|    Feb 25 Sat, 2017 1:05 pm
FLASH NEWS

രാമഭദ്രന്‍ വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവ് രാമഭദ്രന്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് സിപിഎമ്മുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സനല്‍ സ്റ്റാഫംഗവും ഡിവൈഎഫ്‌ഐ നേതാവുമായ മാക്‌സണ്‍, സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, ഡിവൈഎഫ്‌ഐ നേതാവ് പുനലൂര്‍ സ്വദേശി റിയാസ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. മൂവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തു.
ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു. രാഷ്ട്രീയപ്രേരിതമായ കേസാണ് ഇതെന്നായിരുന്നു പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, മൂന്നുപേരെയും സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് മൂന്നുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ആകെ 20 പ്രതികളാണ് കേസിലുള്ളത്.
അതിനിടെ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഗിരീഷിനെ മര്‍ദിച്ച പ്രതികളെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചതാണ് രാമഭദ്രനെ കൊലപ്പെടുത്താന്‍ കാരണമെന്ന കേസിലെ മൂന്നാംപ്രതി അഫ്‌സലിന്റെ രഹസ്യമൊഴി പുറത്തുവന്നു. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയാണ് പുറത്തായത്. സംഭവം നടക്കുന്ന കാലയളവില്‍ എസ്എഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റായിരുന്നു അഫ്‌സല്‍. ഗിരീഷിന്റെ നിര്‍ദേശപ്രകാരം ഷിബു, വിമല്‍, രതീഷ് എന്നിവര്‍ രാമഭദ്രന്റെ വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നുവെന്ന് മറ്റൊരു പ്രതിയായ സുധീഷ് തന്നോട് വെളിപ്പെടുത്തിയെന്നും രഹസ്യമൊഴിയില്‍ പറയുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന വേളയിലാണ് അഫ്‌സല്‍ രഹസ്യമൊഴി നല്‍കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ വാദത്തിനേറ്റ തിരിച്ചടിയാണ് മൂന്നാംപ്രതിയുടെ നിര്‍ണായക രഹസ്യമൊഴി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനെ സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മുഖ്യപ്രതിയാണെന്ന് സംശയിക്കുന്ന സിപിഎം അഞ്ചല്‍ ഏരിയാസെക്രട്ടറി പി എസ് സുമന്‍ ഒളിവിലാണ്. ചോദ്യംചെയ്യലിന് ഹാജരാവാന്‍ സുമന് സിബിഐ നോട്ടീസയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുമനെ അന്വേഷിച്ച് സിബിഐ വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക