|    Sep 20 Thu, 2018 2:40 pm
FLASH NEWS
Home   >  Editpage  >  Editorial  >  

രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനം

Published : 26th January 2017 | Posted By: fsq

 

കള്ളപ്പണക്കാരെ പിടികൂടുമെന്ന ജനപ്രിയ പ്രസ്താവനകള്‍ക്ക് പ്രസിദ്ധരായ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫണ്ടിനെക്കുറിച്ച് ന്യൂഡല്‍ഹിയിലെ ഒരു സന്നദ്ധ സംഘടന ഈയിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ട വിവരങ്ങള്‍, ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം ഇരുണ്ടതാണെന്നു വ്യക്തമാക്കുന്നു. 2004-05 തൊട്ട് 2014-15 വരെയുള്ള ഒരു ദശകത്തിനുള്ളില്‍ രാജ്യത്തെ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 11,367 കോടി രൂപ സംഭരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 3982 കോടി സംഭാവനയായി ലഭിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടടുത്തുള്ളത് ബിജെപിയാണ്. 3272 കോടിയായിരുന്നു അവരുടെ വരവ്. സിപിഎമ്മിനു ലഭിച്ചത് 893 കോടി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ രേഖപ്പെടുത്തിയ വരവുചെലവു കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ നടുക്കുന്ന മറ്റു ചില വിവരങ്ങള്‍ കൂടി പുറത്തുവന്നു: അജ്ഞാതമായ കേന്ദ്രങ്ങളില്‍ നിന്നു വന്നതായിരുന്നു മൊത്തം സംഭാവനയില്‍ 69 ശതമാനവും. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വെളിപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ നിന്നു ദേശീയ പാര്‍ട്ടികള്‍ ശേഖരിച്ച തുകയില്‍ വര്‍ധന 313 ശതമാനമാണ്. പ്രാദേശിക പാര്‍ട്ടികളാവട്ടെ, ഇക്കാര്യത്തില്‍ ദേശീയ പാര്‍ട്ടികളെ മറികടന്നു ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. അവരുടെ ഈയിനത്തിലുള്ള വരുമാനം 652 ശതമാനമാണ് വര്‍ധിച്ചത്. ദലിത് രാഷ്ട്രീയ പ്രസ്ഥാനമായ ബഹുജന്‍ സമാജ് പാര്‍ട്ടിക്കാവട്ടെ, കിട്ടിയ തുക മുഴുവനും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ്. മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ആദായനികുതി വകുപ്പിനു കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും പഠനം സൂചിപ്പിക്കുന്നു. ഈ പഠനം ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്ന് എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പു പ്രചാരവേല അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കണക്കില്‍പ്പെടാത്ത ഒരുപാട് പണം ചെലവഴിക്കപ്പെടുന്നുണ്ട്. പ്രചാരവേലയ്ക്കും വോട്ടര്‍മാര്‍ക്ക് കൊടുക്കുന്ന നിയമവിരുദ്ധമായ സഹായങ്ങള്‍ക്കുമൊക്കെ യാതൊരു പരിധിയുമില്ലെന്ന് ഏവര്‍ക്കും അറിയാം. അത്തരം ചെലവുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കണക്കുകള്‍ മഞ്ഞുപാളിയുടെ മേലേതലപ്പ് മാത്രമാണെന്നുറപ്പ്.  രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാനുള്ള ശ്രമം നടക്കേണ്ടതുണ്ട് എങ്കിലും മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതില്‍ വേണ്ടത്ര തല്‍പരരല്ലാത്തതിനാല്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് ഒരുപാട് തടസ്സങ്ങള്‍ കാണുന്നു. 20,000ലധികം രൂപ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുവിവരം വെളിപ്പെടുത്തുന്നത് അടക്കമുള്ള ചില നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശിക്കുന്നവര്‍ അടങ്ങിയ ഒരു സമിതി വര്‍ഷംതോറും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനം പരിശോധിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ പല രാജ്യങ്ങളിലും ഉള്ളതാണ് അത്തരം സംവിധാനങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികമായ ഇടപാടുകള്‍ സുതാര്യമാക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുക. പ്രമുഖ പാര്‍ട്ടികള്‍ തന്നെയാണ് അതിനു സഹായിക്കുന്ന നിയമനിര്‍മാണത്തിനു മുമ്പോട്ടുവരേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss