|    Jun 28 Wed, 2017 12:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രീയം കോടതികളിലേക്ക് മാറ്റരുത്: സുപ്രിംകോടതി

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: കോടതികളിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രിംകോടതി. വരള്‍ച്ച ബാധിച്ച 12 സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എന്‍ വി രാമണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹരജി സമര്‍പ്പിച്ച സംഘടന ഒരു രാഷ്ട്രീയകക്ഷിയുടെ വിഭാഗമാണെന്നും ഹരജിക്കു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കോടതിയുടെ പരാമര്‍ശം വന്നത്. രാഷ്ട്രീയപ്പാര്‍ട്ടിയുടെ രജിസ്‌ട്രേഷനു വേണ്ടി സ്വരാജ് ഇന്ത്യ സമര്‍പ്പിച്ച അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും റോഹത്ഗി കോടതിയെ അറിയിച്ചു. ഹരജിക്കാര്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടില്ല എന്ന കാരണം കൊണ്ട് അവര്‍ രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്ന് അര്‍ഥമില്ല. ഹരജിക്കാര്‍ കോടതി നടപടികള്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണ്- അദ്ദേഹം വിശദമാക്കി.എന്നാല്‍, പ്രശാന്ത് ഭൂഷണ്‍ റോഹത്ഗിയുടെ വാദത്തെ എതിര്‍ത്തു. സ്വരാജ് അഭിയാനും സ്വരാജ് ഇന്ത്യയും ഒന്നല്ലെന്നും ആദ്യത്തേത് രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നുമായിരുന്നു ഭൂഷണ്‍ വാദിച്ചത്. സ്വരാജ് അഭിയാന് രാഷ്ട്രീയ താല്‍പര്യമില്ല. പൊതുതാല്‍പര്യാര്‍ഥം രാഷ്ട്രീയകക്ഷികള്‍ തന്നെ കോടതിയെ സമീപിച്ചാല്‍ അത് രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഈ അവസരത്തിലാണ് കോടതികളിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് കോടതി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 18ലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക