|    Nov 21 Wed, 2018 1:17 pm
FLASH NEWS
Home   >  Editpage  >  Editorial  >  

രാമക്ഷേത്ര മുറവിളി വര്‍ഗീയ ധ്രുവീകരണത്തിന്

Published : 5th November 2018 | Posted By: kasim kzm

1980കളുടെ അവസാനത്തിലും 90കളിലും ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷം വിഷലിപ്തമാക്കിയ വര്‍ഗീയ ശക്തികള്‍ വീണ്ടും പത്തി ഉയര്‍ത്തുകയാണ്. രാമക്ഷേത്രം പണിയാനായി 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു നടത്തിയതുപോലുള്ള പ്രക്ഷോഭം നടത്തുമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അയോധ്യയില്‍ അടുത്ത മാസം രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാം വിലാസ് വേദാന്തിയും പ്രഖ്യാപിച്ചിരിക്കുന്നു. ലഖ്‌നോയില്‍ മുസ്‌ലിം പള്ളി പണിയുമെന്ന ധാരണയില്‍ ക്ഷേത്രം പണി ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആരാണ്, ആരുമായാണ് ഈ ധാരണയില്‍ എത്തിയതെന്നു വേദാന്തി വെളിപ്പെടുത്തിയിട്ടില്ല.
1528 മുതല്‍ 421 വര്‍ഷം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ച പള്ളിയില്‍ 1949 ഡിസംബര്‍ 22ന് രാത്രി അതിക്രമിച്ചുകയറി ഗോപ്യമായി ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചതാണ് അടിസ്ഥാനപരമായ കേസ്. 1961ല്‍ ബാബരി മസ്ജിദിന്റെയും ഭൂമിയുടെയും ഉടമാവകാശം സ്ഥാപിക്കുന്നതിനു നല്‍കിയ കേസും കോടതിയിലുണ്ട്. ഈ രണ്ടു കേസുകളിലും അനുബന്ധ കേസുകളിലും രേഖകളും തെളിവുകളും അടിസ്ഥാനമാക്കി വിധി പറയാനാകും. 2010ല്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ സുപ്രിംകോടതിയിലുണ്ട്. ഈ കേസിന് അടിയന്തര പ്രാധാന്യമില്ലെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ച് ജനുവരിയില്‍ വിചാരണയ്ക്ക് എടുക്കാമെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
കോടതിയിലും നിയമവാഴ്ചയിലും വിശ്വാസമുണ്ടെന്നും കോടതിവിധി സ്വീകരിക്കുമെന്നും എല്ലാ മുസ്‌ലിം വിഭാഗങ്ങളും നേതാക്കളും പ്രഖ്യാപിച്ചതാണ്. വിധി കാത്തിരിക്കാന്‍ ക്ഷമയില്ലാതെയാണ് ഹിന്ദുത്വരുടെ നീക്കം. അയോധ്യാ പ്രശ്‌നത്തില്‍ അപമാനിതരായെന്നു ഹൈന്ദവര്‍ക്ക് തോന്നുന്നതായി അഭിപ്രായപ്പെട്ട സുരേഷ് ജോഷി, കേന്ദ്ര സര്‍ക്കാര്‍ ഭൂമി സംബന്ധമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതിനിടയ്ക്ക് ആരും ചോദിക്കാതെത്തന്നെ, കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനു ഭരണഘടനാപരമായി തടസ്സമില്ലെന്ന് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍ പറയുന്നു. പക്ഷേ, ബാബരി മസ്ജിദിലെ പ്രശ്‌നം ഒരു ആരാധനാലയത്തിനകത്ത് അതിക്രമിച്ചുകയറി വിഗ്രഹം സ്ഥാപിച്ചതും, പട്ടാപ്പകല്‍ ആ മസ്ജിദ് തച്ചുതകര്‍ത്തതുമാണ്. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല, രേഖകളും തെളിവുകളും അനുസരിച്ച് വിധി പ്രഖ്യാപിക്കേണ്ട ഉടമാവകാശപ്രശ്‌നമാണ്.
സംഘപരിവാരത്തിന്റെ രാമജന്മഭൂമി പ്രക്ഷോഭങ്ങളും രഥയാത്രയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം കൂട്ടക്കൊലകള്‍ക്ക് വഴിവച്ചിരുന്നു. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വലിയ വിടവുണ്ടാക്കുന്നതിനും ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ച് ലോകത്ത് സംശയം ഉളവാക്കുന്നതിനും അതു കാരണമായി. കഴിഞ്ഞ ദശകങ്ങളില്‍ ആ വൈകാരികതയാണ് ഹിന്ദുത്വശക്തികളെ അധികാരത്തില്‍ എത്തിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കുന്ന ദുരന്തമായി മാറിയ കേന്ദ്ര ഭരണകൂടത്തിനു ജനക്ഷേമവും വികസനവും പറയാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരമേറുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ രാമക്ഷേത്ര മുറവിളികള്‍ക്കു പിന്നിലെന്നു വ്യക്തമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss