|    Nov 15 Thu, 2018 2:38 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

രാമസ്തുതിയുടെ വിപ്ലവ കര്‍ക്കടകമാസം

Published : 14th July 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു
വറുതിയുടെയും രോഗങ്ങളുടെയും മാസമാണ് കര്‍ക്കടകം. ശക്തിയായ കാറ്റും പേമാരിയും ജീവനു ഭീഷണിയായതിനാല്‍ കള്ളക്കര്‍ക്കടകം എന്ന് പണ്ടുകാലം മുതലേ വിശേഷിപ്പിച്ചുവരുന്നു. സൂര്യന്‍ കര്‍ക്കടകരാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണിത്. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം യാതൊരുവിധ വരുമാനവും ഇല്ലാത്ത കാലമാണിത്. വിളകള്‍ പോലും നശിച്ചുപോവുന്നു. അതുകൊണ്ട് പഞ്ഞമാസം എന്നാണ് കര്‍ക്കടകമാസത്തെ വിളിക്കുന്നത്. ഹിന്ദുക്കള്‍ക്ക് കര്‍ക്കടകം ആധ്യാത്മിക ചിന്തയ്ക്കുള്ള മാസമാണ്. കുളിച്ച് ദീപം തെളിയിച്ച് രാമായണം വായന തുടങ്ങും. കര്‍ക്കടകമാസം അവസാനിക്കുമ്പോഴേക്കും വായന അവസാനിപ്പിക്കുകയും വേണം. അതുകൊണ്ട് കര്‍ക്കടകമാസത്തെ രാമായണമാസമെന്നും പലരും വിളിക്കുന്നുണ്ട്.
ആരോഗ്യത്തിനും ശരീരപുഷ്ടിക്കും ഔഷധക്കഞ്ഞി കുടിക്കുന്നതും ഈ മാസത്തിലാണ്. മുക്കുറ്റിപൂവ്, കുറുന്തില, കറുക തുടങ്ങിയവ ഔഷധക്കഞ്ഞി തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഈ കഞ്ഞിക്ക് കര്‍ക്കടകക്കഞ്ഞി എന്നും പറഞ്ഞുവരുന്നുണ്ട്. ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ സന്ദര്‍ഭം കൂടിയാണ് ഈ മാസം. ശരീരം അരോഗദൃഢമാക്കാനുള്ള അവസരം. പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും മാസം കൂടിയായി കര്‍ക്കടകത്തെ കാണാം. ഐശ്വര്യപൂര്‍ണമായ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കൊല്ലവര്‍ഷത്തിലെ 12ാമത് മാസമാണു കര്‍ക്കടകം. പഞ്ഞമാസത്തിലേക്ക് വേണ്ടതൊക്കെ ഗൃഹനാഥന്മാര്‍ ഒരുക്കിവയ്ക്കും. പണ്ടുകാലത്ത് ഈ മാസത്തേക്ക് കരുതലായി കുഞ്ചികളില്‍ നാണയത്തുട്ടുകള്‍ ഇട്ടുവയ്ക്കും. രോഗം വരാതിരിക്കാന്‍ വീടും പരിസരവും ശുദ്ധീകരിക്കും. കുടുംബങ്ങള്‍ മാത്രമല്ല, സര്‍ക്കാരും പഞ്ഞമാസത്തിലേക്കു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തും. പഞ്ഞമാസത്തില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ കൊടുക്കാന്‍ തുടങ്ങിയത് അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ അരിവിഹിതം ഈ മാസത്തിന്റെ പേരില്‍ കേരളം എപ്പോഴും ആവശ്യപ്പെടാറുണ്ട്.
മഴക്കാലവും രോഗങ്ങളും വരുന്നതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കള്ളക്കര്‍ക്കടകം ഇങ്ങെത്തി. എന്നിട്ടും ഈ നിര്‍ണായകമായ അവസരത്തില്‍ കേരള സര്‍ക്കാരിന് നാഥനില്ല. മുഖ്യമന്ത്രി അമേരിക്കയിലാണ്. ഇപ്പോഴത്തെ സംസ്ഥാന ഭരണത്തിന് ഒരു പ്രത്യേകതയുണ്ട്. മുഖ്യമന്ത്രിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിലെ ഒരില അനങ്ങില്ല. ജനകീയ ഭരണവും മുന്നണി ഭരണവുമൊക്കെയാണെങ്കിലും മുഖ്യമന്ത്രിയില്ലാതെ ഫയലുകള്‍ നീങ്ങില്ല. പകരം ചുമതല കൊടുക്കാതെയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിദേശത്തേക്കു പറന്നത്. അതുകൊണ്ട് ഭരണചക്രം തിരിയാതെയായി. മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാംപദവിക്കാരന്‍ ഞാനാണെന്ന് മേനിനടിച്ചു നടക്കുന്ന സഖാവ് ബാലന്‍മന്ത്രിക്കാണെങ്കില്‍ മുഖ്യമന്ത്രി ഉള്ളപ്പോള്‍ തന്നെ ആ ഓഫിസിലേക്കു പോവാന്‍ ശീട്ടെടുക്കണം.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തന്റെ അധികാരം എങ്ങനെയെങ്കിലും വിനിയോഗിക്കാതിരുന്നാല്‍ മാലോകരുടെ മുന്നില്‍ മോശമല്ലേ എന്നു കരുതി അദ്ദേഹം ജനങ്ങളുടെയാകെ നീറുന്ന ഒരു പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. അമ്മ എന്ന താരസംഘടനയുടെ പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലുമായി അരമണിക്കൂര്‍ നേരം രാഷ്ട്രീയവും രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യങ്ങളും ഒക്കെ സംസാരിച്ച് പത്രങ്ങള്‍ക്ക് ചെറിയൊരു വാര്‍ത്ത കൈമാറാന്‍ മന്ത്രിക്കു കഴിഞ്ഞു. അമ്മയുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ഒരു നയപ്രഖ്യാപനവും അദ്ദേഹം നടത്തി. സഖാവ് ബാലന്‍മന്ത്രി ഇത്രയും ചെയ്തത് ‘കര്‍ക്കടക പുണ്യം.’
സിപിഎം ആണെങ്കില്‍ ശ്രീരാമസ്തുതി പാടിക്കൊണ്ട് കര്‍ക്കടകത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതിനു വേണ്ടി ചില സംസ്‌കൃത പണ്ഡിതന്മാരെ മാര്‍ക്‌സിസവും ലെനിനിസവും ലെനിനിസ്റ്റ് സംഘടനാ തത്ത്വങ്ങളും പഠിപ്പിച്ചുവച്ചിട്ടുണ്ട്. പ്രതിപക്ഷമാണെങ്കില്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ കര്‍ക്കടകക്കഞ്ഞി കുടിക്കാന്‍ തുടങ്ങി. മരുന്നുകള്‍ സേവിച്ച് ആരോഗ്യം നന്നാക്കാന്‍ പ്രതിപക്ഷനേതാക്കളും ശ്രമിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ സംഘടനാ തര്‍ക്കങ്ങള്‍ പരിഹരിക്കാനും പുതിയ നേതാക്കളെ അവരോധിക്കാനും സമയം കണ്ടെത്തുന്നു.
കാലവര്‍ഷം ശക്തിപ്പെട്ടതും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതും ഉരുള്‍പൊട്ടലിലും മറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ചതും രോഗങ്ങള്‍ പടരുന്നതും പ്രതിപക്ഷം അറിഞ്ഞിട്ടില്ല. കര്‍ക്കടകക്കഞ്ഞി സേവിക്കുമ്പോള്‍ മനസ്സിന് വിഷമം വരുന്ന കാര്യങ്ങളൊന്നും ആലോചിക്കാന്‍ പാടില്ലത്രേ! പീഡനങ്ങള്‍, പോലിസ് അതിക്രമങ്ങള്‍, അഴിമതി തുടങ്ങിയ കാര്യങ്ങളൊന്നും കര്‍ക്കടകത്തില്‍ ചര്‍ച്ചചെയ്യുന്നത് മര്യാദയല്ല.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അമേരിക്കയില്‍പ്പോയി അവാര്‍ഡും മറ്റും വാങ്ങുന്നത് പ്രതിപക്ഷത്തിനെ വളരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. നാളെ അവര്‍ക്കും അങ്ങോട്ടു പോവാനുള്ളതല്ലേ? സുഖചികില്‍സയിലും വിശ്രമത്തിലും കഴിയുമ്പോള്‍ ഭരണസ്തംഭനമൊന്നും വലിയ കാര്യമല്ല. അതൊക്കെ നോക്കാന്‍ കുറേ ചാനലുകാര്‍ ഓവര്‍ടൈം പണി ചെയ്യുന്നുണ്ടല്ലോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss