|    Aug 20 Sun, 2017 4:05 am
FLASH NEWS

രാമന്തളി മാലിന്യപ്രശ്‌നം : കുടിവെള്ള വിതരണം തുടരും

Published : 10th August 2017 | Posted By: fsq

 

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നു മലിനജലം ഒഴുകിയെത്തി കിണറുകള്‍ മലിനമായ രാമന്തളി തെക്കുമ്പാട്ടെ മലിന ബാധിത പ്രദേശത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ടാങ്കര്‍ ലോറി വഴിയുള്ള കുടിവെള്ള വിതരണം തുടരാന്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മഴ പെയ്തതോടെ കിണര്‍ വെള്ളം മലീനമാവുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നും ആയതിനാല്‍ കുടിവെള്ള വിതരണം നിര്‍ത്താന്‍ സാധിക്കുമോയെന്ന് ആരാഞ്ഞു കൊണ്ട് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ, വില്ലേജ് ഓഫിസര്‍, സമരസമിതിയായ ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കുടിവെള്ള വിതരണം തുടരാന്‍ തീരുമാനിച്ചത്. കുടിവെള്ളം തീര്‍ത്തും ഉപയോഗ ശൂന്യമായതിനാല്‍ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ടാങ്കര്‍ ലോറി വഴിയുള്ള കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നതെന്നും സമരസമിതിയുമായി നാവിക അക്കാദമി അധികൃതര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള മാലിന്യ പ്ലാന്റ് വികേന്ദ്രികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും വരെ കുടിവെള്ള വിതരണം തുടരണമെന്നും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ജന ആരോഗ്യ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. 8 മാസം കൊണ്ട് മാലിന്യ പ്ലാന്റ് വികേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നാവിക അക്കാദമി അധികൃതര്‍ രേഖാമൂലം സമരസമിതിക്ക് ഉറപ്പു നല്‍കിയതിനാല്‍ നിലവിലെ പ്ലാന്റിന് അനുമതി നല്‍കാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നീക്കം അവസാനിപ്പിക്കണമെന്നും കലക്്ടര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.രാമന്തളി, തെക്കുമ്പാട് പ്രദേശത്ത് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിച്ച് പൊതുടാപ്പുകള്‍ വഴി ജനങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ 40 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കലക്്ടര്‍ മീര്‍ മുഹമ്മദലി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എന്‍ എം കൃഷ്ണന്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍, സെക്രട്ടറി പ്രേംകുമാര്‍, വില്ലേജ് ഓഫിസര്‍ സുധീര്‍ കുമാര്‍, ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ ആര്‍ കുഞ്ഞികൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, പി കെ നാരായണന്‍, കെ പി ഹരീഷ്, സുനില്‍ രാമന്തളി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക