രാമക്ഷേത്ര നിര്‍മാണം; ഭാഗവതിന്റെ പ്രസ്താവന: രാജ്യസഭയില്‍ ബഹളം
Published : 5th December 2015 | Posted By: SMR
സിദ്ദീഖ് കാപ്പന്
ന്യൂഡല്‍ഹി: രാമക്ഷേത്രം സംബന്ധിച്ച വിഷയത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരേ രാജ്യസഭയില്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രതിഷേധം. സഭ ചേര്‍ന്നയുടന്‍ പ്രതിഷേധവും ആരംഭിച്ചു. രാമക്ഷേത്രം സംബന്ധിച്ച വിഷയത്തില്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരേ സമാജ്വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍, നോട്ടീസ് നല്‍കാതെ ഈ വിഷയം ഉന്നയിക്കാനാവില്ലെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന് വ്യക്തമാക്കി. ഇതോടെ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി.
ഇതിനിടെ കേന്ദ്രമന്ത്രി വി കെ സിങ്ങിന്റെ ദലിത്വിരുദ്ധ പരാമര്‍ശത്തിനെതിരേ ബിഎസ്പി നേതാവ് മായാവതി സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. ശൂന്യവേളയില്‍ നോട്ടീസ് നല്‍കാതെ സംസാരിക്കാനാവില്ലെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന് വ്യക്തമാക്കിയെങ്കിലും മായാവതി പ്രസ്താവന തുടര്‍ന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാമുദായിക ഐക്യം തകര്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് മായാവതി വ്യക്തമാക്കി. ദലിതുകളെ നായയോട് ഉപമിച്ച സിങ്ങിനെതിരേ നപടി എടുക്കാത്തത് നിര്‍ഭാഗ്യവും ദുഃഖകരവുമാണെന്ന് മായാവതി പറഞ്ഞു. തുടര്‍ന്ന് ബിഎസ്പി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
ഇരു പാര്‍ട്ടികളും മുദ്രാവാക്യം വിളികളുമായി ബഹളം രൂക്ഷമാക്കിയതോടെ ഉപാധ്യക്ഷന്‍ സഭ 15 മിനിറ്റ് നേരത്തേക്കു നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും ബിഎസ്പി അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന സാമുദായിക സ്പര്‍ധ ഉണ്ടാക്കുമെന്ന് സമാജ്വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് ചൂണ്ടിക്കാട്ടി. സര്‍ക്കാരും ആര്‍എഎസും ഒത്തു കളിക്കുകയാണെന്നും ഭാഗവതിനെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോടതി തീരുമാനത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നുവെന്നും ക്ഷേത്രനിര്‍മാണം സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഒരാള്‍ക്ക് മൗലിക അവകാശം ഉണ്ടെന്നും പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കോടതി തീരുമാനം അനുസരിച്ചേ ക്ഷേത്രനിര്‍മാണം മുന്നോട്ടുപോവൂ. സിങ്ങിന്റെ വിഷയത്തില്‍ താന്‍ ദലിത് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു നഖ്വിയുടെ വിശദീകരണം. ഇതോടെ കോണ്‍ഗ്രസ്സും പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായെത്തി. തുടര്‍ന്ന് ഉപാധ്യക്ഷന്‍ സഭ വീണ്ടും നിര്‍ത്തിവച്ചു.
ചോദ്യോത്തര വേളയ്ക്കായി സഭ വീണ്ടും സമ്മേളിച്ചപ്പോഴും ബിഎസ്പി പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും പ്രധാനമന്ത്രി ഉചിതമായ നടപടിയെടുക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. വി കെ സിങ്ങിനെ പോലുള്ള ഒരാള്‍ ഒരു മിനിറ്റ് പോലും മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹനല്ല. സിങ്ങിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.