന്‍പും നിരവധി രാഷ്ട്രീയ നേതാക്കന്‍മാര്‍ ഇത്തരത്തില്‍ പതാക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കുമെതിരെ കേസെടുത്തതായി അറിവില്ല. മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതുമാണ്. ആ സംഭവത്തില്‍ ഇതു വരെ കേസെടുത്തതായി അറിവില്ല. കേസെടുക്കണമെന്ന് അഭിപ്രായവുമില്ല.
സ്വതന്ത്ര ഭാരതത്തില്‍ ഒരു പൗരന്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കേസെടുക്കുന്നത് പിന്തിരിപ്പന്‍ നയമാണ്.
ദേശീയ പതാകയെയും ദേശീയ ഗാനത്തെയും നിന്ദിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ മടി കാണിക്കുകയും, പതാകയെ വന്ദിച്ചവര്‍ക്ക് നേരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏക സര്‍ക്കാരാകും കേരളത്തിലേത്. ദേശീയ പതാകയെയും ഗാനത്തെയും അവഹേളിച്ച് മാഗസിന്‍ അച്ചടിച്ചിറക്കിയത് മുഖ്യമന്ത്രി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കോളേജിലെ എസ്എഫ്‌ഐ നേതാക്കളാണ്. സിനിമാ തീയേറ്ററില്‍ ദേശീയ ഗാനത്തെ അവഹേളിച്ചവരും ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. അവരോടൊന്നും സ്വീകരിക്കാത്ത വൈരനിര്യാതന ബുദ്ധി ആര്‍എസ്എസ് മേധാവിയോട് സ്വീകരിച്ചത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ്.
ഡോ മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയതിലൂടെ എന്ത് സാമൂഹ്യ പ്രശ്‌നവും ക്രമസമാധാന തകര്‍ച്ചയുമാണ് നാട്ടില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ മോഹന്‍ഭാഗവതിന് ദേശീയ പതാക ഉയര്‍ത്താന്‍ അവകാശവും അധികാരവുണ്ട്. അതിന് ഒരു സര്‍ക്കാരിന്റേയും അനുമതി ആവശ്യമില്ല. രാജ്യത്തെ 17ആയി വെട്ടിമുറിക്കണമെന്ന് ആവശ്യപ്പെട്ട, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച പ്രസ്ഥാനത്തിന്റെ പിന്‍തലമുറക്കാരന്‍ എന്ന നിലയില്‍ പിണറായി വിജയനില്‍ നിന്ന് ഇത്തരം നടപടി മാത്രമേ പ്രതീക്ഷിക്കാനാകൂ. പക്ഷേ അതു കൊണ്ട് ഒന്നും ആര്‍എസ്എസ് എന്ന മഹാ പ്രസ്ഥാനത്തേയോ അതിന്റെ തലവനേയോ ഇല്ലാതാക്കാം എന്നത് മൗഢ്യമാണ്..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss