|    Nov 13 Tue, 2018 10:28 pm
FLASH NEWS
Home   >  National   >  

രാധികയ്ക്ക് ചെക്ക് കൈമാറിയിരുന്നുവെന്ന് എം കെ മുനീര്‍

Published : 19th June 2018 | Posted By: mtp rafeek


കോഴിക്കോട്: 2016ല്‍ ആത്മഹത്യ ചെയ്ത് ദലിത് വിദ്യാര്‍ഥി രോഹിത് വെമൂലയുടെ മാതാവ് രാധികാ വെമൂലയ്ക്ക് വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീര്‍. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്‌ലിം ലീഗ് ഒരു വാക്ക് നല്‍കിയാല്‍ അത് പാലിക്കും. ചെക്ക് മടങ്ങിയെന്ന കാര്യം വാര്‍ത്തയിലൂടെയാണ് അറിയുന്നത്. ഇതുവരെ ലീഗ് നേതാക്കളാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മുനിര്‍ പറഞ്ഞു.

വീടു നിര്‍മിക്കാന്‍ പണം നല്‍കുമെന്ന വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും മുസ്‌ലിം ലീഗ് പാലിച്ചില്ലെന്ന ആരോപണവുമായി രാധികാ വെമുല കഴിഞ്ഞ ദിവസം രംഗത്തെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹോസ്റ്റല്‍മുറിയില്‍ രോഹിത് ആത്മഹത്യ ചെയ്തു ദിവസങ്ങള്‍ക്കകമാണു കുടുംബത്തിനു സ്വന്തമായി വീട് നിര്‍മിക്കാന്‍ 20 ലക്ഷം രൂപ നല്‍കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്.

വീടിനായി വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിലുള്ള കൊപ്പുരാവുരുവില്‍ ലീഗ് സ്ഥലം കണ്ടെത്തിയെന്നും പറഞ്ഞിരുന്നു. കേരളത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത ചടങ്ങിലാണു ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി ലീഗ് സംഭവം ഉപയോഗിക്കുകയായിരുന്നെന്നു രാധിക ആരോപിച്ചതായായിരുന്നു വാര്‍ത്ത.

അതേ സമയം, വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് മുസ്്‌ലിം ലീഗ് തന്നെ പറ്റിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല. മുസ്ലിം ലീഗ് 20 ലക്ഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുവെന്നും പകരമായി തന്നെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്നും രാധിക പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ രാധിക തന്നെ രംഗത്തെത്തിയിരിക്കുന്നത്.

അമ്മയെ പ്രതിരോധിച്ചു കൊണ്ട് രോഹിതിന്റെ സഹോദരന്‍ രാജ് വെമൂലയും വിശദീകരണ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തന്നെയും സഹോദരനെയും അപമാനിക്കാനായി ആരോ തന്റെ  ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞു തുടങ്ങുന്നതാണ് രാജ് വെമൂലയുടെ പോസ്റ്റ്.

‘ചെക്കുകളൊന്നും ബൗണ്‍സ് ആയിട്ടില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് തിരസ്‌കരിക്കപ്പെട്ടത്. ഭൂമി വാങ്ങാന്‍ അഡ്വാന്‍സായി അവര്‍ ഇതുവരെ അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. റമദാനു ശേഷം 10 ലക്ഷം രൂപ കൂടി തരുമെന്നും പരഞ്ഞിരുന്നു. ബിജെപിക്കെതിരേ നിലകൊള്ളുന്ന ആര്‍ക്ക് വേണ്ടയിയും ഞാന്‍ കാമ്പയിന്‍ ചെയ്യും. ലേഖനത്തിലൂടെ പ്രചരിക്കുന്നതെല്ലാം തെറ്റാണ് എന്നും രാജ് വെമൂലയുടെ പോസ്റ്റില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss