|    Oct 17 Wed, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘രാമലീല’ റിലീസ്: കരിദിനത്തിന് ആഹ്വാനം; സംഘര്‍ഷ സാധ്യതയെന്ന് റിപോര്‍ട്ട്

Published : 16th September 2017 | Posted By: fsq

 

സമദ് പാമ്പുരുത്തി

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ തുടരവേ, ദിലീപ് നായകനായ ചലച്ചിത്രം രാമലീലയുടെ റിലീസിങ് നടക്കുന്ന ഈ മാസം 28നു കരിദിനമായി ആചരിക്കാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം. “രാമലീല’ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകള്‍ക്ക് മുന്നിലും അന്നു പ്രതിഷേധം സംഘടിപ്പിക്കാനാണ് സ്ത്രീപക്ഷ പ്രവര്‍ത്തകരും മറ്റും ഒരുങ്ങുന്നത്. “രാമലീല’ റിലീസ് ചെയ്യുന്നതിന് തിയേറ്ററുകള്‍ക്കു പോലിസ് സംരക്ഷണമാവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. ആക്രമണം ഭയന്നു തിയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനത്തിനു വിസമ്മതിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ജയിലില്‍ കിടക്കെ തന്നെ ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റാക്കാനാണു ദിലീപ് ഫാന്‍സ് അസോസിയേഷന്റെ നീക്കം. റിലീസ് പലതവണ മാറ്റിവച്ച “രാമലീല’ സപ്തംബര്‍ 28നു തിയേറ്ററിലെത്തുമെന്ന വാര്‍ത്ത നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ ഏഴിനായിരുന്നു റിലീസ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ 21ലേക്ക് മാറ്റി. ഇതിനിടെ ദിലീപ് അറസ്റ്റിലായതോടെ റിലീസ് കടുത്ത പ്രതിസന്ധിയിലായി. അറസ്റ്റിന് പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ശൃംഖലയായ ദേ പുട്ടിനു നേരെയും ചാലക്കുടിയിലെ ഡി സിനിമാസിനു നേരെയും ആക്രമണമുണ്ടായിരുന്നു. ദിലീപിന് അനുകൂലമായ തരത്തില്‍ പ്രതികരിച്ച നടന്‍ ശ്രീനിവാസന്റെ വീടിനുനേര്‍ക്ക് കരിഓയില്‍ പ്രയോഗവും നടന്നിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലിസ് സംരക്ഷണമാവശ്യപ്പെട്ട് നിര്‍മാതാവ് കോടതിയെ സമീപിച്ചത്. 15 കോടി രൂപ മുടക്കിയാണു രാമലീല നിര്‍മിച്ചത്. നവാഗതനായ അരുണ്‍ ഗോപിയാണ് സംവിധായകന്‍. പ്രചാരണത്തിനു വേണ്ടി മാത്രം ഒരു കോടിയോളം രൂപ ചെലവായി. ദിലീപ് ജാമ്യാപേക്ഷയുമായി രണ്ടാം തവണ ഹൈക്കോടതിയെ സമീപിച്ച വേളയില്‍ ജാമ്യം ലഭിച്ചാല്‍ ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, രണ്ടു മാസം കഴിഞ്ഞിട്ടും കേസിന്റെ സ്ഥിതിയില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കേണ്ടതില്ലെന്നാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍, നടിക്കു നേരെ നടന്ന പൈശാചിക കൃത്യങ്ങള്‍ മറന്നുകൊണ്ട് 28ാം തിയ്യതി തിയേറ്ററിലേക്ക് പോകാന്‍ മാത്രം മനസ്സാക്ഷി ഇല്ലാത്തവരല്ല ആ നടിയുടെ സഹജീവികളെന്നാണു സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss