|    May 26 Fri, 2017 3:04 pm
FLASH NEWS

രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പോലിസിനെ ഉപയോഗിക്കേണ്ട: മുഖ്യമന്ത്രി

Published : 7th August 2016 | Posted By: SMR

കൊച്ചി: രാഷ്ട്രീയം മെച്ചപ്പെടുത്താന്‍ പോലിസിനെ ഉപയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ല പോലിസ് വായ്പാ സഹകരണസംഘം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുകളും മന്ത്രിസഭയും വരുകയും പോവുകയും ചെ    യ്യും. കേരള പോലിസിന് തനതായ നിലപാടും നിഷ്പക്ഷതയും നിയമക്രമ പാലനവുമാണ് ഉണ്ടാവേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
എല്ലാ പ്രശ്‌നത്തിനും ഭരണമാറ്റത്തിലുടെ പരിഹാരം കാണാന്‍ കഴിയുമെന്ന് ആരും കരുതേണ്ട. സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍ സര്‍വീസിന്റെ അച്ചടക്കം പാലിക്കണം. ആഭ്യന്തരവകുപ്പിന്റെ മേലെ കയറി ഇരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന കാര്യം മനസിലാക്കുന്നതു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലുള്ള ചേരിതിരിവിന്റെ സ്വാധീനം പോലിസില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോഴുണ്ടായതല്ല, മുമ്പുതന്നെയുള്ളതാണ്. ചേരിതിരിവിനെതുടര്‍ന്ന് കംപാര്‍ട്ടുമെന്റ്‌വല്‍കരണം പോലിസിലുണ്ടാവുന്നുണ്ടെന്നും ഈ കംപാര്‍ട്ടുമെ ന്റ്‌വല്‍കരണം അനുവദിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
പോലിസില്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ പോവുകയാണെങ്കില്‍ സംഘടനാ സ്വാതന്ത്ര്യം പോലും ഇല്ലാതാവുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് താന്‍ മുഖ്യമന്ത്രിയാവുന്നതിനു മുമ്പുതന്നെ പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്. തന്റെ ഈ നിലപാടില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. രാഷ്ട്രീയമായി ചേരിതിരിഞ്ഞു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പോലിസ് സംഘടനാ സ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടാവുമെന്നും പോലിസ് ജോലി നിര്‍വഹിക്കാന്‍ കഴിയുന്നവര്‍ മാത്രമെ പോലിസ് സേനയിലുണ്ടാവേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അഴിമതിനടത്താന്‍ പോലിസി ല്‍ ആരും വരേണ്ടതില്ല. പോലിസിന്റെ ഭാഗത്തുനിന്ന് മോശം പ്രവൃത്തിയുണ്ടായാല്‍ ആ മോശം പ്രവൃത്തി ചെയ്തയാള്‍ മാത്രമല്ല പോലിസ് സേന ആകെയും സര്‍ക്കാരുമാണ് മോശക്കാരാവുന്നതെന്നും കേരള പോലിസ് ഇത്തരത്തിലാണെന്നു പറയുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് സേനയില്‍ നവീകരണം വേണം. ചില നവീകരണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. നവീകരണത്തിലുടെ ഇന്നുള്ള മുഖം മാറ്റാന്‍ കഴിയും. മനുഷ്യനോടൊപ്പം നില്‍ക്കുന്നവരായിരിക്കണം പോലിസെന്നും അദ്ദേഹം പറഞ്ഞു. എട്ടു മണിക്കുര്‍ ജോലി എന്നത് പോലിസില്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിയില്ല. എട്ട് മണിക്കുറില്‍ കൂടുതല്‍ ജോലിചെയ്യേണ്ട സാഹചര്യമുണ്ടാവുമെന്നും അതേസമയം 12ഉം 14ഉം മണിക്കുര്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാവരുതെന്നതിനാല്‍ ഈ വിഷയങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day