|    Jun 25 Sun, 2017 5:42 pm
FLASH NEWS
Home   >  Editpage  >  Second edit  >  

രാഷ്ട്രീയക്കച്ചവടം

Published : 24th November 2016 | Posted By: SMR

രാഷ്ട്രീയം കച്ചവടമാണെന്ന് ദോഷൈകദൃക്കുകള്‍ പറയുമെങ്കിലും ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണം കൈയാളുന്നവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ അവരുടെ ഭരണത്തിലും തീരുമാനങ്ങളിലും പ്രതിഫലിക്കുന്നത് തടയാന്‍ വ്യവസ്ഥയുണ്ട്. ഭരണാധികാരികള്‍ക്കു മാത്രമല്ല, ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന മിക്ക ആളുകള്‍ക്കും ബാധകമായ അത്തരം നിയമങ്ങളും സമ്പ്രദായങ്ങളും നിലവിലുണ്ട്.
അമേരിക്കയിലും അത്തരം വ്യവസ്ഥകള്‍ നിലനില്‍ക്കുന്നു. അധികാരമേറ്റെടുത്താല്‍ പിന്നെ മറ്റു സാമ്പത്തിക താല്‍പര്യങ്ങളോ ബന്ധങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവിടെയും ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി വരുന്നതോടെ ഇത്തരം നീതിശാസ്ത്രങ്ങളൊക്കെ പഴഞ്ചനാവുമെന്നാണ് തോന്നുന്നത്.
ട്രംപിന്റെ ബിസിനസ് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. ലോകത്തിന്റെ പല ഭാഗത്തും അദ്ദേഹത്തിന് ഇടപാടുണ്ട്. അത്തരം ഇടപാടുകളൊന്നും ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറല്ല. ഇന്ത്യയില്‍ ട്രംപ് ടവര്‍ എന്ന പേരില്‍ പൂനെയില്‍ കെട്ടിടം നിര്‍മിക്കുന്ന സംഘം കഴിഞ്ഞദിവസം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇത് തങ്ങളുടെ ബിസിനസിന് ഗുണം ചെയ്യുമെന്ന് അവര്‍ പറയുന്നു. ഇംഗ്ലണ്ടില്‍ ട്രംപ് ഒരു ഗോള്‍ഫ് കോഴ്‌സ് പണിയുന്നുണ്ട്. അതിന്റെ സമീപത്ത് കടലില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുന്നത് തടയാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. അര്‍ജന്റീനയിലെ പ്രസിഡന്റ് മൗറീസ്യോ മാക്രിയുമായി ടെലഫോണില്‍ സംസാരിച്ചപ്പോള്‍, തന്റെ പുതിയ ബിസിനസ് സംരംഭത്തിന് അവിടെ ചില്ലറ പ്രതിസന്ധികളുണ്ടെന്നും അത് ഒഴിവാക്കാന്‍ സഹായിക്കണമെന്നുമാണത്രേ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പ്രധാനമായും അഭ്യര്‍ഥിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക