|    Dec 14 Fri, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഷ്ട്രീയമാണെങ്കില്‍ നേര്‍ക്കുനേരെ ആവാം: ബിജെപിയെ വെല്ലുവിളിച്ച് പിണറായി

Published : 21st November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയലക്ഷ്യത്തിന് ആര്‍ക്കും വിട്ടുതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര അജണ്ട ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, അക്രമികള്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്ന മുന്നറിയിപ്പും നല്‍കി.
ശബരിമലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കരുതിക്കൂട്ടി വന്നവരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്യുന്നത്. സാധാരണ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. ശബരിമലയില്‍ സംഘപരിവാരം നടത്തുന്ന സമരം ഭക്തിയുടെ പേരിലല്ല. സമരക്കാരുടെ ഉള്ളിലിരിപ്പ് നേരത്തേ തന്നെ വ്യക്തമായതാണ്. സമരം ശബരിമലയില്‍ വരുന്ന യുവതികള്‍ക്കെതിരേയല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി നടത്തുന്നത് സര്‍ക്കാരിനോടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലാണെങ്കില്‍ അതിനു ശബരിമലയെ ഉപയോഗിച്ച് ഭക്തരെ പ്രയാസപ്പെടുത്തേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്‌നമല്ല, രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. സര്‍ക്കാരിനു നേര്‍ക്കുള്ള സമരമാണെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തട്ടെ. ശബരിമലയെ വെറുതെ വിടണം. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രത്യേക വിഭാഗത്തിന്റെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുതവണ നട തുറന്നപ്പോഴും പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ കണ്ടതാണ്. ഭക്തര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായ സാഹചര്യത്തില്‍ മാത്രമാണ് പോലിസ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കേന്ദ്രമന്ത്രി കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശിച്ചിട്ട് സുപ്രിംകോടതി വിധിയെക്കുറിച്ച് ഒന്നും പറഞ്ഞുകണ്ടില്ല. ബിജെപിയുടെ ദേശീയനേതാക്കള്‍ ശബരിമല ദര്‍ശനത്തിനു വരുമെന്ന് കേള്‍ക്കുന്നു. ദര്‍ശനത്തിനാണ് വരുന്നതെങ്കില്‍ അവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കും.
മറിച്ച്, സംഘര്‍ഷമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ ആ നിലയ്ക്ക് അതിനെ കാണേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. അവിടെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ കൂട്ടംകൂടാന്‍ പാടില്ലെന്ന ഉദ്ദേശ്യം വച്ചുള്ളതല്ല. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോള്‍ പ്രതിഷേധങ്ങള്‍ സന്നിധാനത്ത് വരാതിരിക്കുന്നതിനും പ്രതിഷേധക്കാര്‍ കൂട്ടംകൂടി ഭക്തരെ തടയുന്ന സ്ഥിതി ഉണ്ടാവാതിരിക്കാനുമാണ്. ശബരിമല ദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു സ്ത്രീയെയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. ആരുടെയും വീട് മുതല്‍ സംരക്ഷണം നല്‍കാനും പോലിസിന് കഴിയില്ല. പക്ഷേ, ദര്‍ശനത്തിനായി ആരെങ്കിലും നിലയ്ക്കലിലെത്തി സംരക്ഷണം ആവശ്യപ്പെട്ടാല്‍ പോലിസ് നല്‍കും.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനും ബിജെപിക്കുമൊപ്പമാണ് നീങ്ങുന്നത്.ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് എന്നും അവര്‍ വോട്ടിനു വേണ്ടി രാജ്യത്തെ വില്‍ക്കുകയാണെന്നും പിണറായി ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss