|    Oct 20 Sat, 2018 7:26 am
FLASH NEWS
Home   >  Editpage  >  Editorial  >  

രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ജനതാല്‍പര്യം മറക്കരുത്

Published : 25th August 2018 | Posted By: kasim kzm

പ്രളയക്കെടുതികള്‍ തല്‍ക്കാലത്തേക്ക് അടങ്ങിയെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ട് പ്രയാസപ്പെടുകയാണ് ജനങ്ങള്‍. ദുരന്തത്തെ നേരിടുന്നതില്‍ അസാമാന്യമായ മനോബലവും ഒരുമയുമാണ് കേരളീയര്‍ പ്രകടമാക്കിയത്. എന്നാല്‍, ഈ നന്മ സംസ്ഥാനത്തിന്റെ ഭരണ-രാഷ്ട്രീയതലങ്ങളില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് സങ്കടകരം. പ്രളയം സംഭവിച്ചതിന്റെ കാരണങ്ങളെയും അതു കൈകാര്യം ചെയ്തതില്‍ ഉണ്ടായ പാളിച്ചകളെയും ചൊല്ലിയുള്ള കലഹത്തിലാണ് കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും. ഈ വിഴുപ്പലക്കലില്‍പ്പെട്ട്, പ്രളയം താറുമാറാക്കിയ നമ്മുടെ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം എന്ന അജണ്ട ഒരു കാരണവശാലും അവഗണിക്കപ്പെടരുത്.
പ്രളയകാലത്ത് അണക്കെട്ടുകളിലെ ജലത്തിന്റെ ഒഴുക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് പിഴവു പറ്റിയോ എന്നതൊരു ചര്‍ച്ചാവിഷയം തന്നെയാണ്. വെള്ളം തുറന്നുവിട്ടതില്‍ ഉണ്ടായ പിഴവുകള്‍ പ്രളയത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ പലരും പറയുന്നുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡ് ആവുന്നത്ര വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ഡാമുകള്‍ തുറക്കുന്നത് നീട്ടിവച്ചുവെന്നാണ് പരാതി. മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവെന്നാണ് മറ്റൊരു ആരോപണം.
ഈ ആരോപണങ്ങളെ ബന്ധപ്പെട്ട അധികൃതരും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വൃത്തങ്ങളും നേരിടുന്നത് ഒട്ടും സഹിഷ്ണുതയോടെയല്ല. മണ്ണു കൊണ്ടുള്ള അണക്കെട്ട് ആരോടും ചോദിക്കാതെ എപ്പോഴും തുറക്കാം എന്നെല്ലാം പറയുന്നത് ഔദ്ധത്യമല്ലാതെ മറ്റൊന്നുമല്ല. ഉള്ളതോ ഇല്ലാത്തതോ ആവട്ടെ, പരാതികളെയും കുറ്റപ്പെടുത്തലുകളെയും അവയുടെ ഉദ്ദേശ്യശുദ്ധി കണക്കിലെടുത്ത് സൗമനസ്യത്തോടെ സമീപിക്കുകയാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാവുന്നില്ല.
ഒത്തൊരുമിച്ചുനില്‍ക്കേണ്ട സമയത്ത് വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് പ്രതിപക്ഷത്തോട് ഭരണകക്ഷിക്കാര്‍ പറയുന്നത്. അത് കിട്ടാനിടയുള്ള സഹായങ്ങള്‍ കുറയ്ക്കുമത്രേ. ഇതു ശരിയല്ല. സര്‍ക്കാര്‍ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടുക പ്രതിപക്ഷ ധര്‍മമാണ്. ഈ ഉത്തരവാദിത്തം മാത്രമാണ് അവര്‍ നിറവേറ്റുന്നത്. അതിനെ നിഷേധാത്മക നിലപാടായി മുദ്രകുത്തുന്നു ചിലരെങ്കിലും. സര്‍ക്കാരിനു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പ്രസ്തുത വീഴ്ച തുറന്നുകാട്ടപ്പെടുക തന്നെ വേണം. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയും വേണം. സഹായധനത്തിന്റെ ലഭ്യതയുമായി അതിനെ കൂട്ടിക്കുഴയ്ക്കരുത്. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണമാണെന്ന് പറയുന്നത് ശരിയല്ലതാനും. അതില്‍ രാഷ്ട്രീയമുണ്ടെങ്കില്‍, അത്തരം രാഷ്ട്രീയ നേട്ടങ്ങള്‍ പ്രതിപക്ഷത്തിന് അര്‍ഹതപ്പെട്ടതാണ്.
മുഖ്യമന്ത്രി പിണറായി വിജയനു രക്ഷകന്റെ സ്ഥാനം കല്‍പിച്ചുനല്‍കി അദ്ദേഹത്തിന്റെ പ്രതിച്ഛായ പൊലിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നതായും കാണുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ മെനക്കെടുന്നു എന്നല്ലാതെ മറ്റെന്തു മഹാ കാര്യമാണ് അദ്ദേഹം ചെയ്യുന്നത്? പിണറായി ഉള്ളതുകൊണ്ട് പ്രളയം പോലും തോറ്റു എന്ന മട്ടില്‍ അദ്ദേഹത്തിനു ചുറ്റുമൊരു ജാജ്വല്യമാന പരിവേഷം സൃഷ്ടിക്കുമ്പോള്‍ അതിന്റെ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പു തന്നെ. നേരത്തേ പറഞ്ഞല്ലോ, ഇത്തരം രാഷ്ട്രീയ സൂത്രങ്ങളില്‍പ്പെട്ട് ജനതാല്‍പര്യങ്ങള്‍ അവഗണിക്കപ്പെടരുത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss