|    Jul 26 Wed, 2017 9:56 pm
FLASH NEWS

രാഷ്ട്രീയക്കാര്‍ വഞ്ചിക്കുന്നു: ഇന്ദിര പ്രിയദര്‍ശിനി റോഡിലൂടെയുള്ള യാത്ര ദുരിതം

Published : 18th July 2016 | Posted By: SMR

മരട്: നെട്ടൂര്‍ ഇന്ദിരാ പ്രിയദര്‍ശിനി റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ ആറ് കഴിഞ്ഞു. രാഷ്ട്രീയക്കാരും നഗരസഭ അധികൃതരും ചേര്‍ന്ന് സമീപവാസികളെ വഞ്ചിക്കുന്നു. മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ നിര്‍മിച്ച റോഡാണ് ഇന്ദിര പ്രിയദര്‍ശിനി റോഡ്. മരട് നഗരസഭ ആയി ഭരണം മാറി ആറ് വര്‍ഷം പിന്നിട്ടിട്ടും ഇവിടെ മല്‍സരിച്ച് ജയിച്ച കൗണ്‍സിലര്‍മാരും മറ്റും ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. അഡ്വ. ടി കെ ദേവരാജന്‍ നഗരസഭ ചെയര്‍മാനായിരുന്നപ്പോ ള്‍ മുന്‍ മന്ത്രിയും മുന്‍ കൗണ്‍സിലറും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാതെ അഞ്ച് വര്‍ഷമാണ് പാഴാക്കിയത്.
തുടര്‍ച്ചയായി അഞ്ച് വര്‍ഷവും അധികൃതരോട് പരാതി പറഞ്ഞിട്ടും സമീപവാസികളെയും യാത്രക്കാരെയും അധികൃതര്‍ അവഗണിക്കുകയായിരുന്നെന്ന് ഇന്ദിരാ പ്രിയദര്‍ശിനി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റ്റി എസ് എം നസീര്‍ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാതിരുന്ന അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇലക്ഷന് ഈ ഡിവിഷനില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുകയും ഇലക്ഷന്‍ ബഹിഷ്‌കരണത്തില്‍നിന്നും പിന്‍മാറണമെന്നും ജയിച്ചാല്‍ ഉടനെ തന്നെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും പരിഹാരം കണ്ടിട്ടില്ല. അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാ ന്‍ തീരുമാനിച്ചു. ഈ സമയത്തും വാഗ്ദാനങ്ങള്‍ നല്‍കാന്‍ അവര്‍ വീണ്ടുമെത്തി. എന്നാല്‍ ഇത്തവണയും അവര്‍ ഇലക്ഷന്‍ ബഹിഷ്‌കരണത്തില്‍നിന്നും പിന്‍മാറുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇതുവരെ ജയിച്ചവര്‍ പിന്നീട് ഈ പരിസരത്തേക്ക് വന്നതോ ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടോ ഇല്ല. എന്നാല്‍ ഈ റോഡ് പകുതി 27ാം ഡിവിഷനും പകുതി 26ാം ഡിവിഷനിലുംപെട്ടതാണ്. ഇരു വാര്‍ഡിന്റെയും കൗണ്‍സിലര്‍മാര്‍ ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ കല്ലുകളും മറ്റും ഇടുന്നതും കാനകള്‍ ശുചീകരിക്കുന്നതുമെല്ലാം ഇവിടത്തെ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക