|    Nov 21 Wed, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാഷ്ട്രപതിയുടെ ചടങ്ങിന് ബോംബ് ഭീഷണി; പൂജാരി പിടിയില്‍

Published : 7th August 2018 | Posted By: kasim kzm

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൃശൂരില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരിയെ പോലിസ് കസ്റ്റഡിയിലെടുത്തു.
ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി പാവറട്ടി അന്നകര സ്വദേശി ജയരാമനെ (48)യാണ് തൃശൂര്‍ ഈസ്റ്റ് പോലിസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.05നാണ് പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വധഭീഷണി മുഴക്കിയുള്ള ഫോണ്‍ സന്ദേശമെത്തിയത്.
ഉടന്‍ തന്നെ സിറ്റി അസി. കമ്മീഷണര്‍ വി കെ രാജു, സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം അസി. കമ്മീഷണര്‍ ടി എസ് സിനോജ്, ഈസ്റ്റ് സിഐ സേതു എന്നിവരുടെ നേതൃത്വത്തില്‍ ഫോണ്‍കോളിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു.
രാത്രി തന്നെ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ വിളി വന്നത് ജയരാമന്റെ വീട്ടില്‍ നിന്നാണെന്നു വ്യക്തമായി. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.30ഓടെ പാവറട്ടി പോലിസ് വീട് വളഞ്ഞ് ജയരാമനെ പിടികൂടുകയായിരുന്നു. ഇയാളെ വൈകാതെ ഈസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രപതിയാണ്. കോളജില്‍ ബോംബ് വയ്ക്കുമെന്നാണ് ജയരാമന്‍ ഭീഷണി മുഴക്കിയത്. മദ്യലഹരിയില്‍ അറിയാതെ വിളിച്ചതാണെന്നാണ് പോലിസിന് ഇയാള്‍ മൊഴി നല്‍കിയത്. മദ്യലഹരിയില്‍ വിളിച്ചുപോയതാണെന്ന് പ്രതി പറയുന്നുണ്ടെങ്കിലും രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍സന്ദേശം നല്‍കാനുണ്ടായ സാഹചര്യമെന്താണെന്ന് പോലിസ് ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
രാഷ്ട്രീയബന്ധങ്ങളോ ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി അനുഭാവമോ ഇയാള്‍ക്കില്ലെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായത്.
ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കൂവെന്ന് പോലിസ് അറിയിച്ചു. സംഭവത്തിനു പിന്നില്‍ മറ്റു ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയാലും സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രപതി മടങ്ങുന്നതുവരെ പ്രതിയെ തടങ്കലില്‍ വയ്ക്കാന്‍ സാധ്യതയുണ്ട്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss