|    Mar 30 Thu, 2017 4:32 am
FLASH NEWS

രാഷ്ട്രീയ അക്രമങ്ങള്‍ വ്യാപാരത്തെ ബാധിക്കുന്നു; വഴിയോരക്കച്ചവടക്കാരും കാത്തിരിപ്പില്‍

Published : 6th September 2016 | Posted By: SMR

തലശ്ശേരി: മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി അത്തം പിറന്നിട്ടും പൂക്കളെത്താത്തതിനാല്‍ തലശ്ശേരിയിലെ വഴിയോരക്കച്ചവടക്കാര്‍ ആശങ്കയില്‍. വിപണിയുടെ പൊതു സ്തംഭനാവസ്ഥയും പൂക്കളുടെ പൊള്ളുന്ന വിലയുമാണ് ഇക്കുറി പൂക്കളുടെ വരവിന് തടസ്സമെന്നാണു കച്ചവടക്കാരുടെ അഭിപ്രായം. വിവാഹം, ഗൃഹപ്രവേശം, ഓണവിപണി എന്നിവയ്ക്ക് പൂക്കള്‍ സാധാരണയായി എത്താറുണ്ട്. ഇക്കുറി വില വര്‍ധനവാണ് പ്രധാന തടസ്സം.
അരിമുല്ല ഒരു കെട്ടിന് 1200 രൂപയും മണമില്ലാത്ത മുല്ലക്ക് കെട്ട് ഒന്നിന് 650 രൂപ മുതല്‍ 700 രൂപയും ചെറിയ മുല്ലക്ക് 800 രൂപയും പൂക്കള ജമന്തിക്ക് ഒരു കെട്ടിന് 1200 രൂപയും ചെക്കിപ്പൂവിന് 50 രൂപയും അരളിപ്പൂവിന് 200 രൂപയുമാണ് നിലവിലുള്ള വില. ഓണം അടുത്തതോടെ വില ഇനിയും ഉയരുമെന്നാണ് പരമ്പരാഗത വില്‍പനക്കാര്‍ പറയുന്നത്.
അതേസമയം, നഗരത്തില്‍ വഴിയോര കച്ചവടത്തിനായി എത്തിയ ഇതര സംസ്ഥാന വ്യാപാരികള്‍ വലിയ നിരാശയിലാണ്. നഗരസഭ ഇവരില്‍ നിന്നീടാക്കുന്ന പതിവ് പിരിവും മറ്റ് ഇടപാടുകള്‍ക്കുമായി ഇടനിലക്കാര്‍ വാങ്ങുന്ന പണം വലിയ തുകകളായി വര്‍ധിച്ചതോടെ ഇതര സംസ്ഥാന കച്ചവടക്കാര്‍ നഗരത്തിലെത്താന്‍ നേരത്തേ വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. സംഘര്‍ഷ ഭീതിയില്‍ പൊടുന്നനെ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളും ഒന്നിനു പിറകെ ഒന്നായി വരുന്നതോടെ ഇതര സംസ്ഥാന വ്യാപാരികള്‍ നിരത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് വ്യാപാരം പറിച്ചുനടുകയായിരുന്നു.
ഇതിനെല്ലാം പുറമെ ഇതര സംസ്ഥാന കച്ചവടക്കാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ ചിലര്‍ പങ്കാളിത്തം കൂടി ആവശ്യപ്പെട്ടതോടെ വര്‍ഷത്തില്‍ ഒന്നാ രണ്ടോ തവണ ലഭിക്കുന്ന വ്യാപാരലാഭം കാല്‍ ശതമാനമായി ചുരുങ്ങുമെന്ന സ്ഥിതി കൂടി സംജാതമായി. ഇതോടെ വഴിയോര കച്ചവടക്കാര്‍ തലശ്ശേരിയെ കൊയ്യൊഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. പൂക്കച്ചവടക്കാരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.
തലശ്ശേരി നഗരത്തിലേക്ക് സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നത് പഴങ്കഥ ആയപ്പോഴാണ് ചെറിയ തുകയ്ക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങള്‍ പുതുവസ്ത്രങ്ങള്‍ക്കായി ഇതര സംസ്ഥാന ഉല്‍ന്നങ്ങളെ ആശ്രയിച്ചിരുന്നത്. രാഷ്ട്രീയ അക്രമം കാരണം നേരത്തെ പ്രമുഖ വാണിജ്യ പ്രദേശമായ തലശ്ശേരിയെ നശിപ്പിച്ചതിന്റെ ബാക്കിപത്രമായി തലശ്ശേരിയിലെ പൂക്കച്ചവടവും വഴിയോരക്കച്ചവടവും മാറുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day