|    Jul 16 Mon, 2018 4:32 am
FLASH NEWS
Home   >  Editpage  >  Editorial  >  

രാഷ്ട്രീയത്തിലെ ഗൗളികള്‍

Published : 4th August 2017 | Posted By: fsq

 

ഇന്ത്യാ മഹാരാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം എന്താണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ഇന്നത്തെ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളാണെന്ന് അസ്വസ്ഥത കൊള്ളുമ്പോഴും അതില്‍ നിന്ന് അന്യമായൊരു തുരുത്തെങ്കിലും ബാക്കിയുണ്ടെന്ന് ആശ്വസിക്കാന്‍ എപ്പോഴും നമുക്ക് അവസരം ലഭിക്കാറുണ്ട്. എന്നാല്‍, കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ അഴിമതിയുടെ തൊഴുത്തില്‍ വഴുതിവീഴാത്തവരായി ആരെങ്കിലുമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഏറ്റവും പ്രസക്തമായിരിക്കുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എത്തിച്ചേരാവുന്ന സാംസ്‌കാരിക ജീര്‍ണതയുടെ അത്യന്തം ബീഭത്സമായ മുഖമാണ് ബിജെപി നേതൃത്വത്തിലൂടെ അനാവൃതമാവുന്നത്. കക്കുന്നതില്‍ പോലും ഒരു വൃത്തിയും വെടിപ്പും മനുഷ്യര്‍ പ്രതീക്ഷിക്കാറുണ്ട്. ഇവിടെ നാം കാണുന്നത് കേരള രാഷ്ട്രീയത്തില്‍ ഇതുവരെയും ഗതിപിടിക്കാതെ പട്ടിണിയില്‍ അലഞ്ഞുപോയവരുടെ ആക്രാന്തംപിടിച്ച പരാക്രമങ്ങളാണ്. ഒരവസരം ലഭിച്ചാല്‍ പെറ്റമ്മയെ പോലും വിറ്റുകാശാക്കിയേക്കുമെന്നു തോന്നിപ്പോവുന്ന ഈ ആര്‍ത്തിപിടിച്ച രാഷ്ട്രീയത്തിനു ബിജെപി പ്രതിനിധാനം ചെയ്യുന്ന മനസ്സുമായും പ്രത്യയശാസ്ത്രവുമായും ബന്ധമുണ്ടെന്നതാണ് നേര്. ഹിന്ദുത്വത്തിന്റെ ഈ ഗോശാലയില്‍ കിടന്ന് അയവെട്ടുന്നവരെ മുഖാമുഖം അറിയാന്‍ ഇപ്പോള്‍ പുറത്തുവന്ന സംഭവങ്ങള്‍ തന്നെ ധാരാളമാണ്. നൈസര്‍ഗികമായ മനുഷ്യനന്മയുടെ ഇത്തിരി അംശമെങ്കിലും മനസ്സില്‍ അവശേഷിക്കുന്ന ആര്‍ക്കും ഇത്രയും തരംതാണ ഒരു വേഷത്തില്‍ സമൂഹമധ്യത്തില്‍ നിലയുറപ്പിക്കാനാവില്ല. പൊതുജനദൃഷ്ടിയില്‍ മുഖം നഷ്ടപ്പെട്ടവരുടെ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്തും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെന്നു മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്ന രീതിയിലാണ് സിപിഎമ്മും ഭരണകൂടവും വിഷയം കൈകാര്യം ചെയ്യുന്നത്. ഭരണകൂടത്തിന്റെയും സിപിഎമ്മിന്റെയും പല നയനിലപാടുകളും ബിജെപിയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കും വിധമാണെന്ന ആക്ഷേപം പലപ്പോഴും ഉയര്‍ന്നുകേട്ടിട്ടുണ്ട്. സിപിഎമ്മും ബിജെപിയും ഒരു പരസ്പരസഹായ സഹകരണസംഘം പോലെ പ്രവര്‍ത്തിക്കുന്നതാണ് പലപ്പോഴും കേരളത്തില്‍ കാണാന്‍ കഴിയുന്നത്. കേരളത്തെ രണ്ടായി വിഭജിച്ച് ഒരു കഷണം വര്‍ഗീയ കക്ഷിക്കു നല്‍കി ബാക്കി ഭൂരിഭാഗം കൈയടക്കാനാണ് സിപിഎമ്മിന്റെ ദുഷ്ടലാക്ക്. അതു സംസ്ഥാനത്തിനു മാത്രമല്ല, സിപിഎമ്മിനു പോലും രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ആര്‍ക്കും തിരിച്ചറിയാനാവും. ഒരു പല്ലിവാലിലേക്കു ശ്രദ്ധതിരിച്ചു രക്ഷപ്പെടാന്‍ രാഷ്ട്രീയത്തിലെ ഈ ഗൗളിക്കൂട്ടങ്ങളെ അനുവദിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ അനീതിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss