|    Dec 18 Tue, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാമക്ഷേത്ര നിര്‍മാണ വിഷയം കത്തിച്ച് നിര്‍ത്താന്‍ ആര്‍എസ്എസ് പദ്ധതി

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം കത്തിച്ചുനിര്‍ത്താന്‍ ആര്‍എസ്എസ് പദ്ധതി. ഇതിനായി ആര്‍എസ്എസ് നാലിന പദ്ധതി തയ്യാറാക്കി. ഇതു വിഎച്ച്പിയെ ഉപയോഗിച്ചാവും ആര്‍എസ്എസ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഇന്ന് വിഎച്ച്പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 153 സ്ഥലങ്ങളില്‍ രാമക്ഷേത്ര സദസ്സുകള്‍ സംഘടിപ്പിക്കും.
ഇതില്‍ അയോധ്യ, നാഗ്പൂ ര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ലക്ഷങ്ങളെങ്കിലും പങ്കെടുക്കുന്ന വലിയ പരിപാടിയായും ബാക്കിയുള്ള 150 സ്ഥലങ്ങളില്‍ ചെറിയ സദസ്സുമായിരിക്കുമെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. രാമക്ഷേത്രത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കു മധ്യേ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന അന്തരീക്ഷം ഉണ്ടാവുന്ന വിധത്തിലാണ് ആര്‍എസ്എസിന്റെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
രാമക്ഷേത്രം ചര്‍ച്ചയാക്കി നിര്‍ത്തുന്നതോടെ സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ പ്രചാരണത്തില്‍ ചര്‍ച്ചയാവാതിരിക്കുന്നതിനൊപ്പം വര്‍ഗീയ ധ്രുവീകരണം ഗുണപരമായി ഉപയോഗിക്കാനും കഴിയുമെന്നും ആര്‍എസ്എസ് കണക്കുകൂട്ടുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളുടെ പിന്തുണ അഭ്യര്‍ഥഥിച്ചുള്ള നിവേദനം തയ്യാറാക്കാനുളള പദ്ധതിയും തയ്യാറാക്കുന്നു. ഇരുസഭയിലെയും അംഗങ്ങളെ സന്ദര്‍ശിച്ച ശേഷം നിവേദനത്തില്‍ ഒപ്പുവയ്ക്കാന്‍ വിഎച്ച്പി ആവശ്യപ്പെടും.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള വിഎച്ച്പിയുടെ നീക്കത്തെ എതിര്‍ക്കുന്ന നിലപാട് ഏതെങ്കിലും അംഗങ്ങള്‍ സ്വീകരിച്ചാല്‍, അവരുടെ മണ്ഡലത്തില്‍ ബിജെപി അതു ഫലപ്രദമായി ഉപയോഗിക്കും. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിയില്‍ ഡിസംബര്‍ ഒമ്പതിനു നടത്തുന്ന പൊതുയോഗമാണു മൂന്നാമത്തെ പദ്ധതി. ഡല്‍ഹിക്കടുത്തുള്ള സംസ്ഥാനങ്ങളായ ഹരജിയാനയിലെയും യുപിയിലെയും 20 ജില്ലകളില്‍ നിന്നുള്ള സംഘപരിവാര പ്രവര്‍ത്തകരെയും പൊതുയോഗത്തില്‍ പങ്കെടുപ്പിക്കും.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പാവും രണ്ടു ദിവസത്തെ പൊതുയോഗം നടക്കുക. ഡിസംബര്‍ 18 മുതല്‍ 27 വരെ നീണ്ടുനില്‍ക്കുന്ന ഒമ്പതു ദിവസത്തെ പ്രാര്‍ഥനകളും യാഗങ്ങളുമാണു നാലാംഘട്ടം. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാവും രാമക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി രാജ്യവ്യാപകമായി യാഗവും പ്രാര്‍ഥനകളും നടത്തുക. അതോടൊപ്പം ബിജെപി അംഗങ്ങള്‍ വിഷയം സഭയിലും ഉന്നയിക്കും.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിനു പിന്നാലെ അലഹബാദില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി ഒന്നു വരെയുള്ള ദിവസങ്ങളില്‍ വിഎച്ച്പി ‘ധര്‍മ സന്‍സദ്’ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിനാവും രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ വിഎച്ച്പി അന്തിമ പ്രഖ്യാപനം നടത്തുക. വിഎച്ച്പിയുടെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രതിഷേധ പരിപാടികള്‍ക്കിടെയാവും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം. മാര്‍ച്ചില്‍ പൊതുതിരഞ്ഞെടുപ്പിന്റെ നടപടികള്‍ക്കു തുടക്കമാവും.
1990കളിലെതിനു സമാനമായ തീവ്രസമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാവും ഫെബ്രുവരിന് ഒന്നിന് ഉണ്ടാവുക. വേണമെങ്കില്‍ 1992ലേതു പോലെ രക്തരൂഷിതമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ സുരേഷ് ഭയ്യാജി ജോഷി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss