|    Aug 21 Mon, 2017 8:03 am
FLASH NEWS

രാത്രിയില്‍ പരിശോധനയില്ല; അനധികൃത തട്ടുകടകള്‍ വ്യാപകമാവുന്നു

Published : 9th August 2017 | Posted By: fsq

 

ചാവക്കാട്: വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ എണ്ണം തീരദേശ മേഖലയില്‍ വര്‍ധിക്കുന്നു. ഫാസ്റ്റ് ഫുഡ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കുഞ്ഞന്‍ കടകള്‍ തേടിവരുന്നവര്‍ ഏറെയാണ്. പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ ‘ഡ്യൂട്ടി’ സമയം കഴിഞ്ഞതിന് ശേഷമാണ് തട്ടുകളില്‍ പലതും തുറക്കുന്നത് തന്നെ. പകല്‍ സമയത്ത് തന്നെ പരിശോധിക്കാന്‍ നേരമില്ല അപ്പോഴാണ് രാത്രിയെന്നാണ് അധികൃതരുടെ ഭാവം. മഴക്കാലമായതോടെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലതും മൂടിവെക്കാറുപോലുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. മിക്ക തട്ടുകടകളിലും പാചകക്കാരും വെയിറ്റര്‍മാരും അന്യസംസ്ഥാന തൊഴിലാളികളാണ്. ടാര്‍പോളീന്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ചാണ് പലയിടത്തും ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ടൗണുകളിലെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകള്‍ക്ക് മുകളില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഇത്തരം തട്ടുകടകള്‍ മിക്കതും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലുമില്ലാതെയാണ് പലതട്ടിക്കൂട്ട് റസ്‌റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ പലതും നിഷ്‌ക്രിയമാണ്. രേഖാമൂലം പരാതി കൊടുത്താല്‍പോലും ആരും തിരിഞ്ഞുനോക്കാറില്ല. സാമൂഹ്യപ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകളും മൗനത്തിലാണ്. ഭക്ഷണകാര്യത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നറിയാവുന്ന തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മുഖംതിരിച്ചിരിപ്പാണ്. 50 രൂപക്ക് ബിരിയാണി ലഭിക്കുന്ന കടകളില്‍ രാവിലെ മുതല്‍ തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. അജിനോമോട്ടോയും വിലകുറഞ്ഞ അരിയും വേവിച്ച് കളറുകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ഇറച്ചിയും ചേര്‍ത്താല്‍ ബിരിയാണി തയ്യാര്‍. വിലക്കുറവിന്റെ ആകര്‍ഷണതയില്‍ കഴിക്കുന്ന ഭക്ഷണം ആയുസ് കുറക്കുമെന്ന് പലരും ചിന്തിക്കുന്നതേയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക