|    Mar 23 Thu, 2017 5:52 am
FLASH NEWS

രാഷ്ടീയ കൊടുങ്കാറ്റഴിച്ചുവിട്ട മങ്കടയില്‍ പോരിന് കളമൊരുങ്ങി

Published : 22nd March 2016 | Posted By: SMR

ഷമീര്‍ രാമപുരം

മങ്കട: സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വേദിയായ വള്ളുവനാടന്‍ ഭൂമിയിലെ നവോഥാനത്തിന്റെ ഈറ്റില്ലമായ മങ്കടയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ആരില്‍ നിന്നും വഴുതി മാറാനും ആര്‍ക്കും കൈപിടിയിലമര്‍ത്താനും കെല്‍പ്പുള്ള മണ്ഡലം. മങ്കട, മക്കരപറമ്പ്, കുറുവ, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, കൂട്ടിലങ്ങാടി തുടങ്ങി ഏഴ് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നു.
ഇതില്‍ മങ്കടയും അങ്ങാടിപ്പുറവും പുഴക്കാട്ടിരിയും മൂര്‍ക്കനാടും കൂട്ടിലങ്ങാടിയും ഇപ്പോള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. മക്കരപറമ്പ്, കുറുവ പഞ്ചായത്തുകളില്‍ നേരിയ ലീഡിലാണ് യുഡിഎഫിന്റെ ഭരണം. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണങ്ങള്‍ തൂത്തുവാരിയിരുന്നു. മഞ്ഞളാംകുഴി അലിയുടെ ചുവടുമാറ്റമായിരുന്നു ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അലി ഇഫക്ട് പ്രകടമായില്ല. 1967ല്‍ സി എച്ച് മുഹമ്മദ് കോയയെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ചരിത്രമുണ്ട് മങ്കടയ്ക്ക്. 2006ല്‍ അദ്ദേഹത്തിന്റെ മകന്‍ എം കെ മുനീറിനെയാണ് ഇടതു സ്വതന്ത്രന്‍ മഞ്ഞളാംകുഴി അലി പരാജയപ്പെടുത്തിയത്. 57ല്‍ രൂപീകൃതമായ മങ്കടയിലെ പ്രഥമ സാമാജികന്‍ കോഡൂര്‍ വലിയപീടിയേക്കല്‍ മുഹമ്മദാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ മണ്ഡലങ്ങളിലെ ചില പഞ്ചായത്തുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പു വരെ മങ്കടയുടെ ഭാഗമായിരുന്നു. മണ്ഡല വിഭജനത്തെ തുടര്‍ന്ന് പുലാമന്തോള്‍, ഇരിമ്പിളിയം, എടയൂര്‍, കോഡൂര്‍ പഞ്ചായത്തുകളാണ് മങ്കടയ്ക്ക് നഷ്ടപ്പെട്ടത്. ഇതില്‍ മങ്കടയിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നു ചേക്കേറിയത് അങ്ങാടിപ്പുറം പഞ്ചായത്ത് മാത്രമാണ്. മലപ്പുറം ജില്ലാ രൂപീകരണ ആശയം ആദ്യമായി നിയമസഭയില്‍ അവതരിപ്പിച്ചത് മങ്കടയുടെ രണ്ടാമത്തെ എംഎല്‍എ പി അബ്ദുല്‍മജീദായിരുന്നു. 65ല്‍ പാലോളി മുഹമ്മദ്കുട്ടി, 67ല്‍ സി എച്ച് മുഹമ്മദ്‌കോയ, 70ല്‍ എം മൊയ്തീന്‍കുട്ടി ഹാജി, 77ല്‍ കൊരമ്പയില്‍ അഹമ്മദ്ഹാജി, 80 മുതല്‍ 96 വരെ കെ പി എ മജീദ് എന്നിവരായിരുന്നു മങ്കടയുടെ എംഎല്‍എമാര്‍.
2001ലും 2006ലും മഞ്ഞളാംകുഴി അലിയും 2011ല്‍ ടി എ അഹമ്മദ് കബീറും മങ്കടയുടെ സാരഥികളായി. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ തവണ അലി ലീഗിലെത്തിയതോടെയാണ് മണ്ഡലം വീണ്ടും കൈപിടിയിലൊതുക്കാന്‍ യുഡിഎഫിനായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്കുവച്ചു നോക്കുമ്പോള്‍ യുഡിഎഫിന് ആയിരത്തോളം വോട്ടുകളുടെ ലീഡ് മാത്രമേ മണ്ഡലത്തിലുള്ളു. മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമുണ്ട്. കൂട്ടിലങ്ങാടി, മക്കരപറമ്പ്, മങ്കട പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കും സ്വാധീനമുണ്ട്. യുഡിഎഫിനു വേണ്ടി ടി എ അഹമ്മദ് കബീര്‍ രണ്ടാം ഊഴം തേടുമ്പോള്‍ ജില്ലാ പഞ്ചായത്തിലേക്ക് അട്ടിമറി വിജയം നേടിയ അഡ്വ. ടി കെ റഷീദലിയെയാണ് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിട്ടുള്ളത്. ദീര്‍ഘകാലം അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് അംഗവുമായി പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട് റഷീദലിക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 23,493 വോട്ടിനാണ് യുഡിഎഫിലെ ടി എ അഹമ്മദ് കബീര്‍ എല്‍ഡിഎഫിലെ ഖദീജ സത്താറിനെ പരാജയപ്പെടുത്തിയത്. എസ്ഡിപിഐയിലെ ഡോ. സി എച്ച് അഷ്‌റഫ് അന്ന് 3,015 വോട്ടുകളും നേടി. മാറുന്ന മങ്കടയ്ക്ക് മാറാത്ത കൈയ്യൊപ്പ് ചാര്‍ത്തിയെന്നാണ് യുഡിഎഫിന്റെ അവകാശ വാദം. എന്നാല്‍, പൊള്ളത്തരങ്ങളും കള്ള വാഗ്ദാനങ്ങളുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിന്റെ ശേഷിപ്പെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലമാണ് മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്. എസ്ഡിപിഐക്കുവേണ്ടി കൂട്ടിലങ്ങാടി കീരന്‍കുണ്ട് സ്വദേശിയും മലപ്പുറം ബാറിലെ പ്രമുഖ അഭിഭാഷകനുമായ എ എ റഹീമാണ് തേര് തെളിയിക്കുന്നത്.
കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, മഅ്ദനി നിയമ സഹായ സമിതി അഭിഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വെറുതെ വിടാനിടയാക്കിയത് റഹീം ഉള്‍കൊള്ളുന്ന അഭിഭാഷക പാനലിന്റെ മിടുക്ക് കൊണ്ടുകൂടിയായിരുന്നു. മലപ്പുറം ഗവ. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അദ്ദേഹം വന്‍ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി, ആക്‌സസ് ഇന്ത്യ സംസ്ഥാന ട്രൈനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റഹീം മികച്ച പ്രാസംഗികനും തൊഴിലാളി നേതാവുമാണ്.

(Visited 174 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക