|    Oct 20 Sat, 2018 11:14 pm
FLASH NEWS

രാമപുരം കുറിഞ്ഞി കോട്ടമല പാറമട : പഞ്ചായത്ത് പെര്‍മിറ്റ് വ്യവസ്ഥകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പാറമട ഉടമ ട്രൈബ്യൂനലിനെ സമീപിച്ചു

Published : 20th January 2017 | Posted By: fsq

 

പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയിലെ പാറമടയ്ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാടമട ഉടമ നല്‍കിയ പരാതിയില്‍ തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂനല്‍ വാദം കേട്ടു. എന്നാല്‍ പഞ്ചായത്തിന്റെ അഭിഭാഷകന്‍ മുമ്പ് തര്‍ക്കമില്ലാതിരുന്ന വിഷയങ്ങളില്‍ തര്‍ക്കം ഉന്നയിച്ചതോടെ ട്രൈബ്യൂനല്‍ പഞ്ചായത്തിന്റെ വാദം കേള്‍ക്കുന്നതിന് തീരുമാനിച്ചു. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. പാറമടയുടമയുടെ വാദത്തില്‍ എതിര്‍പ്പ് നേരിട്ടതോടെ കോടതി കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു. ഇതോടെ പാറമടയുടെ അഭിഭാഷകന്‍ 28 വരെ കോട്ടമലയില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തില്ലെന്നും പാറ പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോടതിവിധി വന്ന ശേഷമേ പുനരാരംഭിക്കൂ എന്നും അറിയിച്ചു. സമരസമിതിയുടെ നിലപാടുകള്‍ക്ക് അനുകൂലമായ തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഗ്രീന്‍സ്റ്റെപ്പ് നേച്ചര്‍ സൊസൈറ്റി ഭാരവാഹി മജു പറഞ്ഞു. പാറമട പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഫയര്‍ഫോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, ഡിഎംഒയുടെ സര്‍ട്ടിഫിറ്റ്, ഫാക്ടറീസ് ആയിലേഴ്‌സ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരുവുള്ള ഭാഗങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി മാറ്റിവേണ പാറ ഖനനം, ഇവിടെ അപകടവും മലിനീകരണവും ഉണ്ടാവില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടായെന്നും കലക്ടറെ ബോധ്യപ്പെടുത്തി എന്‍ഒസി വാങ്ങണം, പാറ ഖനനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രദേശവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം തുടങ്ങിയവയായിരുന്നു പഞ്ചായത്ത് പെര്‍മിറ്റ് നല്‍കുന്നതിനായി മുന്നോട്ടു വച്ച നിബന്ധനകള്‍.ഈ നിബന്ധനകള്‍ പാലിക്കാതെ ലൈസന്‍സ് നല്‍കേണ്ട എന്നായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് പാറമട ഉടമ അനുകൂലമായ വിധി സമ്പാദിച്ചു. തുടര്‍ന്ന് ഇതിനെതിരേ സുപ്രിം കോടതിയില്‍ പഞ്ചായത്ത് നല്‍കിയ ഹരജിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ചശേഷം വേണമെങ്കില്‍ ലൈസന്‍സ് നല്‍കണോ എന്നു പുനര്‍പ്പരിശോധിക്കാവുന്നതാണെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. പരിസ്ഥിതി വകുപ്പിലേക്ക് വിഷയം പോയെങ്കിലും കോടതി വിധി അനുകൂലമാണെന്ന് പറഞ്ഞ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തംഗങ്ങള്‍ പോലുമറിയാതെ അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരേ പൗരസമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കുകയും ഒടുവില്‍ ആര്‍ഡിഒ 144 പ്രഖ്യാപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. ഇതിനെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പാറമടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെയും കോടതിയില്‍ കേസിരിക്കുകയാണ് പഞ്ചായത്തു കമ്മിറ്റി പെര്‍മിറ്റ് അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂനലില്‍ പരാതി നല്‍കിയിരുന്നതെന്ന് ഗ്രീന്‍ സ്റ്റെപ്പ് നേച്ചര്‍ സൊസൈറ്റി ഭാരവാഹി മജു പറഞ്ഞു. പഞ്ചായത്ത് നിശ്ചയിച്ച വ്യവസ്ഥകള്‍ ഒന്നും തന്നെ പാറമട ഉടമ പാലിച്ചിട്ടില്ല. കോട്ടയം ഫയര്‍ ഫോഴ്‌സ് പാറമടയ്ക്ക് പ്രതികൂലമായ റിപോര്‍ട്ടാണ് നല്‍കിയത് എന്നതിനാല്‍ ഫയര്‍ഫോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഇല്ല. പുറപ്പുഴ പഞ്ചായത്ത് ഇതിനെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു.ഡിഎംഒയുടെ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചെടുത്തെങ്കിലും വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎംഒ വിദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയും ആര്‍ഡിഒയുടെ 144 ഉം കോടതി തള്ളിക്കളഞ്ഞാലും പെര്‍മിറ്റ് വ്യവസ്ഥകളിലൂടെ പാറമട പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പഞ്ചായത്തിനു സാധിക്കുമെന്ന് സമരസമിതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss