|    Mar 23 Thu, 2017 11:37 am
FLASH NEWS

രാഷ്ട്രീയക്കാര്‍ സിനിമക്കാരുടെ പിറകെ

Published : 25th March 2016 | Posted By: RKN

പരമു

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മല്‍സരിക്കുന്നത് നേരംപോക്കിനല്ല. വിജയക്കൊടി നാട്ടി ഭരണം പിടിച്ചെടുക്കാനാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ജനപിന്തുണയില്ലാത്ത പാര്‍ട്ടികള്‍ മുന്നണിയായി മല്‍സരിക്കുന്നു. മുന്നണിയായിട്ടും ജനപിന്തുണയില്ലാതെ വരുമ്പോള്‍ ജയസാധ്യതയ്ക്കായി പല അടവുകളും പയറ്റാറുണ്ട്. അതില്‍ ഒരു അടവാണ് സ്വതന്ത്രരെ കണ്ടുപിടിച്ച് മല്‍സരിപ്പിക്കല്‍.  പാര്‍ട്ടിക്കും മുന്നണിക്കും ഔദ്യോഗികസ്ഥാനാര്‍ഥികള്‍ക്കും എതിരായി മല്‍സരിക്കുന്ന വിമതസ്ഥാനാര്‍ഥികളെയും സ്വതന്ത്രന്മാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുക. കെട്ടിവച്ച തുക പോയാലും നാലാള്‍ അറിയുമല്ലോ എന്നു കരുതി മല്‍സരിക്കുന്ന സ്വതന്ത്രന്മാരും രംഗത്തുണ്ടാവും. രാഷ്ട്രീയപ്പാര്‍ട്ടികളോടും മുന്നണികളോടും ആഭിമുഖ്യം പുലര്‍ത്തുന്നവരെയും ഏതെങ്കിലും വിധത്തില്‍ ഇവരുമായി സമ്പര്‍ക്കമുള്ളവരെയുമാണ് സ്വതന്ത്രന്മാരായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരിഗണിക്കാറുള്ളത്. പാര്‍ട്ടിവിരുദ്ധനും മുന്നണിവിരുദ്ധനുമായ ഒരു സ്വതന്ത്രന് ആരും പിന്തുണ നല്‍കാറില്ല. സ്വതന്ത്രന്മാരെ സമര്‍ഥമായി ഉപയോഗിച്ചത് ആദ്യത്തെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സ്വന്തം കര്‍മമണ്ഡലങ്ങളില്‍ കഴിവുതെളിയിച്ച വി ആര്‍ കൃഷ്ണയ്യര്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി, ഡോ. കെ കെ മേനോന്‍ എന്നീ മൂന്നു സ്വതന്ത്രന്‍മാരെ പാര്‍ട്ടി മല്‍സരിപ്പിച്ചു. മൂന്നുപേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളവരായിരുന്നു. ഇവരുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പാര്‍ട്ടിക്ക് മൊത്തത്തില്‍ ജനപിന്തുണ വര്‍ധിക്കുകയും ചെയ്തു. പാര്‍ട്ടി ഭരണത്തിലെത്തിയപ്പോള്‍ മൂന്നുപേരെയും മന്ത്രിമാരാക്കി. പിന്നീട് പാര്‍ട്ടിയില്‍ പ്രഗല്ഭരുടെ എണ്ണം വര്‍ധിച്ചതിനാല്‍ സ്വതന്ത്രരെ തേടിനടക്കേണ്ടിവന്നില്ല. എങ്കിലും ഇടയ്‌ക്കൊക്കെ ചിലരെ മല്‍സരിപ്പിക്കുകയും ജയിപ്പിക്കുകയും തോല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ജയിച്ച കൂട്ടത്തില്‍ മന്ത്രിമാരാവാന്‍ പറ്റിയ സ്വതന്ത്രന്മാര്‍ ഉണ്ടായിട്ടില്ല എന്നു മനസ്സിലാക്കണം. കോണ്‍ഗ്രസ്സിനാണെങ്കില്‍ സ്ഥാനാര്‍ഥികളാവാന്‍ പാര്‍ട്ടിയില്‍ ധാരാളംപേര്‍ ഓരോ മണ്ഡലങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ സ്വതന്ത്രന്മാരുടെ കാര്യം പരിഗണിക്കേണ്ടിവന്നിട്ടില്ല. ഇക്കുറി സ്ഥിതിയാകെ മാറി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മൂന്നു മുന്നണികളും സ്വതന്ത്രന്മാരുടെ പിറകെ പായുകയാണ്. ബുദ്ധിജീവികളായി അറിയപ്പെടുന്ന പല പ്രമുഖരും ഒളിച്ചുനടക്കുകയാണ്. സിനിമക്കാര്‍ക്കാണെങ്കില്‍ ഒരു രക്ഷയുമില്ല. കോരിച്ചൊരിയുന്ന മഴയത്തുപോലും പല സിനിമക്കാരുടെ വീടുകളിലും ചിത്രീകരണസ്ഥലങ്ങളിലും രാഷ്ട്രീയനേതാക്കള്‍ കൈകൂപ്പി നില്‍ക്കുകയാണത്രെ. ഒന്നു വരൂ, മല്‍സരിക്കൂ, എംഎല്‍എയാവൂ, ജനങ്ങളെ രക്ഷിക്കൂ. കുറേ വര്‍ഷങ്ങളായി സിനിമയില്‍ യാതൊരു പണിയുമില്ലാതെ നടക്കുന്ന താരങ്ങള്‍ക്കാണെങ്കില്‍ ഇതൊരു നല്ല കാലവുമാണ്. മല്‍സരിക്കാന്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ട താരങ്ങള്‍ക്കാണെങ്കില്‍ പണ്ടേ പാര്‍ട്ടിനേതാക്കന്‍മാരെ അറിയാം. പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പാര്‍ട്ടി ജാഥകള്‍ നേരില്‍ കണ്ടിട്ടുണ്ട്, പാര്‍ട്ടി പത്രം വായിക്കുന്നുണ്ട്, പാര്‍ട്ടി ടിവി കാണാറുണ്ട്- ഇങ്ങനെ അനുഭവങ്ങളും പാരമ്പര്യങ്ങളുമൊക്കെ ഉള്ളവരുമാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും സമരങ്ങളിലുമൊന്നും പങ്കെടുത്തില്ലെങ്കിലും പാര്‍ട്ടിയോട് അങ്ങേയറ്റം ബഹുമാനം വച്ചുപുലര്‍ത്തുന്ന കെപിഎസി ലളിതചേച്ചി പടങ്ങളൊക്കെ ഒഴിവാക്കി വടക്കാഞ്ചേരിയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയതായിരുന്നു. പക്ഷേ, എന്തുചെയ്യാം. മണ്ഡലത്തിലെ സഖാക്കള്‍ക്ക് അതു ബോധിച്ചില്ല. ചേച്ചി തടിയൂരി. പണിയില്ലാത്ത മറ്റു പല താരങ്ങളും രംഗത്തുണ്ട്. പത്തനാപുരത്താണെങ്കില്‍ താരസംഘടനകളുടെ തിരഞ്ഞെടുപ്പാണെന്നാണു വിചാരിക്കുക. മൂന്നു മുന്നണികളും സിനിമക്കാരെ മല്‍സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചെങ്കൊടിപ്രസ്ഥാനത്തിന് ആഴത്തില്‍ വേരുള്ള ഈ മണ്ഡലത്തില്‍ ഒരു സിനിമക്കാരനെ ജനങ്ങള്‍ മൂന്നുവട്ടം ജയിപ്പിക്കുകയായിരുന്നു. ഗണേശ്കുമാറിനെ ചെങ്കൊടിപ്രസ്ഥാനം ഇക്കുറി സ്ഥാനാര്‍ഥിയാക്കുന്നു. മറ്റു മുന്നണികളും സിനിമക്കാരെ മല്‍സരിപ്പിക്കുന്നു. വേറെ ചില മണ്ഡലങ്ങളിലും സിനിമക്കാരുണ്ട്.  $

(Visited 71 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക