|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  Editpage  >  Article  >  

രാഷ്ട്രീയ ചതുരംഗക്കളി തുടരുന്നു

Published : 17th September 2017 | Posted By: mi.ptk

എന്‍ എ ശിഹാബ്
രാഷ്ട്രീയം എന്നും അങ്ങനെയാണ്. ചതുരംഗക്കളി പോലെ കൊണ്ടും കൊടുത്തും എതിര്‍കക്ഷികള്‍ മുന്നേറിക്കൊണ്ടിരിക്കും. ഒടുവില്‍ കൂടുതല്‍ നേട്ടം ആര്‍ക്കെന്ന കണക്കെടുപ്പ് മാത്രമേ ബാക്കിയുണ്ടാവൂ. സംഘപരിവാര സാന്നിധ്യം പ്രക്ഷുബ്ധമാക്കിയ കേരള രാഷ്ട്രീയത്തില്‍ ഇടതും വലതും മുന്നണികള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നേട്ടം ആര്‍ക്കെന്ന കണക്കെടുപ്പ് നടത്തുന്ന തിരക്കിലാണെന്നു തോന്നുന്നു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യവിജയം കരസ്ഥമാക്കി. അഥവാ എല്‍ഡിഎഫില്‍ നിന്ന് ഒരു സീറ്റ് യുഡിഎഫും യുഡിഎഫില്‍ നിന്ന് ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചടക്കി. ഇനിയിപ്പോള്‍ അടുത്ത മാസം നടക്കാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പാണ് ഓരോ രാഷ്ട്രീയനീക്കങ്ങളുടെയും ലക്ഷ്യം. യുഡിഎഫില്‍ അപരിഹാര്യമായി തുടരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വിലങ്ങുതടിയാവരുതെന്ന് ആ മുന്നണിയിലെ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിംലീഗ് നേതാവ് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിക്ക്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനകത്തെ ആഭ്യന്തര കലഹം അവസാനിപ്പിക്കണമെന്ന് സോണിയാഗാന്ധിയുടെ മുന്നിലെത്തിയും ലീഗ് ആവശ്യം ഉന്നയിച്ചത്. മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം വേങ്ങരയിലെ ഒരേ രാഷ്ട്രീയവേദിയില്‍ ഒരുമിച്ച് അണിനിരന്നതോടെ ചിരിയൊളിപ്പിച്ചു കുഞ്ഞാലിക്കുട്ടിയും അവര്‍ക്കിടയില്‍ താരമായി. ഉമ്മന്‍ചാണ്ടി-രമേശ് അച്ചുതണ്ടുകള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അടവുനയമാക്കിയവരാണെന്ന് അറിയാത്തവര്‍ മുന്നണിയില്‍ പോലുമില്ല. അതുകൊണ്ടാണ് മുന്നണിയിലെ വിപ്ലവപ്പാര്‍ട്ടിയായ ആര്‍എസ്പി നേതാവ് എ എ അസീസ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നു വാദിച്ചത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രായോഗിക പരിജ്ഞാനം പോരാ. ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയാണ് യോഗ്യന്‍. മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ അസീസ് കളം മാറ്റി. പറയാത്തത് പ്രചരിപ്പിക്കുന്നുവെന്നായി. ആര്‍എസ്പിയിലെ പരാതിപ്പനി കോണ്‍ഗ്രസ്സിലേക്കും പടര്‍ന്നു. നേതാക്കളാകാന്‍ കാത്തിരുന്നവര്‍ പ്രസ്താവനകളുമായി തലയുയര്‍ത്തിത്തുടങ്ങിയപ്പോഴാണ് കെ മുരളീധരന്‍ പന്ത് തന്റെ കോര്‍ട്ടിലേക്ക് തട്ടി കളി തുടങ്ങിയത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് മുരളീധരന്‍ പറഞ്ഞവസാനിപ്പിച്ചതോടെ കോണ്‍ഗ്രസ് കലങ്ങിമറിഞ്ഞു. ഐ ഗ്രൂപ്പിലെ ഒന്നാം തരക്കാരനായ മുരളി ഗ്രൂപ്പ് മാറിയെന്നുപോലും പ്രചരിച്ചു. അടി മുതല്‍ ഉച്ചി വരെ പലതും പ്രചരിച്ചു. ഉയര്‍ന്നുപൊങ്ങിയ പുക കെട്ടടങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചിരിയും രമേശ് ചെന്നിത്തലയുടെ വിഷണ്ണഭാവവുമാണ് രാഷ്ട്രീയ കേരളം ദര്‍ശിച്ചത്. ഗ്രൂപ്പ് സമവാക്യത്തിലൂന്നി സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഇരുവരും ചേര്‍ന്നു തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യനാണെന്നു പറഞ്ഞാല്‍ മറ്റൊരാള്‍ അതിന് അയോഗ്യനാണെന്ന് അര്‍ഥമില്ലെന്നു പറഞ്ഞു മുരളിയും രംഗം കൊഴുപ്പിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനാണെന്നു പറഞ്ഞ് തന്റെ ഗ്രൂപ്പുകൂറും മുരളി ഉറപ്പിച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുവൈരം മറന്ന് അഹമഹമികയാ അരയും തലയും മുറുക്കി ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നതില്‍ മുന്നണിയില്‍ രണ്ടഭിപ്രായമില്ല. ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ച തടയാന്‍ സിപിഎം കണ്ടുപിടിച്ച ഏറ്റവും നല്ല മാര്‍ഗം സംഘപരിവാര അജണ്ടകളെ ഏറ്റെടുക്കുക എന്ന വിചിത്ര രീതിയാണ്. അതില്‍ അവര്‍ എത്രത്തോളം വിജയിച്ചുവെന്നു കാലം തെളിയിക്കും. ഓണാഘോഷത്തിനു പിന്നാലെ ശ്രീകൃഷ്ണ ജയന്തിയും സിപിഎം കെങ്കേമമായി കൊണ്ടാടി. കേരളത്തിലെ ഹിന്ദുക്കളുടെ അട്ടിപ്പേറ് അവകാശപ്പെടുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരുപടി കൂടി കടന്ന് ഉണ്ണിക്കണ്ണന്മാരോടൊപ്പം ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനവും പുഷ്പാര്‍ച്ചനയും നടത്തി ശ്രദ്ധ പിടിച്ചുപറ്റി. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി ഇത്രയും കേമമായി ഒരു വിശ്വാസാചാരത്തിന്റെ ഭാഗമാവുന്നത് കേരളത്തിനു നവ്യാനുഭവമാണ്. ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ അമ്പലക്കള്ളന്മാരെ അലമുറയിട്ട് ആട്ടിപ്പായിച്ചിടത്താണ് അവരുടെ കണ്ണിലുണ്ണിയാവാന്‍ കടകംപള്ളിയുടെ ക്ഷേത്രദര്‍ശനമെന്ന പൂഴിക്കടകന്‍ ചാണക്യതന്ത്രം. പക്ഷേ, തന്ത്രം പാളി. മന്ത്രി കടകംപള്ളി ലക്ഷ്മണരേഖ മറികടന്നില്ലേയെന്ന ചിന്ത സിപിഎമ്മിന് ഉണ്ടായി. സിപിഎം ഹൈന്ദവ വിശ്വാസികളെ വഞ്ചിക്കുകയാണെന്ന് ആക്ഷേപിച്ച് ബിജെപിയും രംഗത്തെത്തി. രംഗം കൊഴുത്തതോടെ മന്ത്രിക്കെതിരേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി സൈദ്ധാന്തികന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററും രംഗത്തെത്തി. ഒരിടവേളയ്ക്കു ശേഷം വിശ്വാസത്തോടുള്ള സിപിഎമ്മിന്റെ നിലപാട് വീണ്ടും ചാനല്‍ചര്‍ച്ചയ്ക്ക് വിഷയമായി. സിപിഎം അണികള്‍ക്ക് വിശ്വാസമാവാം, എന്നാല്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ക്ക് ദൈവവിശ്വാസം പാടില്ലെന്ന പറഞ്ഞു പഴകിയ നിലപാടുമായി പാര്‍ട്ടി ഇതിനെ നേരിട്ടു. സംസ്ഥാന സമിതിയംഗവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനത്തിന് ഉത്തരം കണ്ടെത്താന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി ചര്‍ച്ച ചെയ്തു. ഒടുവില്‍ പ്രഖ്യാപനം വന്നു: കടകംപള്ളി സുരേന്ദ്രന്‍ കുറ്റക്കാരനല്ല. പാര്‍ട്ടി, വിശ്വാസം, ആചാരം, ദൈവം എല്ലാം പാര്‍ട്ടി ചര്‍ച്ചയില്‍ അലിഞ്ഞില്ലാതായി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാവുന്ന ഒരു വിവാദവും തുടരാന്‍ പാടില്ലെന്ന ഉപദേശം വന്നതിനാലാണ് കടകംപള്ളിക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ പാര്‍ട്ടി തുനിഞ്ഞതെന്നും അടക്കംപറച്ചിലുണ്ട്. അല്ലേലും കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചൊല്ല്. ഇപ്പോള്‍ നടക്കുന്ന പലതരം ഓതിരം കടകം മറിയലുകള്‍ക്കും പിന്നിലുള്ളത് അടുത്ത മാസം നടക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പു തന്നെയാണെന്നതു കട്ടായമാണ്. സത്യത്തില്‍ കോണ്‍ഗ്രസ്സിന് ഒരു നേതൃത്വം വേണമെന്ന ചിന്ത പോലും പാര്‍ട്ടിയിലും മുന്നണിയിലും ഉദിച്ചത് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പു ദിനം പ്രഖ്യാപിച്ചതോടെയാണ്. വേങ്ങര യുഡിഎഫിന്റെ പ്രസ്റ്റീജ് സീറ്റാണ്. യുഡിഎഫിലെ രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ കടന്നുകയറി സംഘപരിവാര ഫാഷിസ്റ്റ് ശക്തികളെ നിലംപരിശാക്കാനായി തീരുമാനിച്ച് മലപ്പുറത്തു നിന്നു ലോക്‌സഭയിലേക്കു കുതിച്ചപ്പോഴാണ് വേങ്ങരയില്‍ ഒഴിവു വന്നത്. വേങ്ങരയില്‍ ലീഗിന്റെ ഏതു സ്ഥാനാര്‍ഥിയും പാട്ടുംപാടി ജയിക്കും എന്നൊക്കെ പാര്‍ട്ടി നേതാക്കളും യുഡിഎഫ് നേതൃത്വവും വീമ്പുപറയുന്നുണ്ട്. എന്നാല്‍, കാര്യങ്ങളുടെ കിടപ്പ് അത്ര സുഖകരമല്ലെന്ന് അവര്‍ക്കു നന്നായി അറിയുകയും ചെയ്യാം. വേങ്ങരയില്‍ സിപിഎം സ്വതന്ത്രനെ പ്രഖ്യാപിക്കാനാണ് നീക്കം. അതിനായി ലീഗില്‍ നിന്നുതന്നെ കരുത്തന്‍മാരെ കിട്ടിയാല്‍ അടര്‍ത്തിയെടുക്കും. നേരത്തേ മഞ്ഞളാംകുഴി അലിയെ സിപിഎമ്മില്‍ നിന്നു മന്ത്രിസ്ഥാനം കാണിച്ച് ലീഗ് അടര്‍ത്തിയെടുത്തതാണ്. അങ്ങനെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നട്ടെല്ലു തകര്‍ത്ത അഞ്ചാം മന്ത്രിയുടെ ഉദയം ഉണ്ടാവുന്നത്. അങ്ങനെ ഒരു പഴയ കണക്ക് സിപിഎമ്മിനു ലീഗുമായി തീര്‍ക്കാനുണ്ട്. വേണ്ടിവന്നാല്‍ ലീഗില്‍ നിന്ന് ആളെ ചാക്കിലാക്കാന്‍ കേരളം ഭരിക്കുന്ന പിണറായിക്കു കഴിയുമെന്ന് പാണ്ടിക്കടവത്തും പാണക്കാട്ടും മരുവുന്ന കൂട്ടര്‍ക്ക് അറിയുകയും ചെയ്യാം. അതിനാല്‍, സീറ്റ് നഷ്ടപ്പെടാതെയും കാര്യമായി വോട്ട് കൊഴിഞ്ഞുപോവാതെയും എങ്ങനെ വേങ്ങര കടമ്പ കടക്കാമെന്നതാണ് യുഡിഎഫിലെ ചിന്ത. ചുരുങ്ങിയത്, മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് ഒരു സ്ഥിരം നേതൃത്വമെങ്കിലും വേണമല്ലോ. സുധീരന്‍ തടി രക്ഷപ്പെടുത്തിയ ശേഷം ഹസന്റെ വക താല്‍ക്കാലിക ഇടപാടുകളാണ് നടന്നുവരുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി വരട്ടെയെന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ, ചാണ്ടിക്ക് അതത്ര സമ്മതമല്ല. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ചാണ്ടി ഉഷ്ണിക്കണം എന്നു പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും? ചുരുക്കത്തില്‍, എങ്ങനെ സ്വന്തം കാലിനടിയിലെ മണ്ണ് ഇനിയും ഒലിച്ചുപോവുന്നത് ഒഴിവാക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ യുഡിഎഫില്‍ ആകെ നടക്കുന്നത്. വാല്‍ക്കഷണം: ബിജെപി നേതാക്കള്‍ പ്രതികളായ മെഡിക്കല്‍ കോഴ അഴിമതി അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. വാദിയും പ്രതിയും ഒന്നിച്ച ഏതു കേസാണ് രാഷ്ട്രീയ കേരളത്തില്‍ തെളിഞ്ഞിട്ടുള്ളത്?                                                        ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss