|    Jun 25 Mon, 2018 8:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രപതി സ്ഥാനാര്‍ഥി : ഇന്നു സോണിയയുടെ ഉച്ചവിരുന്ന് ; കെജ്‌രിവാളിന് ക്ഷണമില്ല

Published : 26th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കവേ ഇന്ന് പ്രതിപക്ഷനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഉച്ചവിരുന്ന്. പാര്‍ലമെന്റ് ഹൗസില്‍ നടക്കുന്ന വിരുന്നില്‍ എന്‍ഡിഎ ഘടകകക്ഷികളില്‍പ്പെടാത്ത മുഴുവന്‍ നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ വിളിച്ചിട്ടില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് മുലായം സിങ്, ജെഡിയു നേതാവ് ശരത് യാദവ്, മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എന്‍സിപിയുടെ ശരത്പവാര്‍, ഡിഎംകെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  പങ്കെടുക്കും.വിരുന്നില്‍ പങ്കെടുക്കുമെങ്കിലും മമത ബാനര്‍ജിക്കൊപ്പം ചര്‍ച്ചയ്ക്കില്ലെന്ന് സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിരുന്നില്‍ സംബന്ധിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷിക വേളയില്‍ നടക്കുന്ന വിരുന്നില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പൊതുസമ്മതനെ നിര്‍ത്തുന്ന കാര്യം പ്രതിപക്ഷനേതാക്കളുടെ ചര്‍ച്ചയ്ക്കു വരും. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ ദിവസങ്ങളായി രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഈ ചര്‍ച്ചയുടെ അവസാനഘട്ടം കൂടിയായിരിക്കും ഇന്ന്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ചോ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭപരിപാടികളോ ഇന്ന് അനൗദ്യോഗികമായി പ്രതിപക്ഷനേതാക്കള്‍ ചര്‍ച്ചചെയ്യില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെയും മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന്റെയും പേരുകളാണ്  പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ളത്. അടുത്ത മൂന്നിന് കരുണാനിധിയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷനേതാക്കളുടെ മറ്റൊരു സംഗമമായിരിക്കും. അടുത്തിടെ മമതയും സോണിയയും കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പ്രതിപക്ഷം ഒരു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ കെജ്‌രിവാള്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss