|    Dec 18 Tue, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാമക്ഷേത്രം: കേന്ദ്ര തീരുമാനം ഡിസംബര്‍ 11ന്- വിഎച്ച്പി

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത അതേ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച് അടുത്തമാസം 11ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഡിസംബറില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും ഒരിക്കല്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായിത്തീരുമെന്നും വിഎച്ച്പി നേതാവ് രാംഭദ്രാചാര്യ പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതു സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 11ന് പ്രധാനമന്ത്രിയുമായും മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായും ഡല്‍ഹിയില്‍ വച്ചു ചര്‍ച്ച നടത്തും. ഇതിനായി സമയം ലഭിച്ചിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മാണം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ആര്‍എസ്എസും സംഘടിപ്പിച്ച ദ്വിദിന ധരംസഭ സരയൂതീരത്ത് ഇന്നലെ സമാപിച്ചു. മൂന്നുലക്ഷത്തോളം പേര്‍ ചടങ്ങിനെത്തിയെന്നാണ് കരുതുന്നത്. വിഎച്ച്പി ഉപാധ്യക്ഷന്‍ ചംപദ് റായിയും ആര്‍എസ്എസ് സഹമേധാവി കൃഷ്ണഗോപാലുമാണ് പരിപാടിക്കു നേതൃത്വം നല്‍കിയത്. അയോധ്യയില്‍ രാമക്ഷേത്രമെന്ന ഹിന്ദുക്കളുടെ ആവശ്യം 1992 ഡിസംബര്‍ ആറോടെ അവസാനിച്ചിട്ടില്ലെന്ന് രാജ്യത്തെ ബുദ്ധിജീവികള്‍ ഓര്‍ക്കണമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് ചംപദ് റായി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ആലോചിക്കാന്‍ ഇനിയൊരു ധരംസഭ ചേരില്ല. ഇത് അവസാനത്തേതാണ്. ഇനി ആലോചനയില്ല. രാമക്ഷേത്രം നിര്‍മിക്കുക മാത്രമാണ് ചെയ്യുക.
അതേസമയം, ബിജെപി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ശിവസേനാ മേധാവി ഉദ്ദവ് താക്കറെ പറഞ്ഞു. ഹിന്ദുക്കളുടെ വികാരംകൊണ്ട് കളിക്കുന്നത് ബിജെപി അവസാനിപ്പിക്കണം. ബിജെപി ഇപ്പോള്‍ കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലുമെല്ലാം അധികാരത്തിലാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്കു രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അയോധ്യാ സന്ദര്‍ശനത്തില്‍ യാതൊരു അജണ്ടയുമില്ല.
ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇവിടെയെത്തിയത്. ക്ഷേത്രനിര്‍മാണം സംബന്ധിച്ച ബില്ലോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ തയ്യാറായാല്‍ കേന്ദ്രസര്‍ക്കാരിനുള്ള നിരുപാധിക പിന്തുണ ശിവസേന തുടരും.
രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍, രാമക്ഷേത്ര നിര്‍മാണത്തിന് എന്താണു തടസ്സം നില്‍ക്കുന്നതെന്നും യോഗി ആദിത്യനാഥിനോട് ഉദ്ദവ് താക്കറെ ചോദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss