|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാമക്ഷേത്രം ഫാഷിസ്റ്റുകള്‍ക്ക് അധികാരം പിടിക്കാനുള്ള ആയുധം: ഇ അബൂബക്കര്‍

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: രാമക്ഷേത്രം സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് അധികാരം പിടിക്കാനുള്ള ആയുധം മാത്രമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല, മസ്ജിദാണ് നീതി എന്ന പ്രമേയത്തില്‍ ഓ ള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ബാബരി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് കേവലം മുസ്‌ലിംകളുടെ മാത്രം പ്രശ്നമല്ല. രാജ്യത്തിന്റെ നീതിയുടെയും നിയമവാഴ്ചയുടെയും പ്രശ്‌നമാണ്. ഹിന്ദുക്കള്‍ ആരാധിക്കുന്ന രാമന്‍ ഫാഷിസ്റ്റുകളുടെ കൈയിലെ കളിപ്പാട്ടമാവുകയാണ്. അവര്‍ ആരാധനാപാത്രത്തെ അവഹേളിക്കുകയാണ്. ഹിന്ദുസമൂഹം ഇതു തടയണം. പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് നല്‍കാതെ അവരെ പാഠംപഠിപ്പിക്കണം. നാലുവര്‍ഷത്തെ ഭരണത്തിലൂടെ രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ച ഫാഷിസം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി രാമന്റെ പേരില്‍ രാജ്യത്തെ വീണ്ടും കലുഷിതമാക്കാനാണു ശ്രമിക്കുന്നത്. ചെറിയ വിഷയങ്ങളെ ഊതിപ്പെരുപ്പിച്ച് കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഗോവധത്തിന്റെ പേരില്‍ തല്ലിക്കൊലകളും ആള്‍ക്കൂട്ടകൊലകളും വര്‍ധിക്കുകയാണ്. വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം കളിക്കുന്ന കാട്ടാളരോട് അരുതെന്നു പറയാന്‍ നാം തയ്യാറാവണം. മുസ്്‌ലിംകള്‍ക്ക് വേദനകളും വ്യഥകളുമുണ്ട്. അതിനു പരിഹാരം കരയുകയല്ല. സ്വന്തം കാലില്‍ ഉറച്ചുനിന്നു ക്രിയാത്മകമായി വെല്ലുവിളികളെ അതിജീവിക്കാന്‍ തയ്യാറാവുക എന്നതാണ് പോംവഴി.
പണ്ഡിതന്‍മാര്‍ സാമൂഹികശക്തിയാണ്. അവരില്‍ വിലയുള്ളവരും മൂല്യമുള്ളവരുമുണ്ട്. വിലയുള്ളവരെ അധികാരികള്‍ വിലയ്‌ക്കെടുക്കുകയും മൂല്യമുള്ളവരെ വിലക്കുകയും ചെയ്യുന്നു. മൂല്യമുള്ളവരിലൂടെയാണ് സമൂഹത്തിന്റെ വിമോചനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബാബരി മസ്ജിദ് ധ്വംസനം കേവലം ഒരു പള്ളിയുടെ പ്രശ്‌നമല്ല. ഒരു ജനതയെ ആട്ടിയോടിക്കാനും അടിച്ചൊതുക്കാനും അടിമകളാക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ബാബരി വിഷയം മറന്നുകളയാനോ നിലപാടു മാറ്റാനോ മുസ്‌ലിം സമൂഹം തയ്യാറല്ല. കനവുകളിലും നിനവുകളിലും അത് ഓര്‍മിച്ചുകൊണ്ടേയിരിക്കും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അതു കൈമാറുക തന്നെ ചെയ്യും. യഥാര്‍ഥ മതേതര മുന്നേറ്റത്തിന് രാജ്യത്തിന്റെ ഭരണം എന്ന് കൈവരുന്നുവോ അന്ന് ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. ആണ്ടുകളും നൂറ്റാണ്ടുകളും യുഗങ്ങളും അതിനു തടസ്സമാവില്ല.
ബാബരി മസ്ജിദിനു പകരം ആയിരം പള്ളി നിര്‍മിച്ചാലും പരിഹാരമാവില്ല. തകര്‍ത്ത പള്ളി യഥാസ്ഥാനത്തു തന്നെ പുനര്‍നിര്‍മിക്കപ്പെടണം. ശാന്തിയും സമാധാനവും ഒരുവിഭാഗത്തിനു മാത്രം ഏകപക്ഷീയമായി എന്നും അനുഭവിക്കാമെന്നു കരുതേണ്ട. ശാന്തിയും സമാധാനവും എല്ലാ ഇന്ത്യക്കാരനും ലഭിക്കുന്ന ഇന്ത്യയാണ് തങ്ങളുടെ സ്വപ്‌നത്തിലെ ഇന്ത്യ- അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss